തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രങ്ങളുടെ സ്‌പോര്‍ട്സ് പേജിലൂടെയാണ് രാഹുല്‍ ദ്രാവിഡ് എന്ന പേര് ശ്രദ്ധിച്ചുതുടങ്ങുന്നത്. ഓരോ വര്‍ഷവും ജൂനിയര്‍ ക്രിക്കറ്റിലും രഞ്ജിട്രോഫിയിലും മികച്ച സ്‌കോറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ ചെറുപ്പക്കാന്‍ ഗുണ്ടപ്പ വിശ്വനാഥിന്റെ പിന്തുടര്‍ച്ചക്കാരനാവുമോ എന്നായിരുന്നു അന്ന് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍.
രഞ്ജിട്രോഫി മേഖലാ അടിസ്ഥാനത്തില്‍ കളിച്ചിരുന്ന ആ കാലത്ത്, കേരളത്തിന്റെ ക്രിക്കറ്റ് താരങ്ങളായിരുന്ന സുനില്‍ ഒയാസിസും അനന്തപദ്മനാഭനും വഴിയാണ് രാഹുല്‍ ദ്രാവിഡുമായി അടുക്കുന്നത്. മാതൃഭൂമിക്കുവേണ്ടി മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടത്തിയ യാത്രകള്‍ക്കിടെ ബെംഗളൂരുവിലും ഗോവയിലും ചെന്നൈയിലും ധാക്കയിലും ശ്രീലങ്കയിലുമൊക്കെവെച്ച് രാഹുല്‍ ദ്രാവിഡ് എന്ന വ്യക്തിയെയും ക്രിക്കറ്ററെയും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ പരിചയം ചെന്നെത്തിയത് മാതൃഭൂമി സ്‌പോര്‍ട്സ് മാസികയില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിലും പിന്നീട് അത് പുസ്തകമായി പുറത്തിറക്കുന്നതിലുമാണ്.
ആ പുസ്തകം അദ്ദേഹംതന്നെ പ്രകാശനം ചെയ്തു. രണ്ടരപ്പതിറ്റാണ്ടത്തെ പരിചയംപുതുക്കല്‍ കൂടിയായിരുന്നു കഴിഞ്ഞദിവസം തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള സ്‌പോര്‍ട്സ് ഹബ്ബില്‍വെച്ച് രാഹുല്‍ ദ്രാവിഡുമായി നടത്തിയ ഈ അഭിമുഖം
- കളിക്കാരന്‍ എന്നനിലയില്‍ വിജയകരമായ ഒരു ക്രിക്കറ്റ് ജീവിതത്തിനുശേഷം എന്തുകൊണ്ട് പരിശീലകന്റെ വേഷം ഏറ്റെടുത്തു; പ്രത്യേകിച്ചും ക്രിക്കറ്റ് കമന്റേറ്റര്‍, ക്രിക്കറ്റ് ഭരണാധികാരി എന്നിങ്ങനെയുള്ള എളുപ്പവും ആദായകരവുമായ സാധ്യതകളുണ്ടായിരുന്നപ്പോള്‍
ക്രിക്കറ്റ് കമന്ററി, ഭരണം എന്നിവ ലാഭകരവും എളുപ്പമുള്ളതുമാണോ എന്നറിയില്ല. ഓരോന്നും ഓരോതരം വെല്ലുവിളിയാണ്. പരിശീലകന്‍ എന്ന റോള്‍ ഞാന്‍ ആസ്വദിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ രക്ഷാധികാരിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പരിശീലകദൗത്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. കളിക്കാരെ വാര്‍ത്തെടുക്കുകയെന്നത് എന്നെസംബന്ധിച്ചിടത്തോളം തീര്‍ത്തും സ്വാഭാവികമായ തുടര്‍ച്ചയാണ്. യുവകളിക്കാര്‍ക്കുവേണ്ടി പരിശീലനപരിപാടികള്‍ രൂപപ്പെടുത്തുക, അവ ആസൂത്രിതമായി നടപ്പാക്കുക, കളിക്കാരെ കഴിവുകള്‍ വികസിപ്പിക്കുന്ന പ്രക്രിയ ആസ്വദിപ്പിക്കുക ഇതൊക്കെ എനിക്ക് തൃപ്തിനല്‍കുന്ന കാര്യങ്ങളാണ്. നാലുവര്‍ഷമായി ഇന്ത്യ എ ടീമിനും ഇന്ത്യ അണ്ടര്‍-19 ടീമിനുംവേണ്ടി സന്തോഷത്തോടെ ഇതുചെയ്യുന്നു.
