ഇന്ത്യന്‍ ഫുട്‌ബോളിലെ ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ച കേരളത്തിലെ ഒരു ക്ലബ്ബാണ്. 131 വര്‍ഷത്തെ ചരിത്രമുള്ള ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ രണ്ടാമത്തെ മാത്രം കേരള ടീമായിരിക്കുകയാണ് ഗോകുലം. 22 വര്‍ഷത്തെ കേരളത്തിന്റെ കാത്തിരിപ്പിനാണ് ഓഗസ്റ്റ് 24-ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കില്‍ അവസാനമായത്. കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഗോകുലം തോല്‍പ്പിക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെ ചുണ്ടില്‍ മുഴങ്ങിയത് ഒരേയൊരു പേരാണ്, ഗോകുലത്തിന്റെ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ. 

ടൂര്‍ണമെന്റിലുടനീളം രണ്ടു ഹാട്രിക്കും ഫൈനലിലെ ഇരട്ടഗോളുകളുമടക്കം 11 ഗോളുകളാണ് മാര്‍ക്കസ് ഗോകുലത്തിനായി അടിച്ചുകൂട്ടിയത്. 1997-ല്‍ കിരീടം നേടിയ എഫ്.സി കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പ് നേടുന്ന ഏക കേരള ടീമെന്ന നേട്ടവും ഇതോടെ ഗോകുലം സ്വന്തമാക്കി.

ഒരു മത്സരംപോലും തോല്‍ക്കാതെയുള്ള ഗോകുലത്തിന്റെ ഈ പ്രകടനത്തിനു പിന്നാല്‍ മാര്‍ക്കസ് ജോസഫെന്ന ട്രിനിഡാഡുകാരന്റെ പങ്ക് വാക്കുകള്‍ക്കതീതമാണ്. ചുരുളന്‍ മുടിയുള്ള അധികം ചിരിക്കാത്ത കാലില്‍ പന്തുകിട്ടിയാല്‍ കുതിച്ചുകയറുന്ന ഗോളടിച്ചുകൂട്ടുന്ന മാര്‍ക്കസിനെ ഇന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ നന്നേ ചെറുപ്രായത്തില്‍ നാട്ടുകാരനായ ബ്രയാന്‍ ലാറയോടുള്ള ആരാധനമൂത്ത് ക്രിക്കറ്റിനോട് ഇഷ്ടംകൂടി നടന്ന, അമ്മയുടെ വിയോഗത്തില്‍ തകര്‍ന്ന് ഫുട്‌ബോള്‍ തന്നെ ഇനിവേണ്ടെന്നു തീരുമാനിച്ച മാര്‍ക്കസിനെ അധികമാര്‍ക്കും അറിയില്ല. മാര്‍ക്കസ് തന്നെ മാതൃഭൂമി ഡോട്ട്‌കോമിനോട് ആ കഥ പറയുകയാണ്.

marcus joseph gokulam kerala fc player interview

കസിന്‍സ് കണ്ടെത്തിയ ഫുട്‌ബോളര്‍

തന്നിലെ ഫുട്‌ബോളറെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് മൊത്തം ജോസഫ് നല്‍കുന്നത് കസിന്‍സായ കിറ്റ് ലംഗായ്ക്കും ചാള്‍സ് ജോസഫിനുമാണ്. കാരണം നാട്ടുകാരനായ ബ്രയാന്‍ ലാറയോടുള്ള ആരാധനമൂത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങിയ മാര്‍ക്കസിനെ അതില്‍ നിന്നും പിടിച്ച് തങ്ങള്‍ക്കൊപ്പം ഫുട്‌ബോളിന്റെ ലോകത്തേക്കുകൊണ്ടുവന്നത് അവരായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ കസിന്‍സിനൊപ്പം സമയം ചെലവിടാന്‍ ഇഷ്ടപ്പെട്ടിരുന്ന താരമാണ് മാര്‍ക്കസ്. മറ്റെവിടെയും അവനെ കണ്ടില്ലെങ്കില്‍ ഉറപ്പ് അവന്‍ അവര്‍ക്കൊപ്പമുണ്ടാകും. വൈകുന്നേരങ്ങളില്‍ മാര്‍ക്കസും കസിന്‍സും ബീച്ചില്‍ കളിക്കാന്‍ പോകുന്നത് പതിവായിരുന്നു. നിരവധി കുട്ടികള്‍ അവിടെ കളിക്കാനെത്തും. അവിടെ നിന്നാണ് മാര്‍ക്കസ് ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്നത്. എന്നാല്‍ ഫുട്‌ബോള്‍ ഇഷ്ടമായിരുന്ന കസിന്‍സിനൊപ്പം നില്‍ക്കാന്‍ കുഞ്ഞ് മാര്‍ക്കസ് തനിക്ക് ഇഷ്ടപ്പെട്ട ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു. കിറ്റ് ലംഗായും ചാള്‍സുമാകട്ടെ അവനിലെ ഫുട്‌ബോളറെ തിരിച്ചറിയുകയും അവനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

തങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടിയ മാര്‍ക്കസ് മുതിര്‍ന്നവരെ പോലും വെട്ടിച്ച് മുന്നേറി ഗോളടിക്കുന്നതും വലിയവരെന്നു നോക്കാതെ ടാക്കിള്‍ ചെയ്യുന്നതും ചാള്‍സ് ശ്രദ്ധിച്ചിരുന്നു. അതോടെ ചാള്‍സ് മറ്റൊന്നും ചിന്തിച്ചില്ല, മാര്‍ക്കസിന്റെ കൈപിടിച്ച് നേരെ ചെന്നുകയറി ലാബ്രിയ അക്കാദമിലേക്ക്. കോച്ചിനോട് സംസാരിച്ച് മാര്‍ക്കസിനെ പരിശീലനത്തിനയക്കാന്‍ മുന്‍കൈയെടുത്തതും ചാള്‍സ് തന്നെ. അതാണ് തന്റെ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കമെന്ന് മാര്‍ക്കസ് ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു.

അമ്മയുടെ മരണം

ഒമ്പതു വര്‍ഷം മുന്‍പാണ് മാര്‍ക്കസിനെ തകര്‍ത്തുകളഞ്ഞ ആ സംഭവം. അമ്മ മാരൊലിന്‍ പീറ്റേഴ്‌സിന്റെ മരണം. അമ്മയുടെ വിയോഗത്തിനു പിന്നാലെ മാര്‍ക്കസിന് ആദ്യം തോന്നിയത് തന്റെ എല്ലാമെല്ലാമായ ഫുട്‌ബോള്‍ ഇനി വേണ്ടെന്നായിരുന്നു. അന്ന് എല്ലാം നഷ്ടമായെന്ന തോന്നലായിരുന്നുവെന്ന് മാര്‍ക്കസ് പറയുന്നു. ഫുട്‌ബോളിലുള്ള തന്റെ ഫോക്കസ് തന്നെ നഷ്ടമായി. കരിയറിലെ ഓരോ ഉയര്‍ച്ചയിലും തന്റെ കൂടെയുണ്ടായിരുന്നു അമ്മയുടെ വിയോഗം മാര്‍ക്കസിനെ ആകെ ഉലച്ചുകളഞ്ഞു. ഇനി കളിക്കാനാകില്ലെന്ന മാനസികാവസ്ഥയിലായിരുന്നു മാര്‍ക്കസ്. ആരോടും സംസാരിക്കാന്‍ തയ്യാറാകാതെ അവന്‍ ഒറ്റയ്ക്കിരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രണ്ടു ദിവസത്തിനപ്പുറം മാര്‍ക്കസിനെ കാത്ത് ഒരു പ്രധാന മത്സരമുണ്ടായിരുന്നു. ഹോണ്ടുറാസുമായുള്ള അണ്ടര്‍ 20 ലോകകപ്പ് യോഗ്യതാ മത്സരം. ലോകകപ്പിന് യോഗ്യത നേടാന്‍ ട്രിനിഡാഡിന് ആ മത്സരം നിര്‍ണായകമായിരുന്നു. ഒടുവില്‍ മുത്തശ്ശിയും പിതാവ് ലെറിക് ജോസഫും കുടുംബാംഗങ്ങളും അവന്റെ തീരുമാനം മാറ്റണമെന്നുറച്ചു. ടീം അംഗങ്ങള്‍കൂടി മുന്‍കൈയെടുത്തതോടെ മാര്‍ക്കസ് ഫുട്‌ബോളിന്റെ ലോകത്തേക്ക് മടങ്ങിയെത്തി. ഹോണ്ടുറാസിനെ തോല്‍പ്പിച്ച് ട്രിനിഡാഡ് ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു.

marcus joseph gokulam kerala fc player interview

കിറ്റ് സമ്മാനിച്ച ആ ബൂട്ടുകള്‍

ഗോകുലത്തിനായി ഇന്ന് ഗോളടിച്ചുകൂട്ടുകയാണ് മാര്‍ക്കസിന്റെ ബൂട്ടുകള്‍. എന്നാല്‍ പത്തുവയസുകാരനായിരുന്ന മാര്‍ക്കസിന്റെ മനസില്‍ ഏറെ സന്തോഷം നല്‍കിയ ഒരു ജോഡി ബൂട്ടിന്റെ ഓര്‍മ ഇന്നുമുണ്ട്. തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ആദ്യത്തെ ബൂട്ട്. ലാബ്രിയ അക്കാദമിയില്‍ പരിശീലിക്കുന്ന കാലത്താണത്. അന്ന് ലാബ്രിയ അക്കാദമിയുടെ അണ്ടര്‍ 14 ടീമില്‍ മാര്‍ക്കസിന്റെ കസിന്‍ കിറ്റ് ലംഗായുമുണ്ടായിരുന്നു. മാര്‍ക്കസിന് ആദ്യമായി ഒരു ജോഡി ബൂട്ട് സമ്മാനിക്കുന്നത് കിറ്റാണ്.

