ട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമ കണ്ടവർ ആരും കിച്ചു എന്ന നായകനെ മറന്നിട്ടുണ്ടാകില്ല. തന്റെ ജീവിതലക്ഷ്യങ്ങളെല്ലാം ഒരു കടലാസിൽ എഴുതി ചുമരിൽ ഒട്ടിച്ചുവെച്ച് എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ അതെടുത്ത് നോക്കുന്ന കിച്ചു. എന്നാൽ 2016-ൽ പുറത്തിറങ്ങിയ ഈ സിനിമക്കും എത്രയോ വർഷങ്ങൾക്കു മുന്നേ തന്റെ ആഗ്രഹങ്ങളെല്ലാം ഇതുപോലെ ചുമരിൽ എഴുതിവെച്ച ഒരു വ്യക്തി കേരളത്തിലുണ്ട്. കാസർകോട് തളങ്കരയിൽ നിന്നുള്ള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ.

രഞ്ജി ട്രോഫിയിൽ നാല് സെഞ്ചുറി, ഐപിഎൽ, ബെൻസ്, സ്വന്തമായി വീട്, 2023 ലോകകപ്പ്..ഇതായിരുന്നു അസ്ഹറിന്റെ ലക്ഷ്യങ്ങൾ. പേനയിലെ മഷി കളയാനായിരുന്നില്ല ആ എഴുത്ത്. ഈ സീസണിലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ ഈ 27-കാരൻ ഇടം പിടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പിൽ മുംബൈയ്ക്കെതിരേ 54 പന്തിൽ പുറത്താകാതെ 137 റൺസ് അടിച്ചെടുത്താണ് അസ്ഹർ കോലിയുടെ ടീമിന്റെ ഹൃദയം കവർന്നത്. 2013-ൽ അണ്ടർ-19 ടൂർണമെന്റിൽ തമിഴ്നാടിനെതിരേ ആദ്യ പന്തിൽ സിക്സർ അടിച്ച് പ്രൊഫഷണൽ ക്രിക്കറ്റ് തുടങ്ങിയ കേരളത്തിന്റെ അസ്ഹറിന് പിന്നീട് പിഴച്ചില്ല. മൂത്ത സഹോദരൻ കമറുദ്ദീൻ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മൊഹമ്മദ് അസ്ഹറുദ്ദീനോടുള്ള ആരാധന മൂത്ത് അനിയന് അതേ പേരിട്ടതും വെറുതെ ആയില്ല.

കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നിർത്തിവെച്ചതോടെ കാസർകോട്ടെ വീട്ടിലാണ് അസ്ഹറുള്ളത്. സെപ്റ്റംബർ 19-ന് യു.എ.ഇയിൽ തുടങ്ങുന്ന ഐപിഎൽ രണ്ടാം ഘട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് താരം.. അതിനിടയിൽ മാതൃഭൂമി ഡോട്ട് കോമുമായി അസ്ഹർ തന്റെ ഐപിഎൽ അനുഭവങ്ങൾ പങ്കുവെച്ചു.

ഐപിഎല്ലിലെ ബയോ ബബ്ൾ സംവിധാനം

മുഷ്താഖ് അലി ട്രോഫിയും രഞ്ജി ട്രോഫിയും ബയോ ബബ്ളിനുള്ളിൽ നിന്നാണ് കളിച്ചത്. അതുകൊണ്ട് ഐപിഎല്ലിൽ എത്തിയപ്പോൾ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തോന്നിയില്ല. കേരളത്തിനായി കളിക്കുമ്പോഴും ഐപിഎല്ലാണെങ്കിലും ബയോബബ്ൾ കുറച്ച് ഫ്രസ്റ്റേറ്റിങ്ങാണ്. നിയന്ത്രണമുള്ള ഏരിയക്ക് പുറത്തേക്ക് പോകാൻ പറ്റില്ല. 55 ദിവസം ഒക്കെ ഇങ്ങനെ ഇരുന്നുകഴിയുമ്പോൾ കുറച്ച് ഫ്രസ്റ്റേറ്റിങ് ആയിരിക്കും. അതേസമയം അനാവശ്യമായി സമയം പാഴാക്കുന്ന കാര്യങ്ങളിലേക്ക് നമ്മൾ പോകില്ല. പുറത്തു കറങ്ങാനോ ഷോപ്പിങ് മാളിൽ പോകാനോ പറ്റില്ല. അതു നല്ല വശമാണ്. ബയോ ബബ്ൾ പ്രകടനത്തെ ബാധിക്കില്ല. പരിശീലനം, ജിം വർക്ക് ഔട്ട് ഇതു മാത്രമായിരിക്കും നമ്മുടെ മുന്നിലുള്ളത്. കുറച്ചുകൂടെ ഫോക്കസ് ആയി ഇരിക്കാൻ ഇത് സഹായിക്കും. ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടത്തിൽ ഐപിഎൽ പോലുള്ളൊരു ടൂർണമെന്റ് നടത്തുന്നതുതന്നെ വലിയ കാര്യമാണ്. അതുകൊണ്ട് നമ്മൾ ബയോ ബബ്ളുമായി യോജിച്ചുപോയേ പറ്റൂ.