- ഓരോ പരിശീലകനും ഓരോ ശൈലിയുണ്ട്. എന്താണ് പരിശീലകന്‍ എന്ന നിലയില്‍ താങ്കളുടെ തത്ത്വശാസ്ത്രം
പരിശീലകന്റെ ജോലി കളിയുടെ സാങ്കേതികവശങ്ങള്‍ പഠിപ്പിക്കുന്നതില്‍മാത്രം ഒതുങ്ങുന്നില്ല. ഒരു ക്രിക്കറ്ററെയല്ല ഞാന്‍ പരിശീലിപ്പിക്കുന്നത്, ഒരു വ്യക്തിയെയാണ്. ഒരു വ്യക്തി എന്നനിലയില്‍ എന്റെ ശിഷ്യന്റെ മികവ് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഒരു ചെറുപ്പക്കാരന് ആത്മവിശ്വാസത്തോടെ വളരാനുള്ള സാഹചര്യമൊരുക്കുക. അയാള്‍ക്കുമുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതിലൂടെ അയാളെ വളരാന്‍ അനുവദിക്കുന്നു. സാഹചര്യമനുസരിച്ച് കുറേക്കൂടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അയാളെ നിര്‍ബന്ധിക്കുന്നു. ചിലപ്പോള്‍ അയാളെ പരിരക്ഷിക്കുന്നു. പരിശീലനത്തിന്റെ ഈ വശമാണ് ഞാന്‍ ആസ്വദിക്കുന്നത്.
- ഇന്ത്യന്‍ ടീമില്‍ സ്ഥാനംനേടിയ, താങ്കളുടെ ഏറ്റവും ഒടുവിലത്തെ ശിഷ്യന്‍ മായങ്ക് അഗര്‍വാളാണ്. മായങ്ക് പറഞ്ഞത് മാനസികോര്‍ജം കാത്തുസൂക്ഷിച്ച് എങ്ങനെ ഇന്നിങ്സ് കെട്ടിപ്പടുക്കണമെന്ന് പഠിപ്പിച്ചത് താങ്കളാണെന്നാണ്. എന്തുതരം പരിശീലകനാണ് താങ്കള്‍? കര്‍ക്കശക്കാരനാണോ അതോ സ്‌നേഹസമ്പന്നനായ ജ്യേഷ്ഠനാണോ? അതോ രണ്ടിനും ഇടയിലുള്ള ഒന്നാണോ
എനിക്കറിയില്ല. കുട്ടികളാണ് അതിന് ഉത്തരംപറയേണ്ടത്. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി പരിശീലനം നല്‍കുന്നയാളാണ് ഞാന്‍. ചിലപ്പോള്‍ ശകാരിക്കേണ്ടിവരും. എന്നാല്‍, വെറുതേ കര്‍ക്കശക്കാരനാകുന്നതില്‍ കാര്യമില്ല. യുവകളിക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വബോധം പകര്‍ന്നുനല്‍കുന്നതിലാണ് ഞാന്‍ മുന്‍ഗണനനല്‍കുന്നത്. അവരുടെ മുന്നൊരുക്കങ്ങളുടെയും പ്രവൃത്തികളുടെയും ഉത്തരവാദിത്വം അവര്‍തന്നെ ഏറ്റെടുക്കണം. താന്‍തന്നെയാണ് തന്റെ ഏറ്റവും മികച്ച പരിശീലകന്‍ എന്നനിലയിലേക്ക് അവര്‍ വളരണം. മറ്റാരെക്കാളും തന്റെ കളിയുടെ സൂക്ഷ്മവശങ്ങളും ശക്തിയും ദൗര്‍ബല്യവും അയാള്‍തന്നെ മനസ്സിലാക്കണം. അതിന് അവരെ പ്രാപ്തരാക്കുക എന്നതിലാണ് എന്റെ ശ്രദ്ധ.
