മിയ അഫ്‌സര്‍ ഇന്ത്യയില്‍ വന്നിട്ടില്ല. കഷ്ടിച്ചൊരു മുപ്പത് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള അയല്‍രാജ്യത്തെ പറ്റി അത്ര വലിയ ധാരണയുമില്ല ഈ എട്ടു വയസ്സുകാരിക്ക്. പക്ഷേ, അവിടെ മനസ്സിൽ ഇടം നല്‍കിയൊരാളുണ്ട്. വിരാട് കോലി. ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. കാരണം ലളിതം. ലാഹോറുകാരി സമിയക്ക് ക്രിക്കറ്റ് കഴിഞ്ഞേ മറ്റെന്തുമുള്ളൂ. പാട്ടിന്റെയോ പഠനത്തിന്റെയോ പേരിലല്ല, ക്രിക്കറ്റിന്റെ പേരിലാണിന്നവള്‍ പാകിസ്താന്റെ അകത്തും പുറത്തും അറിയപ്പെടുന്നത്. രാജ്യത്തിനുവേണ്ടിയോ സ്‌കൂളിനു വേണ്ടിപോലുമോ കളിച്ചിട്ടില്ല. എന്നിട്ടും ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുണ്ണിയാണവള്‍. എല്ലാറ്റിനും കാരണം ഒരൊറ്റ വീഡിയോയാണ്. നെറ്റ് പ്രാക്ടീസിന്റെ ആ ഒരു വീഡിയോ കൊണ്ടാണവള്‍ സാക്ഷാല്‍ ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരുടെ മനസ്സ് കീഴടക്കിക്കളഞ്ഞത്. ഇവള്‍ എന്നേക്കാള്‍ കേമിയെന്ന് സംഗയെക്കൊണ്ട് പറയിച്ചത്.

ലാഹോര്‍ കിന്‍യാര്‍ഡ് കോളേജിലെ നെറ്റ്‌സിലെ ഇടങ്കയ്യുകാരിയായ കുഞ്ഞു സമിയയുടെ ബാറ്റിങ് പ്രാക്ടീസിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കറ്റ്ഇന്‍ഫോ ഒരു ചോദ്യമെറിഞ്ഞു മറ്റ് രണ്ട് ഇടങ്കൈ ബാറ്റിങ് വിസ്മയങ്ങളായ ലങ്കയുടെ സംഗക്കാരയോടും ഇന്ത്യയുടെ സ്മൃതി മന്ദാനയോടും. ഈ ബാറ്റിങ് അത്ഭുതം നിങ്ങളില്‍ ആരുടെ പിന്‍ഗാമിയാണ്. നൂറിലേറെ ടെസ്റ്റും നാന്നൂറിലേറെ ഏകദിനവും കളിച്ച മുന്‍ ലങ്കന്‍ നായകന്‍ സംഗക്കാരയ്ക്ക് മറുപടി പറയാന്‍ ഒട്ടും അമാന്തിക്കേണ്ടിവന്നില്ല. 'ഇവള്‍ എത്ര മികച്ച കളിക്കാരിയാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്നേക്കാള്‍ മികച്ച ടെക്‌നിക്ക്. ഇതുപോലുള്ള പ്രതിഭകളെ കാണുന്നത് അങ്ങേറ്റം പ്രോത്സാഹനജനകമാണ്.' കുഞ്ഞ് സമിയക്കുമേല്‍ പ്രശംസ ചൊരിയുമ്പോള്‍ പിശുക്കൊട്ടും കാട്ടിയില്ല ടെസ്റ്റിലും ഏകദിനത്തിലും ടിട്വന്റിയിലുമായി ഇരുപത്തിയെട്ടായിരത്തിലേറെ റണ്‍സ് പിശുക്കില്ലാതെ വാരിക്കൂട്ടിയ സംഗ.

സമിയക്കെന്നല്ല, ഇതിലും വലിയൊരു ബഹുമതിപത്രം വേറെ കിട്ടാനില്ല വളര്‍ന്നുവരുന്ന ഏതൊരു ക്രിക്കറ്റര്‍ക്കും. ഈയൊരൊറ്റ ട്വീറ്റ് കൊണ്ട് നിമിഷനേരത്തില്‍ വമ്പന്‍ താരമായി മാറിപ്പോയി കാര്യമായ ഒരൊറ്റ ടൂര്‍ണമെന്റ് പോലും കളിച്ചുതുടങ്ങിയിട്ടില്ലാത്ത സമിയ. മേമ്പൊടിയായ് പാകിസ്താന്റെ വണ്ടര്‍ഗേളെന്നും നാളെയുടെ അത്ഭുതതാരമെന്നുമുള്ള തൊങ്ങലുചാര്‍ത്തിയ വിളിപ്പേരും.

