സ്ഥലം തമിഴ്‌നാട് കാഞ്ചീപുരത്തെ മദ്രാസ് മോട്ടോര്‍ റെയ്‌സ് ട്രാക്ക്, അന്താരാഷ്ട്ര മോട്ടോര്‍ ബൈക്ക് റേസിങ്ങിലെ ഹോണ്ട 2021 എന്‍.എസ്.എഫ് 250 ആര്‍.ആര്‍ വിഭാഗത്തിലുള്ള മത്സരം പുരോഗമിക്കുന്നു. 11 പേര്‍ പങ്കെടുക്കുന്ന റേസിങ്ങില്‍ അഞ്ചാമനായി ഒരു മലയാളി താരമുണ്ട്. മലപ്പുറം ആതവനാട്ടുകാരനായ പറമ്പന്‍ മുഹ്‌സിന്‍. മത്സരത്തിലെ ഏക മലയാളി സാന്നിധ്യമാണ് മുഹ്‌സിന്‍. അഞ്ചാമനായി മത്സരം തുടങ്ങിയ മുഹസിന്‍ വെടിയുണ്ട പോലെ ട്രാക്കില്‍ കുതിച്ചു. മറ്റുള്ളവരെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറി. പെട്ടെന്നാണത് സംഭവിച്ചത്.

ഏഴാം ലാപ്പിലെ മൂന്നാം കോര്‍ണറില്‍ വെച്ച് ഒരു സഹതാരം മുഹ്‌സിന്റെ ബൈക്കിലിടിച്ചു. താരം റോഡില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. എല്ലാം നഷ്ടപ്പെട്ട അവസ്ഥ. മുഹ്‌സിന്‍ മത്സരം ഉപേക്ഷിക്കുമെന്ന് ഉറ്റ സുഹൃത്തുക്കള്‍ പോലും കരുതി. എന്നാല്‍ ചെറുപ്പം മുതല്‍ കണ്ട സ്വപ്‌നത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ്പ് നഷ്ടപ്പെടുത്താന്‍ മുഹ്‌സിന്‍ തയ്യാറായില്ല. വീണ്ടും ബൈക്കെടുത്ത് താരം കുതിച്ചു. പത്തു ലാപ്പുകളുള്ള മത്സരത്തില്‍ അവസാന മൂന്ന് ലാപ്പില്‍ ശരവേഗത്തില്‍ കുതിച്ച താരം ഒന്‍പത് പേരെ മറികടന്ന് രണ്ടാമനായി മത്സരം അവസാനിപ്പിച്ചു. അത്ഭുതം പെയ്തിറങ്ങി വന്ന ആ റേസിങ് ട്രാക്കില്‍ നിന്ന് രണ്ടാം സ്ഥാനം നേടിയെടുത്ത് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് കരിപ്പോള്‍ റാഹത്ത് നഗര്‍ മുസ്തഫ-സക്കീന ദമ്പതികളുടെ മകനായ മുഹ്‌സിന്‍. റേസിങ് ട്രാക്കില്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഈ യുവപ്രതിഭ തെളിയിക്കുന്നു.

മിക്ക ആണ്‍കുട്ടികളെയും പോലെ ചെറുപ്പം തൊട്ടേ ബൈക്കുകളോടും കാറുകളോടും മുഹസിന് വലിയ താത്പര്യമായിരുന്നു. 13-ാം വയസ്സില്‍ തന്നെ ബൈക്ക് ഓടിക്കാന്‍ പഠിച്ചു. റേസിങ് ട്രാക്കുകളില്‍ ചീറിപ്പാഞ്ഞുപോകുന്ന മോട്ടോ ജി.പി മത്സരങ്ങള്‍ കണ്ണിമ വെട്ടാതെ നോക്കിനിന്ന ഈ കൊച്ചുമിടുക്കന്‍ വലുതാകുമ്പോള്‍ വാലെന്റിനോ റോസ്സിയെപ്പോലോ ബാഗ്നയിയെപ്പോലെയോ വലിയ ബൈക്ക് റേസിങ് താരമാകണമെന്നാണ് ആഗ്രഹിച്ചത്.

