നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഇന്ത്യയുടെ യുവനിര സാഫ് കപ്പ് ഫുട്‌ബോളില്‍ ചരിത്രവിജയം ആഘോഷിച്ചപ്പോള്‍ ആ പതിനൊന്ന് പേരില്‍ ഒരു മൂവാറ്റുപുഴക്കാരനുണ്ടായിരുന്നു. സെമിയില്‍ മാലദ്വീപിനെതിരേ ഗോള്‍ നേടി, ബംഗ്ലാദേശിനെതിരായ ഫൈനലിലെ പരുക്കന്‍ കളി പ്രതിരോധിച്ചു നിന്ന പതിനെട്ടുകാരന്‍. ബാഴ്‌സലോണയുടെ കളി കണ്ട് വളര്‍ന്ന്, വലുതായപ്പോള്‍ ലിവര്‍പൂളിന്റെ പ്രതിരോധ താരമായ വിര്‍ജില്‍ വാന്‍ഡൈക്കിനെ ആരാധിച്ച മുഹമ്മദ് റാഫിയാണ് ആ താരം. മൂവാറ്റുപുഴയിലെ കെ.എം മുജീബിന്റേയും നസ്‌റീനയുടെയും മകന്‍. ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് കളിക്കുന്നുവെന്ന പേടിയില്ലാതെ റാഫി പ്രതിരോധ നിരയില്‍ പക്വത കാണിച്ചു. 

91-ാം മിനിറ്റുവരെ 1-1ന് ഒപ്പം നിന്ന്, ജയപരാജയങ്ങള്‍ മാറിമറിഞ്ഞ്, മൂന്ന് ചുവപ്പ് കാര്‍ഡുകള്‍ക്കൊടുവില്‍ ഇഞ്ചുറി ടൈമില്‍ രവി ബഹാദൂര്‍ റാണയുടെ ബൂട്ടില്‍ നിന്ന് വിജയഗോള്‍ വീണപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം പകരുന്ന നിമിഷമാണ് മുന്നിലെത്തിയതെന്ന് റാഫി പറയുന്നു. സെന്റര്‍ ബാക്ക് ആയ റാഫി വിജയാഘോഷങ്ങള്‍ക്ക് ശേഷം കാഠ്മണ്ഡുവില്‍ നിന്ന് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു. 

ഫൈനല്‍ മത്സരം കടുപ്പമേറിയതായിരുന്നു. ഇരുടീമുകളും സമ്മര്‍ദ്ദത്തിലാണ് കളിച്ചത്. ഇതോടെ മത്സരം പരുക്കനായി. അതാണ് കൈയാങ്കളിയില്‍ എത്തിച്ചതും മൂന്നു താരങ്ങള്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയതും. 91-ാം മിനിറ്റു വരെ 1-1ന് സമനിലയില്‍ നിന്നതും സമ്മര്‍ദ്ദം കൂട്ടി. പക്ഷേ ഒടുവില്‍ ഇന്ത്യ വിജയിച്ചു. ഈ ചരിത്രനിമിഷത്തിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഫൈനല്‍ കടുപ്പമായിരുന്നോ എന്നു ചോദിച്ചപ്പോള്‍ റാഫിയുടെ ഉത്തരം ഇങ്ങനെയായിരുന്നു. 

india u-18 team
ഇന്ത്യന്‍ ടീം കപ്പുമായി   ഫോട്ടോ: എഐഎഫ്എഫ്

മൂവാറ്റുപുഴയില്‍ ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന വാപ്പച്ചി മുജീബില്‍ നിന്നാണ് ഫുട്‌ബോളിനോടുള്ള കമ്പം റാഫിക്കും പകര്‍ന്നു കിട്ടിയത്. സെവന്‍സ് ടൂര്‍ണമെന്റ് കളിക്കാന്‍ പോകുന്ന വാപ്പച്ചിയായിരുന്നു ഫുട്‌ബോളിലേക്കുള്ള ആദ്യ ചവിട്ടുപടി. പിന്നീട് ആറ്റുവെള്ളില്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ അശോകന്‍ എന്ന പരിശീലകന് കീഴിലാണ് ഫുട്‌ബോളിലെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.