അഞ്ച് കൊല്ലം മുന്‍പ് ക്രിക്കറ്റിന്റെ സകല ഫോര്‍മാറ്റിനോടും വിടപറഞ്ഞ സംഗക്കാരയുടെ കളി ടി.വിയില്‍ യഥേഷ്ടം കണ്ടിട്ടുണ്ട് സമിയ. ഇടങ്കൈക്കാരിക്ക് ഇടങ്കൈ കൊണ്ട് ക്രീസില്‍ കവിത രചിക്കുന്ന സംഗയോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം.

samiya afsar

എന്നാല്‍, പാകിസ്താന്റെ വണ്ടര്‍ഗേളിന്റെ ഇഷ്ട വിദേശതാരം ഇടങ്കൈയ്യന്‍ സംഗക്കാരയല്ല. ഒരു വലങ്കൈ വിസ്മയമാണ്. സാക്ഷാല്‍ വിരാട് കോലി. ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലിയല്ലാതെ മറ്റൊരു താരത്തെയും ഇഷ്ടമല്ലെന്ന് പറയാന്‍ യാതൊരു മടിയുമില്ല സമിയക്ക്. സാക്ഷാല്‍ സച്ചിനോടു പോലുമില്ല തനിക്ക് അത്ര പ്രിയമെന്ന് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ ട്വിറ്റര്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സമിയ. ഇന്ത്യന്‍ ഇതിഹാസമായ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പഴയ വെടിക്കെട്ട് ക്ലാസിക്കുകള്‍ പോലും കാണാറില്ലെന്ന് പറയാനുമില്ല സങ്കോചം.

പക്ഷേ, കോലിയുടെ കാര്യത്തിലില്ല ഇത്തരമൊരു കുറുമ്പും വാശിയും. കുറഞ്ഞ കാലം കൊണ്ട് തന്നെ കളികള്‍ കണ്ടിട്ടുണ്ട് യഥേഷ്ടം. ഷോട്ടുകള്‍ പലതും ഹൃദിസ്ഥവുമാണ്. കോലിയുടെ കളിയില്‍ ഏറ്റവും ആകര്‍ഷിച്ചതെന്താണെന്ന് ചോദ്യത്തിന് അടുത്ത ക്ഷണം വന്നു മറുപടി. 'കഠിനാധ്വാനിയാണ് അദ്ദേഹം. പിന്നെ സ്വന്തം തെറ്റുകള്‍ നന്നായി ശ്രദ്ധിക്കും. അത് പിന്നെ തിരുത്തുകയും ചെയ്യും. അപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ടോ? സംശയമെന്ത്, ആ ഗ്യാപ് ഷോട്ട്. കട്ട് ഷോട്ട്, ഫ്‌ളിക്‌ഷോട്ട്. പിന്നെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന രീതിയും.' ഒറ്റശ്വാസത്തില്‍ ഇരുത്തംവന്നൊരു ക്രിക്കറ്റ് വിശാരദയായി മാറി അല്‍ ഖാദിര്‍ സ്‌കൂളിലെ ഈ അഞ്ചാം ക്ലാസുകാരി.

samiya afsar

ടി.വിയിലല്ലാതെ കോലിയെ കണ്ടിട്ടില്ല സമിയ. കോലി കളിക്കാന്‍ പാകിസ്താനിലേയ്‌ക്കോ താന്‍ കളി കാണാന്‍ ഇന്ത്യയിലേയ്‌ക്കോ യാത്രയാവുന്നൊരു കാലം ഇനിയുണ്ടാകുമെന്ന് ഒരുറപ്പുമില്ല. അങ്ങനെയൊരു സ്വപ്‌നം മുളയിലേ നുള്ളിക്കളഞ്ഞിട്ടുണ്ട് രാഷ്ട്രീയമറിയാവുന്ന അച്ഛന്‍. പക്ഷേ, ഒരു മോഹം എപ്പോഴും ഉള്ളിലുണ്ട്. എന്നെങ്കിലുമൊരിക്കല്‍ വിരാട് കോലിയെ നേരിട്ടു കാണുകയാണങ്കില്‍ ചോദിക്കാന്‍ മനസ്സിലൊരു ചോദ്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് കോലി പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ പന്തില്‍ ഇത്രവേഗം പുറത്താകുന്നത്.

