ളൊഴിഞ്ഞ മൈതനാത്തുനിന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറന്നിറങ്ങിയത് കാസര്‍കോട്ടെ ആരവത്തിലേക്കായിരുന്നു. നാടിന്റെ ഈ സ്‌നേഹവും തിരിച്ചിങ്ങോട്ടുള്ള സ്‌നേഹവും കെ.എല്‍. 14 എന്ന വിളിക്ക് കേരളാ ടീമിന്റെ ഡ്രസിങ് റൂമിലും സ്ഥാനം കൊടുത്തു. 

സീസണിന്റെ തിരക്കുകള്‍ക്കിടയില്‍ നാട്ടിലെത്തിയ അസ്ഹര്‍ രണ്ടുദിവസത്തിനുശേഷം വയനാട് കൃഷ്ണഗിരിയിലെ കേരള ക്യാമ്പിലേക്ക് മടങ്ങും. ജേഴ്സിയില്‍ നാടിനെ നെഞ്ചേറ്റുന്ന കേരള ടീമിന്റെ കെ.എല്‍. 14 ആള്‍ത്തിരക്കൊഴിഞ്ഞ് സംസാരിക്കുകയാണ്.

ഓപ്പണിങ് ആറുമാസം മുന്‍പേ ബുക്ക് ചെയ്തത്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഓപ്പണിങ് ഇറങ്ങാനായത് ശ്രദ്ധിക്കപ്പെടാനായെന്ന് അസ്ഹറുദ്ദീന്‍ പറയുന്നു. തന്റെ ശൈലിക്ക് ഇണങ്ങി ഇത്തവണ ബാറ്റ് ചെയ്യാനായി. ''സയ്യിദ് മുഷ്താഖ് അലിയില്‍ അരങ്ങേറിയപ്പോള്‍ ഓപ്പണിങ്ങായിരുന്നു. അന്ന് മുന്നോട്ട് എന്ന ചിന്തയില്ലാത്ത കളിയായിരുന്നു. പിന്നെ വാട്മോറിന്റെ കീഴില്‍ ടീമിന്റെ ഘടനയ്ക്കനുസരിച്ച് സ്ഥാനം പിന്നോട്ടിറങ്ങി. ഈ സീസണില്‍ ആറുമാസം മുന്‍പുതന്നെ ടിനുച്ചേട്ടനെ വിളിച്ച് ഓപ്പണിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം ട്വന്റി 20 എന്ന ഉറപ്പില്‍ ലോക്ഡൗണ്‍ കാലത്ത് കഠിനപരിശീലനമായിരുന്നു. അത് ഉപകരിച്ചു. ഹിറ്റിങ് ഷോട്ടുകള്‍ കളിക്കാനായി ജിമ്മില്‍ പ്രത്യേക പരിശീലനം നടത്തി.'' അതിന്റെ ഫലമാണ് ആ സെഞ്ചുറിയെന്നും അസ്ഹറുദ്ദീന്‍ പറയുന്നു.

ടീമിന്റെ പിന്തുണ

''ടീമില്‍ 2007 ലോകകപ്പ് ട്വന്റി-20 കളിച്ച രണ്ടുപേരുണ്ടായിരുന്നു. ശ്രീശാന്ത് ഭായിയും റോബിന്‍ ഭായിയും. ഇത് തന്നെയൊരു ആവേശമായിരുന്നു. ശ്രീശാന്ത് ഭായിയുടെ ഓരോ വാക്കുകളും പ്രചോദനമാണ്. സെഞ്ചുറി ഇന്നിങ്സില്‍ എനിക്ക് സ്‌ട്രൈക്ക് തന്ന് നല്ല പിന്തുണയായിരുന്നു റോബിന്‍ ഭായിയുടെത്.'' ടീമിന്റെ മൊത്തത്തിലുള്ള പിന്തുണ അത്രയ്ക്കാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ചുറി ഇന്നിങ്സിനൊപ്പം രണ്ട് നല്ല ഇന്നിങ്സും അസ്ഹര്‍ കളിച്ചിരുന്നു. 30, 35 റണ്‍സ്. ഈ ഇന്നിങ്സുകള്‍ കുറച്ചുകൂടെ മികച്ചതാക്കിയിരുന്നെങ്കില്‍ ടീമിന്റെ റിസല്‍ട്ടിലടക്കം മാറ്റമുണ്ടാകുമെന്നാണ് അസ്ഹറുദ്ദീന്റെ വിശ്വാസം.

ബാറ്റിന് നടുക്ക് പന്ത് കൊള്ളണം

ചുമ്മാ അങ്ങ് ബാറ്റ് വീശി നേടിയതല്ല അസ്ഹറുദ്ദീന്റെ സെഞ്ചുറി. ലോക്ഡൗണ്‍ കാലത്തെ ചിട്ടയായ പരിശീലനവും അതിനോട് ചേര്‍ത്തുനിര്‍ത്തിയ മനസ്സുമാണ് മികച്ച ഇന്നിങ്സിന് പിന്നില്‍. ''ലോക്ഡൗണ്‍ കാലം എനിക്കൊരു അനുഗ്രഹമായിരുന്നു. ലക്ഷ്യത്തോടെയാണ് പരിശീലിച്ചത്. ഏതൊരു സമയത്തും ലക്ഷ്യം മുന്നിലുണ്ടായിരുന്നു. ആദ്യ സീസണില്‍ കളിച്ചതില്‍നിന്ന് മാറി ആ ലക്ഷ്യത്തെ ഓര്‍ത്തായിരുന്നു ബാറ്റിങ്,'' അസ്ഹര്‍ പറയുന്നു. ''ബോളറെ ഡോമിനേറ്റ് ചെയ്ത് കളിക്കാനാണ് താത്പര്യം. ബോളറിട്ട് തരുന്ന പന്ത് അടിക്കുന്നതിലും നല്ല ബോള് തിരിഞ്ഞുപിടിച്ച് അടിക്കുന്നതിലുമാണ് രസം. പന്ത് ബാറ്റിന്റെ നടുക്ക് കൊള്ളണം.

ഈ ശൈലിയാണ് ട്വന്റി 20ക്കും ഏകദിനത്തിലും നല്ലത്. രഞ്ജിയിലും നല്ല രീതിയില്‍ തന്നെ കളിക്കുന്നുണ്ട്. ഇനിയും ഇതേ രീതിയില്‍ കളിക്കണമെന്നാണ് ആഗ്രഹം. ഈ അടി ഇവിടെ തീരുന്നില്ല, വരുന്ന മാസം ഐ.പി.എല്‍. ലേലമുണ്ട്. ''ഇതുവരെ ലേലത്തില്‍ പ്രതീക്ഷകളുണ്ടായിരുന്നില്ല. ഈയൊരു ഇന്നിങ്സ് പ്രതീക്ഷ നല്‍കുന്നുണ്ട്. പിന്നെ ഇതൊന്നും നമ്മുടെ കൈയിലല്ല, ഫ്രാഞ്ചൈസിയും സെലക്ടര്‍മാരുമാണ് തീരുമാനിക്കേണ്ടത്'' പ്രതീക്ഷയോടെ അസ്ഹര്‍ പറഞ്ഞുനിര്‍ത്തി.

Content Highlights: Meet Mohammed Azharuddeen power hitter from Kerala who scored century in 37 balls