- ട്വന്റി-ട്വന്റി ക്രിക്കറ്റിന് ജനപ്രീതിയേറുന്ന സമയത്താണ് താങ്കള്‍ 2012-ല്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ക്രിക്കറ്റിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്
നിസ്സംശയമായും കളിയുടെ ജനപ്രീതി വര്‍ധിച്ചു. ക്രിക്കറ്റിന്റെ ശക്തികേന്ദ്രങ്ങളല്ലാതിരുന്ന ചെറുപട്ടണങ്ങളില്‍നിന്ന് കളിക്കാര്‍ ദേശീയടീമില്‍ എത്തിത്തുടങ്ങി. കേരളം പോലൊരു ടീം രഞ്ജിട്രോഫിയുടെ സെമിഫൈനല്‍ കളിക്കുന്നു. ഞാനൊക്കെ കളിക്കുന്ന കാലത്ത് ഇങ്ങനെ ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. അന്ന്, അതായത് രഞ്ജിട്രോഫിയില്‍ മേഖലാ അടിസ്ഥാനത്തില്‍ കളിക്കുന്ന കാലത്ത്, കേരളം നോക്കൗട്ട് റൗണ്ടില്‍ കടന്നാല്‍ത്തന്നെ അതൊരു വലിയ കാര്യമായിരുന്നു. എന്നാലിപ്പോള്‍, കേരളത്തിന് രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജിട്രോഫി ജയിക്കുന്ന കാര്യം സ്വപ്നം കാണാം എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.
- ഏകദിനവും ഇപ്പോള്‍ ട്വന്റി-ട്വന്റിയും ക്രിക്കറ്റിനെ ഏറെ സ്വാധീനിക്കുന്നുവെന്നത് ശരിയാണ്. ബാറ്റിങ്ങിന്റെ നിലവാരത്തെ അത് കുറച്ചെങ്കിലും ബാധിച്ചിട്ടില്ലേ? ഇതുചോദിക്കാന്‍ കാരണം, ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റിങ് തകര്‍ച്ച സര്‍വസാധാരണമായിരിക്കുന്നു. ഇന്ന് ടെസ്റ്റ് മത്സരങ്ങളില്‍ പലതും മൂന്നാം ദിവസവും നാലാംദിവസവും അവസാനിക്കുന്നു. ബാറ്റ്‌സ്മാന്‍ഷിപ്പ് എന്ന സംഗതിക്ക് കോട്ടംതട്ടി എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്.
നിലവാരമുള്ള പിച്ചുകളില്‍ സ്വിങ് ബൗളിങ്ങിനെയും ഫാസ്റ്റ് ബൗളിങ്ങിനെയും നേരിടുമ്പോള്‍ ബാറ്റിങ്ങിന്റെ പ്രതിരോധാത്മകമായ വശം (റലളലിശെ്‌ല ലേരവിശൂൗല) അല്‍പം താഴേക്കുപോയിട്ടുണ്ട്. എന്നാല്‍, ഇതിന് മറുവശമുണ്ട്. ബാറ്റിങ്ങിന്റെ അക്രമോത്സുകഭാവത്തിന് മികവേറി. ഷോട്ടുകളുടെ വൈവിധ്യമേറി, ബാറ്റിങ് കുറേക്കൂടി പോസിറ്റീവായി, പുതിയ സ്ട്രോക്കുകള്‍ കണ്ടെത്തപ്പെടുന്നു, സിക്‌സറുകളുടെ എണ്ണം കൂടി, പ്രതിരോധം അല്‍പമൊന്ന് പാളിയെങ്കിലും അക്രമോത്സുകത സര്‍ഗാത്മകമായി. ബാറ്റിങ് വിലയിരുത്തപ്പെടേണ്ടത് ഇവ രണ്ടുംചേര്‍ന്ന സമഗ്രമായൊരു പരിപ്രേക്ഷ്യത്തിലാണ്.
