തൃശ്ശൂര്‍: 'കെപ് ദാഗിദെ' എന്നു പറഞ്ഞാല്‍ നാക്കുളുക്കുമെങ്കിലും നിഹാല്‍ സരിന്‍ ഒരിക്കലും ആ പേര് മറക്കില്ല. ഒരുകാലത്ത് ലോക ചെസ് സാമ്രാജ്യത്തിന്റെ 'കിങ്' ആയിരുന്ന അനാറ്റൊലി കാര്‍പോവിനെ നിഹാല്‍ പരാജയപ്പെടുത്തിയത് ഫ്രാന്‍സിലെ 'കെപ് ദാഗിദെ' റിസോര്‍ട്ടില്‍ നടന്ന മത്സരത്തിലാണ്. 

ആ മത്സരത്തിന് കിട്ടിയ ട്രോഫി താമസസ്ഥലത്ത് മറന്നുവെച്ചാണ് നിഹാല്‍ നാട്ടിലെത്തിയത്. തൃശ്ശൂരിലെ വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് കപ്പ്, 'കെപ് ദാഗിദെ'യിലാണെന്ന് മനസ്സിലായത്. 'റിസോര്‍ട്ടില്‍ വിളിച്ചുപറഞ്ഞിട്ടുണ്ട് കപ്പ് ഇന്ത്യയിലെത്തിക്കാന്‍' -ഒരു ചെറുചിരിയോടെ തൃശ്ശൂരിലെ വീട്ടിലിരുന്ന് നിഹാല്‍ പറഞ്ഞു.

ഇന്ത്യയുടെ പുതിയ ചെസ്മുഖമാണ് പത്താംക്ലാസുകാരനും മലയാളിയുമായ നിഹാല്‍ സരിന്‍. പത്തുദിവസത്തിനിടെ ഈ തൃശ്ശൂരുകാരന്‍ തോല്‍പ്പിച്ചത് രണ്ട് മുന്‍ ലോകചാമ്പ്യന്‍മാരെയാണ്. അനാറ്റൊലി കാര്‍പോവിനെയും ചെസിലെ 'ക്യൂന്‍' എന്നറിയപ്പെടുന്ന മുന്‍ വനിതാ ലോകചാമ്പ്യന്‍ ചൈനയുടെ ഹോ യിഫാനെയും ഓരോ മത്സരത്തിലാണ് നിഹാല്‍ തോല്‍പ്പിച്ചത്.

കാര്‍പോവിന്റെ പേരിലുള്ള ട്രോഫിക്കായി നടന്ന ടൂര്‍ണമെന്റിലെ പ്രദര്‍ശനമത്സരത്തില്‍ അറുപത്തിയെട്ടുകാരനായ കാര്‍പോവിനെ തളയ്ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ചെസ്ലോകം വിലയിരുത്തുന്നത്. റാപ്പിഡ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും കാര്‍പോവുമായി സമനില നേടാന്‍ നിഹാലിന് കഴിഞ്ഞിരുന്നു. പിന്നീട് നടന്ന മിന്നല്‍വേഗ 'ബ്ലിറ്റ്സ്' റൗണ്ടിലെ ആദ്യമത്സരത്തില്‍ കാര്‍പോവ്, സരിനെ തോല്‍പ്പിച്ചു. 

രണ്ടാം മത്സരത്തില്‍ കൊച്ചു സരിന്‍, കാര്‍പോവിനെ തറപറ്റിച്ചു. കാര്‍പോവ് 69 നീക്കങ്ങള്‍ക്കുശേഷമാണ് സരിനെ പരാജയപ്പെടുത്തിയതെങ്കില്‍ സരിന് കാര്‍പോവിനെ തോല്‍പ്പിക്കാന്‍ 28 നീക്കങ്ങള്‍ മതിയായിരുന്നു. ടൂര്‍ണമെന്റില്‍ മുന്‍ വനിതാ ലോകചാമ്പ്യന്‍ ഹോ യിഫാന്‍ റാപ്പിഡ് റൗണ്ടിലെ ആദ്യമത്സരത്തില്‍ നിഹാലിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാംമത്സരത്തില്‍ നിഹാല്‍ കറുത്തകരുക്കളുമായി യിഫാനെ പരാജയപ്പെടുത്തുകയായിരുന്നു.

ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായി നടന്ന ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് ഒരുമാസത്തിനുശേഷം വീട്ടിലെത്തിയ നിഹാല്‍ പറഞ്ഞത്....

*മത്സരത്തില്‍ നിഹാലിന് ജയിക്കാമായിരുന്നെന്നാണ് വിലയിരുത്തല്‍...?

ജയിക്കാമായിരുന്നു, അഡ്വാന്റേജ് ഉണ്ടായിരുന്നതാണ്. ചെസ് ഇതിഹാസവുമായി മത്സരിക്കുന്നതിന്റെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ, കാര്‍പോവ് മികച്ച പ്രതിരോധത്തിലാണ് കളിച്ചത്.

*മത്സരശേഷം കാര്‍പോവ് എന്ത് പറഞ്ഞു...?

നല്ലമത്സരമായിരുന്നുവെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

* ഹോ യിഫാനുമായുള്ള മത്സരമോ...?

അതിലും അഡ്വാന്റേജ് ഉണ്ടായിരുന്നു. അവസാനമത്സരത്തില്‍ കളിക്കുമ്പോള്‍ യിഫാന്‍ കുറച്ച് ടെന്‍ഷനിലായിരുന്നു.

*യു.കെ.യില്‍ നടന്ന ടൂര്‍ണമെന്റിലെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു...?

അത്ര നന്നായെന്ന് പറയാനാവില്ല, ഏറ്റവും മികച്ച കളിക്കാരുമായിട്ടായിരുന്നു മത്സരങ്ങള്‍. നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു.

*ഇനി അടുത്ത മത്സരങ്ങള്‍ എപ്പോഴാണ്...?

ഡിസംബറില്‍ സ്‌പെയിനിലെ ബാഴ്സലോണയില്‍ ടൂര്‍ണമെന്റുണ്ട്. അതു കഴിഞ്ഞാല്‍ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ടൂര്‍ണമെന്റും. ജനുവരിയില്‍ നെതര്‍ലന്‍ഡ്സിലുമുണ്ട് ടൂര്‍ണമെന്റ്.

Content Highlights: Nihal Sarin Chess Player Interview