കോഴിക്കോട്: ഒരു വ്യാഴവട്ടക്കാലം കേരള ക്രിക്കറ്റിന്റെ നെടുന്തൂണായിരുന്നു ടിനു യോഹന്നാന്‍. ഇപ്പോഴിതാ അദ്ദേഹത്തെ തേടി പുതിയൊരു ചുമതല കൂടി എത്തിയിരിക്കുകയാണ്. രഞ്ജി താരമായും പിന്നീട് ബൗളിങ് കോച്ചായും കേരള ടീമിനെ സേവിച്ച ടിനുവിനെ പ്രധാന പരിശീലകന്റെ കുപ്പായമാണ് ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായി ചുമതലയേറ്റ ടിനു പുതിയ ഉത്തരവാദിത്തങ്ങളെ കുറിച്ച് മാതൃഭൂമി ഡോട്ട്‌ കോമിനോട് സംസാരിക്കുന്നു. 

പുതിയ അവസരത്തെയും ഉത്തരവാദിത്വത്തെയും എങ്ങനെ നോക്കിക്കാണുന്നു?

ഇതിനെ പരിശീലകസ്ഥാനം എന്നതിലുപരി ഒരു ബഹുമതിയായാണ് ഞാന്‍ കാണുന്നത്. അതിനൊപ്പം വലിയൊരു ഉത്തരവാദിത്തം കൂടിയുമാണ്. ജീവിതത്തിലെ ഒരു 12 വര്‍ഷത്തോളം ഈ ടീമിന് നല്‍കിയ ആളാണ്. കളിച്ച ടീമിന്റെ പരിശീലകനാകുക എന്നത് അഭിമാനം കൂടിയാണ്. ഇപ്പോള്‍ ടീമിലുള്ള താരങ്ങളെയെല്ലാം അറിയാം. ചിലര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്, ചിലരെ പരിശീലിപ്പിച്ചതുമാണ്. വ്യക്തിപരമായി എല്ലാവരേയും അറിയാം.

ടീമിന്റെ നട്ടെല്ലെന്ന് തോന്നുന്ന താരം?

ടീമിനെ സംബന്ധിച്ച് എല്ലാവരും ഒരേപോലെ പ്രധാനപ്പെട്ടവരാണ്. ടീം തുടര്‍ച്ചയായി ജയിക്കണമെങ്കില്‍ എല്ലാവരുടെയും ഒന്നിച്ചുള്ള സംഭാവന ആവശ്യമാണ്. ചിലപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങളിലൊക്കെ ഒറ്റയാള്‍ പ്രകടനം തുണച്ചേക്കാം. കേരളത്തിന്റെ ഒരു പ്രധാന താരമെന്ന് ഇപ്പോള്‍ പറയാവുന്നത് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനം വെച്ച് നോക്കിയാല്‍ ജലജ് സക്‌സേനയാണ്. ഒരു മാച്ച് വിന്നറായി ഏറ്റവും കൂടുതല്‍ എടുത്തുപറയാവുന്ന പേരും ജലജിന്റെ തന്നെ.

ഓപ്പണിങ്ങിലെ തുടർച്ചയായ പരീക്ഷണങ്ങളെ കുറിച്ച്

കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രം തന്നെ എടുത്ത് നോക്കിയാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സ്ട്രഗിൾ ചെയ്ത ഏരിയ ഓപ്പണിങ്ങാണ്. അത് ഇപ്പോഴും തുടരുന്നു എന്നതാണ് കാര്യം. ഇതിന് ഒരു പ്രതിവിധി കാണണമെങ്കില്‍ നമ്മള്‍ കുറച്ച് കളിക്കാരെ വിശ്വാസത്തിലെടുത്ത് ആ ജോലി ഏല്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി നമ്മള്‍ പ്രൊഫഷണല്‍ താരങ്ങളെ പ്രത്യേകം വിളിപ്പിച്ചിട്ടുണ്ട്. ഒരുപാട് കോമ്പിനേഷന്‍സ് നമ്മള്‍ ഇതിനകം തന്നെ പരീക്ഷിച്ചുകഴിഞ്ഞു. രണ്ടോ മൂന്നോ താരങ്ങളെ തിരഞ്ഞെടുത്ത് അവര്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയെങ്കില്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം. അതിനായി ശ്രമിക്കുക തന്നെ ചെയ്യും. ഏറ്റവും നിര്‍ണായകമായ പൊസിഷന്‍ കൂടിയാണത്. പ്രത്യേകിച്ചും മള്‍ട്ടി ഡേ ഫോര്‍മാറ്റില്‍.

സഞ്ജുവിനെ ഓപ്പണറാക്കുമോ? 

മള്‍ട്ടി ഡേ ഫോര്‍മാറ്റില്‍ എന്തായാലും ഇല്ല. ലിമിറ്റഡ് ഓവറുകളില്‍ സഞ്ജുവിന് താത്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അക്കാര്യം പരിഗണിക്കും.