മൂവാറ്റുപുഴ തര്‍ബിയത്ത് സ്‌കൂളിലെത്തിയതോടെ മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന റാഫി പ്രതിരോധ താരമായി. രാജു ജോണ്‍ എന്ന പരിശീലകനായിരുന്നു ഡിഫന്‍ഡര്‍ എന്ന നിലയില്‍ റാഫിയുടെ മികവ് തിരിച്ചറിഞ്ഞത്. പിന്നീട് മലപ്പുറം എം.എസ്.പിയിലെത്തി സുബ്രതോ കപ്പ് കളിച്ചു. 2016-ല്‍ സുബ്രതോ കപ്പ് ഫൈനലില്‍ കളിച്ച എം.എസ്.പി ടീമില്‍ റാഫിയുമുണ്ടായിരുന്നു.

ബെംഗളൂരു എഫ്.സിയുടെ ജൂനിയര്‍ ടീമിലെത്തിയതോടെ ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ റാഫി വളര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബെംഗളൂരു എഫ്.സിക്കൊപ്പമുണ്ട്. അതിനിടയില്‍ ഓപ്പണ്‍ ആയി പഠിച്ച് പ്ലസ് ടു ഹ്യുമാനിറ്റീസ് പാസ്സായി. വീട്ടുകാരുടെ പിന്തുണയില്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് റാഫി പറയുന്നു. ഐ-ലീഗില്‍ കഴിഞ്ഞ സീസണിലാണ് കളിക്കാന്‍ തുടങ്ങിയത്. അണ്ടര്‍-18 ലെവലില്‍ 12 മത്സരങ്ങള്‍ കളിച്ചു. ആ മികവ് റാഫിയെ ഇന്ത്യന്‍ ക്യാമ്പിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ മേയ് മാസത്തില്‍ മൂവാറ്റുപുഴയിലെ വീട്ടിലേക്ക് ആ സന്തോഷവാര്‍ത്ത എത്തി, സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് റാഫിയും തിരഞ്ഞെടുക്കപ്പെട്ടിക്കുന്നു. അതുപോലൊരു സന്തോഷ നിമിഷമായിരുന്നു ഇപ്പോള്‍ സാഫ് കപ്പ് നേടിയതും. പരിശീലകന്‍ ഫ്‌ളോയ്ഡ് പിന്റോ നല്‍കുന്ന പ്രചോദനവും പ്രോത്സാഹനവും വലുതാണ്. പരിചയസമ്പന്നനായ കോച്ചിന് എങ്ങനെയെല്ലാം താരങ്ങള്‍ക്ക് പ്രചോദനം നല്‍കണമെന്ന് അറിയാം. കോച്ച് വന്നതിന് ശേഷം ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടു. അദ്ദേഹം ഗ്രൗണ്ടിലും പരിശീലന സമയത്തും കൃത്യമായ നിര്‍ദേശം നല്‍കുന്നുവെന്നും റാഫി പറയുന്നു. 

ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റും കോച്ചും മലയാളിയുമായ ഹമീദ്, റാഫിയുടെ കളിക്കളത്തിലെ പക്വതയെ കുറിച്ചാണ് സംസാരിച്ചത്. സാധാരണ സെന്റര്‍ ബാക്കില്‍ നന്നായി ഉയരമുള്ള താരങ്ങളാണ് കളിക്കുക. എന്നാല്‍ റാഫി അത്രത്തോളം ഉയരമുള്ള താരമല്ല, പക്ഷേ മെച്യൂരിറ്റി പ്ലെയര്‍ ആണ്. ഇന്ത്യന്‍ ടീമിനെ ബില്‍ഡ് അപ് ചെയ്തപ്പോള്‍ വളരെ പെട്ടെന്ന് ആ സിസ്റ്റത്തിലേക്ക് റാഫി അഡ്ജസ്റ്റ് ആയി. ഹമീദ് പറയുന്നു. 

ഇനി എ.എഫ്.സി കപ്പിന് യോഗ്യത നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. സൗദി അറേബ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരും ഉസ്‌ബെകിസ്താനുമടങ്ങുന്ന കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇന്ത്യ. ആകെ ഒരൊറ്റ ടീമാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടുക. കാഠ്മണ്ഡുവില്‍നിന്ന് വന്നാല്‍ വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ചു പോലും ചിന്തിക്കുന്നില്ല. എ.എഫ്.സി കപ്പിനായുള്ള ക്യാമ്പിനായി ഗോവയിലേക്കാണ് അടുത്ത യാത്ര. റാഫി പറയുന്നു.

Content Highlights: Muhammed Rafi India U-18 Team SAFF Cup Football Interview