കൃഷ്ണഗിരി (വയനാട്): ഗുജറാത്തിനെതിരായ വിജയത്തില്‍ കേരള ഫാസ്റ്റ് ബൗളര്‍മാരെ പ്രശംസിച്ച് മുന്‍ രഞ്ജി ടീം പരിശീലകന്‍ പി. ബാലചന്ദ്രന്‍. 

''കേരളത്തിന്റെ ഫാസ്റ്റ് ബൗളര്‍മാരെല്ലാം അതിമനോഹരമായാണ് പന്തെറിഞ്ഞത്. ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, നിധീഷ് മൂന്നു പേരുടെയും പ്രകടനം മികച്ചതായിരുന്നു. ഈ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും ഈയടുത്ത കാലത്ത് ഇത്രയും മികച്ച രീതിയില്‍ ഒന്നിച്ച് പന്തെറിയുന്നത് കണ്ടിട്ടില്ല. അടുത്തകാലത്തൊന്നും കേരളത്തിന് ഏത്രയും മികച്ചൊരു പേസ് ത്രയം ഉണ്ടായിട്ടില്ല എന്നു തന്നെ വേണം പറയാന്‍. പിച്ചിന്റെ സ്വഭാവം പരമാവധി മുതലാക്കാനും കേരളത്തിന്റെ ബൗളര്‍മാര്‍ക്കായി'', പി. ബാലചന്ദ്രന്‍ വ്യക്തമാക്കി. 

മികച്ച ഫീല്‍ഡിങ് നിലവാരമാണ് കേരളം മത്സരത്തില്‍ ഉടനീളം പുറത്തെടുത്തതെന്നും അദ്ദേഹം വിലയിരുത്തി. പാര്‍ഥിവ് പട്ടേലിനെ പുറത്താക്കിയ സച്ചിന്‍ ബേബിയുടെ ഫീല്‍ഡിങ് മികവ് തന്നെ അതിന് ഉദാഹരണം. മത്സരത്തില്‍ മികച്ച ക്യാച്ചുകളും കേരള താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു ഓവറോള്‍ പാക്കേജായിരുന്നു കേരളത്തിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതിനിടെ ചെറിയ ചെറിയ ചില ബാറ്റിങ് പ്രകടനങ്ങള്‍ എടുത്തുപറയാതിരിക്കാനാകില്ല. സിജോമോന്‍, വിനൂപ്, ജലജ് സക്‌സേന എന്നിവരെല്ലാം അത്തരം പ്രകടനങ്ങള്‍ പുറത്തെടുത്തവരാണ്. ജലജ് അവസാനം നടത്തിയ ചെറുത്തു നില്‍പ്പിനെ ചെറുതായി കാണാനാകില്ല. ഇത്തരം ചെറിയ സ്‌കോറുകള്‍ കുറഞ്ഞ സ്‌കോര്‍ പിറക്കുന്ന മത്സരങ്ങളില്‍ പ്രധാനം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഈ മത്സരം മാത്രമല്ല, തുടക്കം മുതല്‍ തന്നെ കേരളം മികച്ച രീതിയിലാണ് കളിക്കുന്നത്. മത്സരങ്ങള്‍ക്കെല്ലാം ഫലമുണ്ടായി എന്നത് എടുത്തുപറയണം. സമനിലയാണെങ്കില്‍ തന്നെ വിരസമായവയൊന്നും ഇല്ലായിരുന്നു. പോസിറ്റീവ് ക്രിക്കറ്റാണ് കേരളം തുടക്കം മുതല്‍ തന്നെ കളിച്ചുകൊണ്ടിരുന്നത്. ഇത്തവണത്തേത് കേരളത്തെ സംബന്ധിച്ച് നല്ലൊരു സീസണായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ഇതേപോലെ തന്നെ പോയിക്കഴിഞ്ഞാല്‍ രണ്ടു മത്സരം അകലെ കിരീടം കേരളത്തെ കാത്തിരിപ്പുണ്ട്. 

ഡേവ് വാട്ട്‌മോറിന്റെ സാന്നിധ്യം ടീമിന് വലിയ ഒരു മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതിനെ ഒരു മാജിക്ക് എന്നൊക്കെ വേണമെങ്കില്‍ വിളിക്കാം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിന്റേത് മികച്ച ടീം തന്നെയാണ്. എന്നാല്‍ വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ പോന്ന ഒരു ടീമാക്കി അവരെ വളര്‍ത്തിയത് ഡേവ് ആണെന്നും പി. ബാലചന്ദ്രന്‍ പറഞ്ഞു.

ടീമിനുള്ളില്‍ തന്നെ ടീമിനെ ബാധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെ പക്വമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ച കെ.സി.എ ഭാരവാഹികളെ അഭിനന്ദിക്കാനും പി. ബാലചന്ദ്രന്‍ മറന്നില്ല. പല കോണുകളില്‍ നിന്നും ഈ പ്രശ്‌നത്തെ മോശമായി ചിത്രീകരിക്കാനുളള ശ്രമങ്ങളുണ്ടായിരുന്നു. ടീമിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നുവരെ പ്രചരണങ്ങളുണ്ടായി. ആ സമയത്ത് പക്വതയോടെ ഈ വിഷയം കൈകാര്യം ചെയ്തതിന് കെ.സി.എ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ച് ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫിയുടെ സെമിയില്‍ കടന്നിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ മൂന്നാം ദിനം 31.3 ഓവറില്‍ വെറും 81 റണ്‍സിനാണ് കേരളം എറിഞ്ഞിട്ടത്. 

ബേസില്‍ തമ്പി-സന്ദീപ് വാരിയര്‍ പേസ് സഖ്യമാണ് കേരളത്തിന്റെ ചരിത്ര വിജയത്തിനു പിന്നിലെ ശക്തി. ഇരുവരും ചേര്‍ന്ന് രണ്ട് ഇന്നിങ്‌സിലുമായി 16 വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: p balachandran, ranji trophy 2018