- ഒന്നാംകിട പേസ് ബൗളര്‍മാരെയും സ്പിന്‍ ബൗളര്‍മാരെയും നേരിട്ടാണ് താങ്കളുടെ തലമുറ ക്രിക്കറ്റില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്. ഇത്തരം പ്രതിഭാശാലികളുടെ അഭാവം ഇപ്പോഴത്തെ ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു അനുഗ്രഹമായി എന്നു തോന്നിയിട്ടില്ലേ
ഇന്നത്തെ ബൗളര്‍മാര്‍ കാലാന്തരത്തില്‍ പ്രതിഭാശാലികളുടെ നിരയിലേക്ക് ഉയരും. ഏത് കായിക ഇനമായാലും ശരി, നിലവാരം ഉയര്‍ന്നുകൊണ്ടേയിരിക്കുമെന്നതാണ് സത്യം. മുന്‍കാലത്തെ അപേക്ഷിച്ച് സ്പ്രിന്റര്‍മാര്‍ വേഗത്തില്‍ ഓടുന്നില്ലേ, നീന്തല്‍ത്താരങ്ങള്‍ സമയം മെച്ചപ്പെടുത്തുന്നില്ലേ, ത്രോ ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ ദൂരങ്ങള്‍ മെച്ചപ്പെടുത്തുന്നില്ലേ... ക്രിക്കറ്റില്‍മാത്രം ഈ മെച്ചപ്പെടല്‍ സംഭവിക്കാതിരിക്കില്ല. ഇന്നത്തെ പല ക്രിക്കറ്റര്‍മാരും നാളെ മഹാന്മാരാകും. മഹത്തുക്കളാകാന്‍ വേണ്ടത്ര മത്സരങ്ങള്‍ ഇപ്പോള്‍ അവര്‍ കളിച്ചിട്ടില്ലെന്നുമാത്രം. വെസ്റ്റിന്‍ഡീസും ഓസ്ട്രേലിയയും പോലുള്ള പരമ്പരാഗതശക്തികള്‍ക്ക് ഇപ്പോള്‍ അത്ര നല്ല സമയമല്ല. എന്നാല്‍, രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ അവര്‍ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാത്തിനും എന്നതുപോലെ ക്രിക്കറ്റിനും ചാക്രികസ്വഭാവമുണ്ട്.
- രാഹുല്‍, 1996-ല്‍ ലോഡ്സില്‍ ഗംഭീരമായ അരങ്ങേറ്റത്തോടെയാണ് താങ്കള്‍ ക്രിക്കറ്റിലെത്തുന്നത്. താങ്കള്‍ 16 വര്‍ഷം ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു. പല മത്സരങ്ങളിലും ഇന്ത്യയെ തോല്‍വിയില്‍നിന്ന് കരകയറ്റുന്ന ഇന്നിങ്സുകള്‍ കളിച്ചു. ആത്മസംതൃപ്തി തോന്നിയ ഇന്നിങ്സുകള്‍ ഏതൊക്കെയായിരുന്നു
തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ക്രിക്കറ്റ് ജീവിതമൊന്നാകെ സംതൃപ്തിദായകമായിരുന്നു. ഒരു ഇന്നിങ്സ് മാത്രമായിട്ട് എടുത്തുപറയാനാവില്ല. അഡ്ലെയ്ഡിലെ 233 റണ്‍സ്, റാവല്‍പിണ്ടിയിലെ 270 റണ്‍സ്, വി.വി.എസ്. ലക്ഷ്മണുമൊത്ത് കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനം, വളരെ കാലത്തിനുശേഷം വെസ്റ്റിന്‍ഡീസിലും ഇംഗ്ലണ്ടിലും പരമ്പര ജയിച്ചത്... ഇതൊക്കെ സന്തോഷം തരുന്ന ഓര്‍മകളാണ്. എന്നാല്‍, ഇതായിരുന്നു എനിക്ക് ഏറ്റവും സംതൃപ്തി നില്‍കിയ പ്രകടനമെന്ന് പറയാനാകില്ല.