കുഞ്ഞുവായിലെ വലിയ ചോദ്യമാണെങ്കിലും ചെവിയിലെത്തിയാല്‍ എന്നെങ്കിലുമൊരിക്കല്‍ ഇതിനൊരു മറുപടി കൊടുക്കാതിരിക്കില്ല കോലി. കാരണം കരിയറില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്‌കരമായ ബൗളര്‍ മുഹമ്മദ് ആമിറാണെന്ന് തുറന്നു സമ്മതിക്കുക മാത്രമല്ല, തന്നെ വട്ടംകറക്കിയ ആമിറിന് ടിട്വന്റി ലോകകപ്പിന് മുന്‍പ് സ്വന്തം ബാറ്റ് സമ്മാനിക്കുക കൂടി ചെയ്തയാളാണ് കോലി.

samiya afsar

കോലി ആമിറിന് ബാറ്റ് സമ്മാനിക്കുമ്പോള്‍ സമിയക്ക് നാലു വയസ്സു മാത്രമായിരുന്നു പ്രായം. അച്ഛന്റെ മടിയിലിരുന്ന് ടിവിയില്‍ ക്രിക്കറ്റ് കണ്ട് തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ടിവിയില്‍ കണ്ട കളിയുടെ ബാലപാഠങ്ങള്‍ വീട്ടുമുറ്റത്ത് അച്ഛനൊപ്പം ബാറ്റ് കൈയിലെടുത്ത് പയറ്റിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

Read Story: ഈ എട്ടുവയസ്സുകാരി നിങ്ങളുടെ പിന്‍ഗാമിയോ എന്ന് ചോദ്യം; ഇവള്‍ എന്നേക്കാള്‍ കേമിയെന്ന് സംഗക്കാര

വെറുതെ വീട്ടില്‍ പന്ത് തട്ടിത്തുടങ്ങുമ്പോള്‍ തന്നെ അച്ഛന്‍ ആഫ്‌സര്‍ അലിക്ക് ബോധ്യമുണ്ടായിരുന്നു മകളില്‍ എവിടെയോ ഒരു പ്രതിഭ ഒളിഞ്ഞിരിപ്പുണ്ട്. ബാറ്റിങ്ങില്‍ ആ മിന്നലാട്ടങ്ങള്‍ കണ്ട അഫ്‌സര്‍ നേരം കളഞ്ഞില്ല. നേരേ ലാഹോറിലെ കിന്നിയാര്‍ഡ് കോളേജില ക്രിക്കറ്റ് ക്യാമ്പില്‍ ചേര്‍ത്തു മകളെ. പരിശീലകന്‍ ഇര്‍ഫന്റെ ശിക്ഷണത്തില്‍ നിത്യവും മൂന്ന് മണിക്കൂര്‍ പരിശീലനം. ഈ പരിശീലനത്തിന്റെ വീഡിയോയാണ് പിന്നീട് വൈറലായിമാറിയത്. ഷോയിബ് അക്തറും ഇന്‍സമാം ഉള്‍ ഹഖുമെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട് ഈ ക്രിക്കറ്റ് ക്യാമ്പ്. അവരുടെയൊക്കെ വിലപ്പെട്ട വാക്കുകള്‍ കാതോര്‍ത്തിരുന്ന് കേട്ടിട്ടുണ്ട് സമിയ. പോകുമ്പോള്‍ നാളത്തെ താരത്തിന് ആശംസ നേരാന്‍ മറന്നില്ല ഇവരാരും. വലിയ ആവേശവും പ്രചോദനവുമായിരുന്നു ഇവരുടെ സാന്നിധ്യവും വാക്കുകളുമെന്ന് പറയുന്നു സമിയ. ലാഹോര്‍ കലന്ദേഴ്‌സ് കളിക്കുമ്പോള്‍ ഇവരെ കാണാന്‍ അച്ഛന്റെ കൈ പിടിച്ച് ഗദ്ദാഫി സ്‌റ്റേഡിയത്തിലും പോയിട്ടുണ്ട് സമിയ. പക്ഷേ, സമിയക്ക് ഒപ്പം കളിക്കാന്‍ ആഗ്രഹമുള്ളവര്‍ ഇവരാരുമല്ല. നിലവിലെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം എന്ന ബോബിയാണത്. 'ബാബര്‍ അസമിന്റെ ബാറ്റിങ് എനിക്ക് വലിയ ഇഷ്ടമാണ്. എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തിനൊപ്പം കളിക്കണം. ഇത്രയൊക്കെയായില്ലെ. ആ മോഹം നടക്കും എന്ന ആത്മവിശ്വാസമുണ്ട് എനിക്ക്.'