എന്നാല്‍ ആ ആഗ്രഹത്തിനായി മുഹ്‌സിന്‍ പരിശ്രമിക്കാതിരുന്നില്ല. ഗൂഗിളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് ഇന്ത്യയില്‍ ഈ മത്സര ഇനത്തിന് വലിയ സാധ്യതയില്ലെന്ന് മനസ്സിലാക്കിയത്. എന്നിട്ടും മുഹ്‌സിന്‍ തളര്‍ന്നില്ല. ഇന്ത്യയിലെ പ്രധാന ബൈക്ക് റേസുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അതില്‍ തനിക്ക് പറ്റുന്ന മത്സരങ്ങളെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പക്ഷേ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ഏറെ ചിലവേറിയ കാര്യമായതിനാല്‍ മുഹസിന്‍ ഒന്നു പിന്നോട്ടുവലിഞ്ഞു. ഇടത്തരം കുടുംബത്തില്‍ ജനിച്ച മുഹസിന് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത അത്ര വിലയേറിയ ബൈക്കും അതുമായി ബന്ധപ്പെട്ട സാമഗ്രികളുമൊക്കെ മത്സരത്തിന് ആവശ്യമായിരുന്നു. എന്നാല്‍ ചങ്കായി ചങ്കിടിപ്പായി കൂടെ നിന്ന സുഹൃത്തുക്കള്‍ മുഹ്‌സിന് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കി. 

അപ്പോഴാണ് ഹോണ്ട ഇന്ത്യ എന്ന കമ്പനി 18 വയസ്സില്‍ താഴെയുള്ള ബൈക്ക് ഓടിക്കാന്‍ അറിയാവുന്ന കുട്ടികളെ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കുന്നു എന്ന വാര്‍ത്ത മുഹ്‌സിന്റെ കാതുകളിലേക്കെത്തുന്നത്. സെലക്ഷന്‍ ലഭിച്ചാല്‍ മത്സരങ്ങളില്‍ താരങ്ങളെ ഹോണ്ട തന്നെ പങ്കെടുപ്പിക്കും. ട്രെയിനിങ്ങും ബൈക്കും അതിനുവേണ്ട ചെലവുകളുമെല്ലാം കമ്പനി തന്നെ വഹിക്കും. ഇതിലും മികച്ച അവസരം ലഭിക്കാനില്ലെന്ന് മനസ്സിലാക്കിയ മുഹ്‌സിന്‍ രണ്ടും കല്‍പ്പിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സെലക്ഷന്‍ നടക്കുന്ന കോയമ്പത്തൂരിലേക്ക് വെച്ചുപിടിച്ചു. വീട്ടില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനാല്‍ കാശൊന്നും വേണ്ടത്ര കൈയ്യിലില്ലായിരുന്നു. എന്നാല്‍ മുഹ്‌സിന് വേണ്ട എല്ലാ ചിലവുകളും ഏറ്റെടുത്ത് സുഹൃത്തുക്കള്‍ വഴികാട്ടിയായി നിന്നു. 

സെലക്ഷന്‍ ക്യാമ്പിലെത്തിയപ്പോള്‍ മുഹ്‌സിന്റെ ആത്മവിശ്വാസം ചെറുതായി കുറഞ്ഞു. വന്നവരെല്ലാം വമ്പന്മാര്‍. കൈയ്യിലുള്ളത് അത്യാധുനിക ഹെല്‍മറ്റും ജാക്കറ്റും. മുഹ്‌സിന്റെ കൈയ്യിലുള്ളത് സ്‌കൂട്ടറിനൊപ്പം സൗജന്യമായി ലഭിച്ച സാധാരണ ഹെല്‍മറ്റ് മാത്രം. എന്നാല്‍ പതറാതെ ക്യാമ്പില്‍ പങ്കെടുത്ത മുഹ്‌സിന്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യഘട്ട സെലക്ഷന്‍ നേടിയെടുത്തു. 