- 1998-ലെ ഒരു ചെറിയ ഇടവേള മാറ്റിനിര്‍ത്തിയാല്‍, ഏറക്കുറെ സ്ഥിരതയാര്‍ന്ന ഒരു ക്രിക്കറ്റ് ജീവിതമാണ് താങ്കളുടേത്. ഏകദിനമത്സരങ്ങളില്‍ സിംഗിളുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു എന്നതായിരുന്നു അന്ന് താങ്കള്‍ക്കുനേരെ ഉയര്‍ന്ന വിമര്‍ശം. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റ്സ്മാനായി താങ്കള്‍. എങ്ങനെയാണ് ഈ പരീക്ഷണകാലഘട്ടത്തെ തരണംചെയ്തത്.
വിചാരിച്ചതുപോലെ ബാറ്റുചെയ്യാന്‍ കഴിയാഞ്ഞപ്പോള്‍ കടുത്ത നിരാശയും ദേഷ്യവും തോന്നി. എന്റെ ബാറ്റിങ് മെച്ചപ്പെടേണ്ടതുണ്ടെന്ന് പതുക്കെ എനിക്ക് ബോധ്യമായി. ഈ ആത്മബോധത്തില്‍ നിന്നാണ് തുടങ്ങിയത്. ഏകദിന ബാറ്റിങ് മെച്ചപ്പെടുത്താന്‍ കടുത്ത പരിശീലനം തുടങ്ങി. ഈ ഘട്ടത്തില്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിലെ എന്റെ കോച്ച് കേകി താരാപ്പുരിന്റെ സഹായം ഏറെ ഗുണംചെയ്തു.
- 164 ടെസ്റ്റ് കളിച്ചു. ഒട്ടേറെ മികച്ച ബൗളര്‍മാരെ നേരിട്ടു. ഇവരില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ആരെയാണ്
നേരിടാന്‍ ബുദ്ധിമുട്ടുള്ളവരായിരുന്നു പാകിസ്താന്റെ വസീം അക്രമും വഖാര്‍ യൂനിസും വെസ്റ്റിന്‍ഡീസിന്റെ കോട്ട്ണി വാള്‍ഷും ആംബ്രോസുമൊക്കെ. എന്നാല്‍, എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമായിരുന്നു. മഗ്രാത്തിനെ അദ്ദേഹത്തിന്റെ നല്ലകാലത്ത് നേരിടേണ്ടിവന്നു. ലൈനും ലെങ്തും പന്തിന്മേലുള്ള നിയന്ത്രണവുമായിരുന്നു മഗ്രാത്തിനെ അപകടകാരിയാക്കിയത്. സാങ്കേതികതയിലും തന്ത്രജ്ഞതയിലും അഗ്രഗണ്യനായിരുന്നു മഗ്രാത്ത്. മറ്റാരെക്കാളും എനിക്ക് വെല്ലുവിളിയുയര്‍ത്തിയത് മഗ്രാത്തായിരുന്നു. മുത്തയ്യ മുരളീധരന്‍ പന്ത് എങ്ങനെയും കുത്തിത്തിരിക്കുന്ന സ്പിന്നറായിരുന്നു. അദ്ദേഹത്തിന്റെ പന്തുകള്‍ നേരിടുന്നതും പ്രയാസകരമായിരുന്നു. എന്റെ ഭാഗ്യമെന്ന് പറഞ്ഞാല്‍മതി, അനില്‍ കുംബ്ലെയെയും ഹര്‍ഭജനെയും നേരിടേണ്ടിവന്നില്ല.