ആദ്യ കോച്ച് 

1998-ല്‍ ലാബ്രിയ അക്കാദമിക്കു വേണ്ടി കളിക്കുമ്പോഴാണ് ഫില്‍ബര്‍ ജോണ്‍സ് മാര്‍ക്കസിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. അന്ന് ടീമിലെ 'കുഞ്ഞനായിരുന്നു' മാര്‍ക്കസ്. ആള് ചെറിയവനാണെങ്കിലും മാര്‍ക്കസിന്റെ കളി ഫില്‍ബറിന് നന്നേപിടിച്ചു. അതോടെ ടീമിലെ തന്നേക്കാള്‍ മുതിര്‍ന്നവര്‍ക്കൊപ്പം കളിക്കാന്‍ ഫില്‍ബര്‍ മാര്‍ക്കസിനെ അനുവദിച്ചു. തന്നില്‍ താന്‍പോലും അന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത പലതും ശ്രദ്ധിച്ചത് ഫില്‍ബറായിരുന്നുവെന്ന് മാര്‍ക്കസ് പറഞ്ഞു. അന്ന് അദ്ദേഹം മാര്‍ക്കസില്‍ കാണിച്ച വിശ്വാസമാണ് ഇന്ന് അറിയപ്പെടുന്ന ഒരു ഫുട്‌ബോളറാക്കി മാര്‍ക്കസിനെ വളരാന്‍ സഹായിച്ചത്.

marcus joseph gokulam kerala fc player interview
മാര്‍ക്കസ് ജോസഫും ഐ.എം വിജയനും

ട്രിനിഡാഡ് ടീമിലേക്ക്

ലാബ്രിയ അക്കാദമിയുടെ വിവിധ മത്സരങ്ങളില്‍ തിളങ്ങിയ ആ ചെറിയ പയ്യനെ അന്നേ ട്രിനിഡാഡുകാര്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ 15 വയസുള്ളപ്പോള്‍ ട്രിനിഡാഡ് അണ്ടര്‍ 17 ടീമിലേക്ക് മാര്‍ക്കസിന് വിളിയെത്തി. അവിടെവെച്ചാണ് മാര്‍ക്കസിന്റെ ജീവിതത്തിലേക്ക് ആന്റണ്‍ കോണില്‍ എന്ന പരിശീലകന്‍ കടന്നുവരുന്നത്. ദക്ഷിണ കൊറിയയില്‍ നടന്ന യൂത്ത് ലോകകപ്പില്‍ ട്രിനിഡാഡ് ടീം പങ്കെടുത്തത് ആന്റണ്‍ കോണിലിന്റെ പരിശീലനത്തിലായിരുന്നു. പിന്നീട് ട്രിനിഡാഡിന്റെ അണ്ടര്‍ 22, അണ്ടര്‍ 23 ടീമുകളിലും പിന്നീട് സീനിയര്‍ ടീമിലും മാര്‍ക്കസ് കളിച്ചു. 

ഗോകുലത്തിന്റെ വരുന്ന സീസണ്‍

വരുന്ന സീസണില്‍ ഐ ലീഗ് കിരീടം നേടാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത ഗോകുലത്തിനാണെന്നാണ് മാര്‍ക്കസിന്റെ പക്ഷം. കളിക്കാരെല്ലാം മികച്ച ഫോമിലാണ്. പരസ്പരധാരണയോടെയാണ് ടീം കളിക്കുന്നത്. കോച്ച് സാന്റിയാഗോ വരേലയ്ക്ക് കളിക്കാരുമായുള്ള ബന്ധം വളരെ മികച്ചതാണ്. മത്സരത്തിനിടെ കളിക്കാര്‍ വരുത്തുന്ന പിഴവുകള്‍ കണ്ടെത്തി അടുത്ത് വിളിച്ച് അപ്പോള്‍ തന്നെ തിരുത്തുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. മത്സരത്തിനിടെ സാഹചര്യം മനസിലാക്കി ഫോര്‍മേഷനില്‍ മാറ്റംവരുത്തുന്ന വരേലയുടെ തന്ത്രത്തെയും മാര്‍ക്കസ് പ്രശംസിച്ചു. സാഹചര്യത്തിനുസരിച്ച് ചിലപ്പോള്‍ അദ്ദേഹം എന്നെ മിഡ്ഫീല്‍ഡിലേക്ക് ഇറക്കും അപ്പോള്‍ ഹെന്റി കയറിക്കളിക്കുന്നുണ്ടാകും. ചിലപ്പോള്‍ എന്നെ കയറിക്കളിപ്പിച്ച് ഹെന്റിയെ മാറ്റും. കളിക്കാര്‍ക്ക് കളത്തില്‍ കാണാനാകാത്തത് മനസിലാക്കി അതിനൊത്ത് കൃത്യമായി അദ്ദേഹം പ്രവർത്തിക്കും.

Content Highlights: marcus joseph gokulam kerala fc player interview