രണ്ടാം ഘട്ട സെലക്ഷന്‍ ചെന്നൈയിലാണ് നടന്നത്. അതിലും വിജയിച്ചാല്‍ ഹോണ്ട ടീമിന്റെ ഭാഗമാകാം. പക്ഷേ അപ്പോഴും ഒരു പ്രശ്‌നം മുഹ്‌സിനെ ബാധിച്ചു. രണ്ടാം ഘട്ടത്തില്‍ അതിവേഗത്തില്‍ ബൈക്ക് ഓടിക്കണം. അതുകൊണ്ടുതന്നെ ഏറെ സുരക്ഷ നല്‍കുന്ന ഡി ലോക്ക് ഹെല്‍മറ്റ് ഏവരും നിര്‍ബന്ധമായും ധരിക്കണം. എന്നാല്‍ ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത മുഹ്‌സിന്‍ കൂട്ടുകാരുടെ അടുത്തുള്ള ഏറ്റവും മികച്ച ഹെല്‍മറ്റ് ധരിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങിയത്. എന്നാല്‍ അധികൃതര്‍ തടഞ്ഞു. മുഹ്‌സിന്റെ സങ്കടം കണ്ട സെലക്ഷന്‍ കമ്മിറ്റിയിലെ ഒരാള്‍ താരത്തിന് തത്കാലത്തേക്ക് ഉപയോഗിക്കാന്‍ നല്ലൊരു ഡി ലോക്ക് ഹെല്‍മറ്റ് നല്‍കി. 20 പേരാണ് ഫൈനല്‍ റൗണ്ടിലുണ്ടായിരുന്നത്. ആത്മവിശ്വാസത്തോടെ ബൈക്കോടിച്ച മുഹ്‌സിന്‍ അനായാസം സെലക്ഷന്‍ നേടിയെടുത്ത് ഹോണ്ട ടീമിന്റെ ഭാഗമായി. ആ ടീമില്‍ മുഹ്‌സിന്‍ മാത്രമായിരുന്നു മലയാളി. 2018-ലാണ് താരത്തിന് സെലക്ഷന്‍ ലഭിച്ചത്. സ്വന്തമായി ഒരു ബൈക്ക് പോലുമില്ലാത്ത മുഹ്‌സിന്‍ ഹോണ്ട എന്ന ലോകോത്തര കമ്പനിയുടെ റൈഡറായി മാറി. 

ഹോണ്ടയുടെ കീഴില്‍ താരം ലോകോത്തര നിലവാരത്തിലേക്കുയര്‍ന്നു. ആദ്യ റേസില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. പോള്‍ പൊസിഷനില്‍ ഏഴാമതാണ് താരം ഫിനിഷ് ചെയ്തത്. പെട്രോള്‍ ലീക്കായതിനെത്തുടര്‍ന്ന് താരത്തിന് പിറ്റ് സ്റ്റാര്‍ട്ടാണ് ലഭിച്ചത്. അതായത് മറ്റ് താരങ്ങള്‍ ഒരു ലാപ്പ് പൂര്‍ത്തിയാക്കിയ ശേഷമേ പിറ്റ്സ്റ്റാര്‍ട്ടിലുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാകൂ. 20 പേരാണ് റേസില്‍ പങ്കെടുത്തത്. നേരം വൈകി തുടങ്ങിയിട്ടും പ്രതികൂല സാഹചര്യമായിരുന്നിട്ടും മുഹ്‌സിന്‍ പതറിയില്ല. അസാമാന്യ വേഗത്തിലൂടെ താരം ആറാമനായി മത്സരം അവസാനിപ്പിച്ചു. 