ലോക്ഡൗണ്‍ ആണ്, താരങ്ങളുടെ ഫിറ്റ്‌നസിനെ കുറിച്ച് ആശങ്കയുണ്ടോ?

ഒരു അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സമയമാണിത്. മുന്നോട്ട് ഇനി എന്താണെന്ന് നമുക്ക് കൃത്യമായി പറയാന്‍ സാധിക്കാത്ത കാലം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ പരിശീലനവും മറ്റും എങ്ങനെയെന്ന് തീരുമാനിക്കാനാകൂ. അതു കൂടാതെ ഈ വര്‍ഷത്തെ ഫോര്‍മാറ്റ് എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ചൊക്കെ ബി.സി.സി.ഐയില്‍ നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതൊക്കെ ഇനിയും ക്ലാരിറ്റി കിട്ടാനുള്ള മേഖലകളാണ്. ഇപ്പോള്‍ ചെയ്യാനാകുക, കളിക്കാരെ ഓണ്‍ലൈനില്‍ കോണ്‍ടാക്ട് ചെയ്ത് അവരുടെ നിലിവിലുള്ള സ്ഥിതി എന്താണെന്ന് വിലയിരുത്തി അതിനനുസരിച്ച് അവര്‍ക്ക് പ്രോഗ്രാം ചാര്‍ട്ട് ചെയ്ത് നല്‍കുക എന്നതാണ്. വീട്ടിലിരുന്ന് തന്നെ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍. അത് കളിക്കാര്‍ക്ക് തയ്യാറെടുപ്പ് നടത്താന്‍ സഹായിക്കും. അതാണ് ഇപ്പോഴത്തെ പ്ലാന്‍. ഒരു വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ എല്ലാവരേയും ഒന്നിച്ച് കൊണ്ടുവന്നിട്ട് അവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ലോക്​ഡൗണ്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ബൗളര്‍മാര്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലല്ലേ?

ശരിക്കും ഈ ഒരു കാലത്തെ അനുഗ്രഹമായിക്കൂടി കൂട്ടാം. പ്രത്യേകിച്ചും ബൗളര്‍മാരെ സംബന്ധിച്ച്. അവര്‍ക്ക് ഈ ഒരു സമയം നന്നായി ഉപയോഗിക്കാന്‍ സാധിക്കും. എന്തായാലും കളികളില്ല മറ്റ് വലിയ ജോലികളൊന്നുമില്ല. അതിനാല്‍ അവര്‍ക്ക് മുന്‍പുള്ള പരിക്കുകളില്‍ നിന്നൊക്കെ  മുക്തരാകാന്‍ നല്ല സമയം ലഭിക്കും. ശാരീരികമായി നന്നായി തയ്യാറെടുക്കാം.

സഞ്ജുവിന് വിക്കറ്റ് കീപ്പറായി കൂടുതല്‍ അവസരങ്ങള്‍ നല്‍കുമോ?

തീര്‍ച്ചയായും. സഞ്ജുവിന് ചെയ്യാനാകുന്നത് കഴിഞ്ഞുപോയ കാര്യങ്ങളില്‍ നിന്ന് പഠിക്കാം എന്നതാണ്. കീപ്പ് ചെയ്യേണ്ട സമയങ്ങളില്‍ കീപ്പ് തന്നെ ചെയ്യണം. ആ ഒരു എക്‌സ്ട്രാ എഫര്‍ട്ട് എടുക്കാന്‍ തയ്യാറാകണം. അതിനായി ഫിറ്റ്‌നസിലും വര്‍ക്ക് ചെയ്യണം.

ഈ ഒരു സീസണ്‍ എങ്ങനെ നോക്കിക്കാണുന്നു?

വരാനിരിക്കുന്നത് തീര്‍ത്തും പുതിയ സീസണാണ്. പഴയതിനെ മുന്നില്‍ വെച്ച് നമുക്ക് പുതിയ സീസണിനെ നോക്കിക്കാണാന്‍ സാധിക്കില്ല. എല്ലാം പുതുതായി തന്നെ തുടങ്ങേണ്ടതുണ്ട്. പുതിയ ഫോര്‍മാറ്റാകാന്‍ സാധ്യതയുണ്ട്. പുതിയ ടീമുമായിട്ടാകും മത്സരം. കളിക്കുന്ന വേദികള്‍ക്കും മാറ്റം വരും. ഗെയിം ബൈ ഗെയിം അപ്രോച്ചായിരിക്കും പുതിയ സീസണില്‍. അള്‍ട്ടിമേറ്റ് ഗോള്‍ രഞ്ജി ജയിക്കുക എന്നതു തന്നെയാണ്. ഇപ്പോള്‍ ടീമിനെ ഒരുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Content Highlights: newly appointed Kerala cricket team head coach Tinu Yohannan interview