കൊച്ചി: സിന്ധു അന്ന് പറഞ്ഞ വാക്കുപാലിച്ചു, ഫൈനല്‍ തോല്‍വിയെപ്പറ്റി ഇനിയാര്‍ക്കും ചോദിക്കേണ്ടി വരില്ലെന്ന് ഉറച്ചശബ്ദത്തില്‍ പറഞ്ഞ വാക്കുകളെ യാഥാര്‍ഥ്യമാക്കി ലോക ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു.

രണ്ടുമാസംമുമ്പ് 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ഫൈനലിലെ തോല്‍വികളെക്കുറിച്ചും വരാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ചും മനസ്സുതുറന്നത്. ''ഫൈനലുകളില്‍ തോല്‍ക്കുമ്പോള്‍ കടുത്ത നിരാശ തോന്നിയിട്ടുണ്ട്. കളി കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തി ആരും കാണാതെ കരഞ്ഞിട്ടുണ്ട്. പിന്നീട് സ്വയം ആശ്വസിപ്പിക്കും. നഷ്ടപ്പെട്ടത് ചെറുതാണ്, വലിയ നേട്ടം വരാനിരിക്കുന്നതേയുള്ളൂ എന്ന് സ്വയം പറയും'' -സിന്ധു അന്ന് പറഞ്ഞു.

കലാശപ്പോരാട്ടങ്ങളില്‍ കാലിടറിപ്പോകുന്ന താരം എന്ന പേര് മാറ്റണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഇനി ആര്‍ക്കും അങ്ങനെ ചോദിക്കേണ്ടിവരില്ലെന്ന് സിന്ധു ആത്മവിശ്വാസത്തോടെ മറുപടിനല്‍കി. ''തോല്‍വി നല്‍കിയ നിരാശയുടെ നടുവില്‍നില്‍ക്കുന്നൊരാള്‍ക്ക് ആദ്യമൊക്കെ ആ ചോദ്യം അസഹനീയമായിരുന്നു. ആരാധകര്‍ക്ക് എന്നിലുള്ള പ്രതീക്ഷയില്‍നിന്നുണ്ടായ ചോദ്യമാണതെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ജയിക്കാന്‍ വേണ്ടിയാണ് എല്ലാ കളിക്കാരും കോര്‍ട്ടില്‍ ഇറങ്ങുന്നത്. പക്ഷേ, എല്ലാ ദിവസങ്ങളും ഒരുപോലെയാവില്ല. നന്നായി കളിച്ചാലും നിര്‍ഭാഗ്യം നമ്മളെ പിന്‍തുടരും. എന്റെ കാര്യത്തില്‍ ആ നിര്‍ഭാഗ്യം വിടാതെ പിന്തുടര്‍ന്നു. അതാണ് മാധ്യമങ്ങളും ആരാധകരും പറഞ്ഞ എന്റ ഫൈനല്‍ ഫോബിയ''-അന്ന് സിന്ധു പറഞ്ഞു. 

ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. ''2020-ലെ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ എത്ര കഠിന പരിശീലനത്തിനും തയ്യാറാണ്. ഇടറിപ്പോയ മത്സരങ്ങളില്‍നിന്നുതന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജം നേടുന്നു''. രണ്ട് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വീഴ്ചയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സിന്ധു ജയിച്ചിരിക്കുന്നു, വാക്കുപാലിച്ചിരിക്കുന്നു.

Content Highlights: PV Sindhu on final loss Interview Badminton