എന്‍.എസ്.എഫ് 250 ആര്‍.ആര്‍ എന്ന നല്ല കരുത്തുള്ള ബൈക്കാണ് മത്സരത്തിനായി ഹോണ്ട മുഹ്‌സിന് നല്‍കിയത്. എന്നാല്‍ രണ്ടാം റേസില്‍ മുഹ്‌സിന് അടിപതറി. ബൈക്കില്‍ നിന്ന് വീണ് കൈയ്യൊടിഞ്ഞു. ആറുമാസത്തോളം വിശ്രമത്തിലായി. എന്നിട്ടും റേസിങ്ങിനോടുള്ള ഇഷ്ടം മുഹ്‌സിന്‍ കളഞ്ഞില്ല. ബൈക്കിനോട് ചെറിയ പേടി തോന്നിയെങ്കിലും പതിയെ അതിനെ മറികടന്നു. റേസിങ് ട്രാക്കില്‍ തീപ്പൊരി വിതറി മുഹ്‌സിന്‍ പറന്നു. 

നാലു കിലോമീറ്ററിന്റെ എട്ടു ലാപ്പുകളാണ് മത്സരത്തിലുണ്ടാകുക. അപകടം പറ്റുന്നതിനുമുന്‍പ് ഒരു ലാപ്പ് ഒരു മിനിട്ട് 55 സെക്കന്‍ഡ് കൊണ്ടാണ് മുഹ്‌സിന്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ അപകടത്തിനുശേഷം ഒരു മിനിട്ടും 49 സെക്കന്‍ഡും കൊണ്ട് താരം ലാപ്പ് പൂര്‍ത്തീകരിച്ചു. ഈ പ്രകടന മികവിലാണ് താരം ഇത്തവണത്തെ റേസില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 

പുതിയ സീസണ്‍ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ മുഹ്‌സിന്‍ രണ്ടാം സ്ഥാനത്താണ്. ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനം നേടിയ മുഹ്‌സിന്‍ രണ്ടാം റൗണ്ടില്‍ പത്താം സ്ഥാനത്തേക്ക് വീണു. രണ്ടാം റൗണ്ടില്‍ രണ്ടാമനായാണ് താരം മത്സരം ആരംഭിച്ചത്. എന്നാല്‍ ഏഴാം ലാപ്പ് പൂര്‍ത്തീകരിക്കുന്നതിനിടെ വണ്ടിയുടെ ചെയിന്‍ പൊട്ടി നിലത്തുവീണു. ഇതോടെ മത്സരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. എന്നിട്ടും പൊരുതിയ മുഹ്‌സിന്‍ പത്താം സ്ഥാനത്തെത്തി. 

ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുക എന്നതാണ് മുഹ്‌സിന്റെ പ്രധാന ലക്ഷ്യം. മറ്റു താരങ്ങളെല്ലാം സ്വകാര്യമായി ട്രെയിനിങ് നടത്തുന്നുണ്ട്. നാലുദിവസത്തെ ട്രെയിനിങ്ങിന് ഏതാണ്ട് 25000 രൂപയോളം ചിലവ് വരും. ഇത്രയും വലിയ തുക സമാഹരിക്കാന്‍ ഇടത്തരം കുടുംബത്തിലുള്ള മുഹ്‌സിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു സ്‌പോണ്‍സറെ തേടുകയാണ് മുഹ്‌സിന്‍. ആകെ അഞ്ച് റൗണ്ടും പത്ത് റേസുകളുമാണ്  ചാമ്പ്യന്‍ഷിപ്പിലുള്ളത്. നിലവില്‍ രണ്ട് റൗണ്ടുകളാണ് മുഹ്‌സിന്‍ പൂര്‍ത്തീകരിച്ചത്. ഇനിയും മൂന്ന് റൗണ്ട് മത്സരങ്ങള്‍ ബാക്കിയാണ്. അതിനായുള്ള തയ്യാറെടുപ്പിലാണ് പുറമണ്ണൂര്‍ മജ്‌ലിസ് കോളേജിലെ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ഥിയായ മുഹ്‌സിന്‍.

Content Highlights: Malayali rider Paramban Muhsin bagged second place in International racing competition