''നമ്മക്ക് ഇപ്പോഴുള്ള കുട്ട്യാളെപ്പോലെ ബൂട്ടും ജഴ്‌സിയും ഒന്നൂല്യായിരുന്നു. കുട്ട്യാള്‍ക്ക് ഇപ്പോ ഒരുപാട് അവസരംണ്ട്'' കളി തുടങ്ങിയ കാലത്തെ പ്രതിസന്ധികള്‍ മുഹമ്മദ് റാഫിക്ക് മറക്കാനാകില്ല. മലപ്പുറം എം.എസ്.പി സ്‌കൂളിലെ ഫുട്‌ബോള്‍ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനതാരം.

ഫുട്‌ബോളിന് വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങില്‍ നമ്മള്‍ ഏറെ മുന്നേറി. ഒന്നുമല്ലാതിരുന്ന തന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് ഐ.എസ്.എല്‍ വന്നതോടെയാണെന്നും റാഫി പറയുന്നു. തന്റെ പ്രതീക്ഷകളെ കുറിച്ച് റാഫി സംസാരിക്കുന്നു

ഐ ലീഗ് പ്രതീക്ഷ?

പല ക്ലബ്ബുകളും സമീപിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ നല്ല ഓഫര്‍ കിട്ടുന്ന ടീമുമായി കരാറൊപ്പിടാനാണ് തീരുമാനം. ഐ.എസ്.എല്ലിലുണ്ടായ ആവേശം ഐ-ലീഗിലുമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു മാസത്തോളം വീട്ടുകാര്‍ക്കൊപ്പം കഴിയണം.

ഐ.എസ്.എല്‍ മൂന്നാം സീസണിലുണ്ടായ മാറ്റം?

രണ്ടാം സീസണ്‍ മുതലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്. പക്ഷേ, തന്റെ തലവര തെളിഞ്ഞത് മൂന്നാം സീസണിലാണ്. ഫൈനലില്‍ നേടിയ ഗോളോടെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഇപ്പോള്‍ ഒരു തട്ടുകടയില്‍ വരെ കയറാന്‍ പറ്റില്ല. അപ്പോഴേക്കും ആളുകള്‍ ഓടിയെത്തും. എല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്. അവരുടെ പ്രാര്‍ഥനയും അനുഗ്രഹവുമാണ് എല്ലാ നേട്ടങ്ങള്‍ക്കും പുറകില്‍.

മലപ്പുറത്തെ കുട്ടികളിലുള്ള പ്രതീക്ഷ?

ഫുട്‌ബോളില്‍ മലപ്പുറം വേറെ ലെവലാണ്. ഇവിടെ കളി കാണാനൊക്കെ എന്താ ആളുകള്‍. എം.എസ്.പിയില്‍ നടക്കുന്ന ഫുട്‌ബോള്‍ ക്യാമ്പ് സന്ദര്‍ശിക്കാനാണ് ഞാന്‍ വന്നത്. കുട്ടികളുടെ ആവേശമൊക്കെ കാണുമ്പോള്‍ ഒന്നു മനസിലായി. ഇന്ത്യയില്‍ ഫുട്‌ബോള്‍ ഭദ്രമാണ്.