- മികച്ച സ്ലിപ്പ് ഫീല്‍ഡര്‍ എന്നനിലയില്‍ എതിര്‍ടീമിലെ പല പ്രഗല്‍ഭ ബാറ്റ്‌സ്മാന്‍മാരെയും വളരെ അടുത്തുനിന്ന് ശ്രദ്ധിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടല്ലോ. ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍
വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറ. ലാറയുടെ ഉയര്‍ന്ന ബാക്ക് ലിഫ്റ്റും ബാറ്റിങ്ങിലെ ഒഴുക്കും ഒന്നു വേറെത്തന്നെയായിരുന്നു. മറ്റൊരാള്‍ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങാണ്.
- കളിയുടെ മൂന്നു രൂപവും ഒരേപോലെ നിലനില്‍ക്കുന്ന ഏക കായികയിനമാണ് ക്രിക്കറ്റ്. ഒരു കളിക്കാരന്റെ ഏറ്റവും വലിയ പരീക്ഷണം ടെസ്റ്റ് ക്രിക്കറ്റാണ്. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി അപകടത്തിലാണെന്ന് വിലയിരുത്തലുകളുണ്ട്. താങ്കള്‍ എന്തുകരുതുന്നു.
ടെസ്റ്റ് ക്രിക്കറ്റ് വെല്ലുവിളി നേരിടുന്നുണ്ട് എന്നത് ശരിതന്നെ. അഞ്ചുദിവസവും ഗ്രൗണ്ടിലെത്തി കളികാണുകയെന്നത് ഇക്കാലത്ത് പ്രായോഗികമല്ല. എന്നാല്‍, മികച്ച പോരാട്ടങ്ങള്‍ക്ക് കാണികള്‍ ഗ്രൗണ്ടിലെത്തുന്നുണ്ട്. ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയും അതിന് ഉദാഹരണങ്ങളാണ്. പലതും അതിജീവിച്ചാണ് ടെസ്റ്റ്ക്രിക്കറ്റ് ഇതുവരെ എത്തിയത്. ഇതും അതിജീവിക്കും.
- ജൂനിയര്‍തലത്തിലും രഞ്ജി ട്രോഫിയിലും കേരളത്തിനെതിരേ താങ്കള്‍ ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടല്ലോ. കേരളത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന താരങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ?
വളരെമുമ്പുതന്നെ കേരളത്തില്‍നിന്ന് മികച്ച അത്ലറ്റുകളും മികച്ച ഫുട്ബോള്‍-വോളിബോള്‍ ടീമുകളും ഉയര്‍ന്നുവരുന്നത് ശ്രദ്ധിച്ചിരുന്നു. മികച്ച സാഹചര്യങ്ങളൊരുക്കിയാല്‍ കേരളത്തില്‍നിന്ന് മികച്ച ക്രിക്കറ്റര്‍മാരും ഉയര്‍ന്നുവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ടിനു യോഹന്നാനും ശ്രീശാന്തിനും പിന്നാലെ മികച്ച യുവനിരയാണ് കേരളത്തില്‍നിന്ന് വരുന്നത്. സഞ്ജു സാംസണും ബേസില്‍ തമ്പിയും സന്ദീപ് വാര്യരുമൊക്കെ എന്റെ കീഴില്‍ ജൂനിയര്‍ ടീമില്‍ കളിച്ചവരാണ്. സഞ്ജു മികച്ച ബാറ്റ്സ്മാനാണ്. നന്നായി അധ്വാനിച്ചാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തിരികെയെത്താന്‍ സാധിക്കും.