'മീഡിയം പേസ് എറിയുമെങ്കിലും കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് ബാറ്റിങ് തന്നെയായിരുന്നു താത്പര്യം. കവര്‍ ഡ്രൈവും പുള്‍ഷോട്ടും സ്വീപ്പുമൊക്കെയാണ് പ്രിയപ്പെട്ട ഷോട്ടുകള്‍. കവര്‍ ഡ്രൈവാണ് നന്നായി ചെയ്യാനാവുന്നത്. പ്രശ്‌നമുള്ളത് പന്ത് സ്വീപ് ചെയ്യാനാണ്. അത് കൂടുതലായി പരിശീലിച്ച് പിഴവുകള്‍ തീര്‍ക്കണം.' ആഗ്രഹങ്ങള്‍ പറയുമ്പോള്‍ ആവേശം അടക്കാന്‍ പാടുപെടുന്നുണ്ടെന്ന് മറുപടിയിലെ വാക്കിന്റെ വേഗം തന്നെ പറയുന്നു.

samiya afsar

വെറുതേ കളിച്ച് നേരംപോക്കുകയല്ല സമിയയുടെ ലക്ഷ്യം. വലുതാകുമ്പോള്‍ ഉറപ്പായും പാക് ടീമില്‍ കളിക്കണം. ഓള്‍റൗണ്ടറാവണം. ബിസ്മ മറൂഫിനെയും അലിയ റിയാസിനെയും പോലെ തിളങ്ങണം. ക്യാപ്റ്റന്‍ ബിസ്മ നാട്ടുകാരിയാണെങ്കിലും സമിയയുടെ റോള്‍മോഡല്‍ പാക് വനിതാ ക്രിക്കറ്റിലെ റാവല്‍പിണ്ടി എക്‌സ്പ്രസ് അലിയ റിയാസാണ്. അലിയ റിയാസിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവരുടെ ബൗളിങ് മാത്രമല്ല, ജീവിതവും. എന്നെപ്പോലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് കഷ്ടപ്പെട്ട് കളിച്ചു വളര്‍ന്ന് ടീമിലെത്തിയ താരമാണ് അവര്‍. കഠിനമായി അധ്വാനിക്കും. എനിക്ക് എപ്പോഴും പ്രചോദനമാണ്. ക്രിക്കറ്റിനുവേണ്ടി ഒരുപാട് പണം ചെലവാക്കാനൊന്നും ഞങ്ങളുടെ കൈയിലില്ല. ഒരു ട്രാക്കിങ് കമ്പനിയിലാണ് അച്ഛന് ജോലി. അത്ര വലിയ ജോലിയൊന്നുമല്ല. എനിക്ക് കളിക്കാന്‍ ഒരു മാസം തന്നെ പതിനായിരം രൂപ ചെലവാകുന്നുണ്ട്. എന്നെ ക്രിക്കറ്റ് ക്യാമ്പില്‍ നിത്യവും കൊണ്ടുവിടാന്‍ തന്നെ നല്ല പാടാണ്. അതു കണ്ടെത്താന്‍ അച്ഛന്‍ നന്നായി കഷ്ടപ്പെടുന്നുണ്ട്-സമിയ പറയുന്നു.

എപ്പോഴും ക്രിക്കറ്റിന് പിറകേ നടക്കുന്നതുകൊണ്ട് സ്‌കൂളില്‍ വലിയ കൂട്ടൊന്നുമില്ല സമിയയ്ക്ക്. 'ക്രിക്കറ്റ് തന്നെയാണ് എന്റെ ഏറ്റവും വലിയ ചങ്ങാതി. മറ്റ് കളികള്‍ക്കൊന്നും സമയമുണ്ടാവാറില്ല. ക്രിക്കറ്റ് കഴിഞ്ഞാല്‍ പിന്നെ ഇഷ്ടവിനോദം സൈക്ലിങ്ങാണ്. പിന്നെ പ്രിയം പിസ്സയോടും. പഠിത്തത്തില്‍ അത്ര മോശമൊന്നുമല്ല. എണ്‍പത്തിരണ്ട് ശതമാനം മാര്‍ക്കൊക്കെ കിട്ടുന്നുണ്ട് പരീക്ഷകളില്‍. പക്ഷേ, കണക്ക് എന്നും കടുകട്ടി തന്നെയാണ്. സാമൂഹ്യപാഠത്തോടാണ് എനിക്ക് പ്രിയം. സ്‌കൂളും കളിയും കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ മറ്റൊന്നിനും സമയമുണ്ടാവില്ല. സിനിമ കാണുന്ന പതിവൊന്നുമില്ല. എങ്കിലും കുറച്ച് കൊല്ലം മുന്‍പൊരു ബോളിവുഡ് ചിത്രം കണ്ടു. ദംഗല്‍. എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ട സിനിമ എന്നുവേണമെങ്കില്‍ പറയാം. വലിയ ആവേശമാണ് ആ സിനിമ സമ്മാനിച്ചത്. ബബിതയെയും ഗീതയെയുമൊക്കെ എനിക്ക് എന്നെ പോലെ തന്നെയാണ് തോന്നിയത്'-സിനിമാക്കഥ പോലെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ സമിയ പറയുന്നു.

Content Highlights: Pakista Wonder Kid Cricketer Samiya Afsar Virat Kohli Babar Azam Aliya Riaz Bismah Maroof