ഐപിഎല്ലിൽ കോവിഡ് വന്നപ്പോൾ

ഐപിഎൽ നിർത്തിവെയ്ക്കുമോ എന്ന ആശങ്കയേ ഉണ്ടായിരുന്നൂള്ളൂ. പേടിയൊന്നും ഉണ്ടായില്ല. പോസിറ്റീവ് ആയാൽ പോസിറ്റീവ് ആയി എന്നേയുള്ളു. പോസിറ്റീവ് ആയാൽ എല്ലാവരും നന്നായി നമ്മളെ ശ്രദ്ധിക്കും. എല്ലാ സഹായങ്ങളും ചെയ്യും.. അതിൽ കൂടുതൽ പിന്നെന്ത് ചെയ്യാനാണ്. ഞാൻ ഒന്നിനും പേടിച്ച് ഇരിക്കാത്ത ഒരാളാണ്. മത്സരത്തിന്റെ കാര്യമാണെങ്കിലും അങ്ങനെയാണ്. പേടിച്ചാൽ ഒന്നും നടക്കൂല.

ഐപിഎൽ നിർത്തിവെച്ചപ്പോൾ

നിരാശ തോന്നി. ഐപിഎല്ലിൽ കളിക്കാൻ ഇത്രയും കാലം കാത്തുനിന്നതല്ലേ, ടീമിൽ കേറുമെന്ന പ്രതീക്ഷ കൂടി വന്ന സമയത്താണ് ടൂർണമെന്റ് നിർത്തിവെച്ചത്. അത് വലിയ നിരാശയായിരുന്നു. ഇനി സെപ്റ്റംബർ 19-ന് യു.എ.ഇയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി നന്നായി പരിശീലനം ചെയ്യുന്നുണ്ട്.

വിരുഷ്കയോടൊപ്പമുള്ള ചിത്രം

അത് അനുഷ്ക ശർമ ടീം ക്യാമ്പിൽ വന്നപ്പോൾ എടുത്തതാണ്. ഞാൻ വിരാട് ഭായിയുടെ അടുത്ത് ഫോട്ടോ ചോദിച്ചു. അപ്പോൾ പറഞ്ഞു, ഓകെ അതിന് എന്താ എന്ന്. എന്നിട്ട് അനുഷ്ക മാമിനോട് ഫോട്ടോ എടുക്കാനുണ്ടെന്ന് വിരാട് ഭായ് പറഞ്ഞു. ആ സമയത്ത് അനുഷ്ക മാം എന്നോട് ചോദിച്ചു. നീയാണോ ബക്കറ്റ് ലിസ്റ്റ് എഴുതിയ ആ പയ്യൻ എന്ന്. അതെ എന്ന് ഞാൻ മറുപടി പറഞ്ഞു. ആ ബക്കറ്റ് ലിസ്റ്റ് വളരെ സ്വകാര്യമായി വെച്ചതാണെന്നും എങ്ങനെയാണ് പുറത്തുവന്നതെന്ന് അറില്ലെന്നും ഞാൻ അനുഷ്കയോട് പറഞ്ഞു. അപ്പോൾ അവര് പറഞ്ഞു. അങ്ങനെ വേണം അത് നല്ലതാണെന്ന. അതു കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അവര് ഓരോ താരങ്ങളേയും കൃത്യമായി ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോർത്ത്.