- വി.വി.എസ്. ലക്ഷ്മണിന്റെ ജീവചരിത്രഗ്രന്ഥത്തില്‍ താങ്കളുടെ മികവിനെ വളരെയേറെ പ്രകീര്‍ത്തിക്കുന്നുണ്ട് ക്രിക്കറ്റര്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ഒപ്പം പ്രവര്‍ത്തിച്ചവരില്‍വെച്ച് മാതൃകാപുരുഷന്‍ എന്നാണ് ലക്ഷ്മണ്‍ താങ്കളെ വിശേഷിപ്പിക്കുന്നത്. ഒപ്പം വിഷ്വലൈസേഷന്‍ ടെക്നിക്കിന്റെ ആചാര്യന്‍ എന്നാണ് താങ്കളെ വിശേഷിപ്പിക്കുന്നത്. എന്താണിതെന്ന് വിശദീകരിക്കാമോ
ലക്ഷ്മണിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി. വിഷ്വലൈസേഷന്‍ ടെക്നിക് റോക്കറ്റ് സാങ്കേതികവിദ്യപോലെ സങ്കീര്‍ണമൊന്നുമല്ല. മത്സരത്തിനുമുമ്പുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണത്. അടുത്തദിവസം ഗ്രൗണ്ടില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ക്കാണുന്നു. ബൗളര്‍മാരുടെ റണ്ണപ്പ് മനസ്സില്‍ കാണുന്നു. അവരെ ആത്മവിശ്വാസത്തോടെ നേരിടുന്നതായി സങ്കല്‍പിക്കുന്നു. എന്റെ ഉപബോധമനസ്സിനെ ഇപ്രകാരം സജ്ജീകരിക്കുന്ന ഒരു വിദ്യയാണിത്. ഇതുമാത്രമല്ല, ഞാന്‍ യോഗയും മറ്റ് മാനസികപരീക്ഷണങ്ങളും നടത്തിയിരുന്നു. ഇതില്‍ എനിക്ക് ഏറ്റവും ഉപകരിക്കുന്നതെന്ന് തോന്നിയത് പരിശീലിച്ചു.
സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്
സ്‌പോര്‍ട്‌സ് മാസിക ഓണ്‍ലൈനില്‍ വാങ്ങിക്കാം
- ഓസ്ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോ തന്റെ ആത്മകഥ എഴുതിയപ്പോള്‍ അവതാരികയെഴുതാന്‍ ആവശ്യപ്പെട്ടത് രാഹുലിനോടാണ്. എന്താണ് താങ്കളെത്തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം
ഞാന്‍ എന്നും ആരാധനയോടെ കണ്ട ക്രിക്കറ്ററാണ് സ്റ്റീവ് വോ. കളിക്കാരന്‍ എന്നനിലയില്‍ മാത്രമല്ല, വോയുടെ വ്യക്തിപ്രഭാവവും എന്നെ ആകര്‍ഷിച്ചു. തന്റെ പ്രതിഭമുഴുവന്‍ കളിക്കളത്തില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തില്‍ ഞാന്‍ കണ്ടെത്തിയ ഗുണം. 1998-ല്‍ ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. അദ്ദേഹത്തില്‍നിന്ന് ഞാന്‍ ഏറെ പഠിച്ചു.
ഏതുകാര്യത്തെയും കൃത്യമായ പദ്ധതിയോടെ സമീപിക്കുന്നയാളാണ് രാഹുല്‍ ദ്രാവിഡ്. ചെറുപ്പത്തില്‍ ക്രിക്കറ്റില്‍ പിച്ചവെച്ചുതുടങ്ങുമ്പോള്‍, കളിക്കൊപ്പം പഠിത്തവും കൊണ്ടുനടന്ന ദ്രാവിഡ്, സഹോദരന്‍ വിജയ്യുടെ രക്ഷാകര്‍ത്താവുകൂടിയായിരുന്നുവെന്ന് അമ്മ പുഷ്പ പറഞ്ഞത് ഓര്‍മവരുന്നു. കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തിലും ദ്രാവിഡിന് ശ്രദ്ധയുണ്ട്. കര്‍ണാടക ജൂനിയര്‍ ടീം അംഗമായ മകന്‍ സമിത്തിനും അന്വയ്ക്കും ഭാര്യ വിജേതയ്ക്കുംവേണ്ടി രാഹുല്‍ ദ്രാവിഡ് സമയം കണ്ടെത്തും. ഒപ്പം ക്രിക്കറ്റുമുണ്ടാവും.
Content Highlights: rahul dravid interview Indian Cricket Team