ടീമിലെ വിദേശ താരങ്ങൾ

എബി ഡിവില്ലിയേഴ്സും ആദം സാംപയും ഗ്ലെൻ മാക്സ്വെൽ എന്നിവരുമായിട്ട് കൂടുതൽ അടുപ്പമില്ല. വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും മത്സരത്തെ സമീപിക്കുന്നതിൽ വലിയ രീതിയിലുള്ള വ്യത്യാസമുണ്ട്. തയ്യാറെടുപ്പുകളും വ്യത്യസ്തമാണ്. അതു കാണുമ്പോൾ നമുക്ക് മനസ്സിലാകും. ഒരു മത്സരം എന്നതിനേക്കാൾ ഇമോഷണൽ അറ്റാച്ച്മെന്റൊന്നും അവർക്കില്ല. ജസ്റ്റ് ഒരു കളിയാണ് എന്ന സമീപനമാണ്. എന്നാൽ ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി ആഴത്തിലാണ് മത്സരങ്ങൾ കാണുന്നത്. മത്സരത്തോടുള്ള കമ്മിറ്റ്മെന്റും കൂടുതലാണ്,

ദേവ്ദത്തുമായുള്ള സൗഹൃദം

ഞങ്ങൾ അടുത്ത കൂട്ടുകാർ ഒന്നുമല്ല. കാണുമ്പോൾ സംസാരിക്കും. ജസ്റ്റ് ഹായ് ബൈ പറയും. ആരുമായും അധികം ക്ലോസ് ആയിട്ടില്ല. എല്ലാവർക്കും അവരുടേതായ ടെൻഷനും സമ്മർദ്ദവുമെല്ലാം ഉണ്ടാകും. ഞാൻ ഏറ്റവും കംഫർട്ടബ്ൾ ആയിട്ടുള്ള രണ്ടു താരങ്ങൾ രജത് പട്ടിദാറും പവൻ ദേശ്പാണ്ഡെയുമാണ്. നമ്മൾ മൂന്നു പേരും അത്യാവശ്യം നല്ല കമ്പനിയാണ്. അവർ രണ്ടു പേരോടും തുറന്നു സംസാരിക്കാം.

സൈമൺ കാറ്റിച്ചിന്റെ കോച്ചിങ്

സിംപിൾ ആണ്, സ്ട്രൈറ്റ് ഫോർവേർഡ് ആണ്. എന്തു കാര്യമുണ്ടായാലും മുഖത്തുനോക്കി പറയും. കോച്ചിങ് മെത്തേഡിൽ ാെഇന്ത്യൻ പരിശീലകരുടെ രീതിയിൽ നിന്ന് കുറച്ചു വ്യത്യാസമുണ്ട്. സ്ട്രിക്റ്റ് അല്ല. ഭയങ്കര ജോളിയാണ്. വാട്ട്മോർ കേരള ടീമിന്റെ കോച്ച ആയിരുന്ന സമയത്തുള്ള അതേ രീതി. നമുക്ക് എന്ത് അറിയോ അത് ഫ്രീ ആയി ഗ്രൗണ്ടിൽ ചെയ്യുക എന്നതാണ്. മോഡിഫിക്കേഷന് ശ്രമിക്കാറില്ല. ഇങ്ങനെ കളിക്കണം എന്നു പറയാനോ റെസ്ട്രിക്റ്റ് ചെയ്യാനോ ശ്രമിക്കാറില്ല.

വീട്ടിൽ എപ്പോഴും ജോളി

ഞങ്ങൾ സഹോദരങ്ങൾ എട്ടു പേരാണുള്ളത് ഞാൻ എട്ടാമത്തെ ആളാണ്. ഏഴ് കാക്കമാരാണുള്ളത്. ഏഴ് ബാബിമാരുമുണ്ട്. ഇവരുടെയെല്ലാം മക്കളുമുണ്ട്. അതുകൊണ്ട് എപ്പോഴും ബഹളമായിരിക്കും. ജോളി മൂഡ് ആയിരിക്കും. അവർക്കെല്ലാം ഞാൻ ആർസിബി എന്ന ടീമിൽ വന്നതിന്റെ സന്തോഷമുണ്ട്. എനിക്ക് വിരാട് കോലിയോടുള്ള ആരാധനയെ കുറിച്ച് അവർക്ക് നന്നായി അറിയാം. ഇനി എപ്പോഴാണ് ആർസിബിക്ക്ു വേണ്ടി കളിക്കുക എന്നത് അവർ കാത്തിരിക്കുകയാണ്. ഞാൻ ബാറ്റിങ്ങിന് ഇറങ്ങുകയാണെങ്കിൽ കോലിക്കൊപ്പം കളിക്കുമെന്ന് അവർക്ക് അറിയാം. അവരെല്ലാവരും ആ എക്സൈറ്റ്മെന്റിലാണ്.

Content Highlights: Mohammed Azharuddeen RCB Player Interview IPL 2021