കോഴിക്കോട്: ഇന്നത്തെക്കാലത്ത് ഫുട്‌ബോള്‍ കാണുന്ന ആളുകളുടെ മനോഭാവത്തില്‍ മുന്‍കാലത്തെ അപേക്ഷിച്ച് വലിയ മാറ്റം വന്നിട്ടുണ്ടെന്ന് കേരള സന്തോഷ് ട്രോഫി പരിശീലകന്‍ വി.പി ഷാജി. 2019-ലെ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനായി കഴിഞ്ഞ ദിവസമാണ് വി.പി ഷാജിയെ നിയമിച്ചത്.
ഇത്തവണ കിരീടം നിലനിര്‍ത്താനാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കിരീടം നമുക്ക് അധ്വാനിച്ച് നേടാം. അത് നിലനിര്‍ത്താനാണ് പ്രയാസം. ഒരു സ്ഥലത്ത് കയറിയാല്‍ പിന്നെ അവിടെ നില്‍ക്കാന്‍ സാധിക്കണം, അല്ലാതെ അവിടെ നിന്ന് ഊര്‍ന്നു വീഴാന്‍ സാധിക്കില്ലല്ലോ. ചെറിയൊരു പിഴവു മതി കിരീടം നഷ്ടമാകാന്‍, ഷാജി കൂട്ടിച്ചേര്‍ത്തു.
സന്തോഷ് ട്രോഫിക്കുള്ള പ്രാധാന്യം കുറഞ്ഞുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ട് പ്രധാന ടൂര്‍ണമെന്റ് എന്നു പറയുന്നതു തന്നെ സന്തോഷ് ട്രോഫിയായിരുന്നു. സംസ്ഥാനത്തെ മികച്ച താരങ്ങളെയെല്ലാം സന്തോഷ് ട്രോഫിയില്‍ കാണാന്‍ സാധിക്കുമായിരുന്നു. ഇന്നിപ്പോള്‍ ഐ ലീഗിലേക്കും ഐ.എസ്.എല്ലിലേക്കുമുള്ള ഒരു ചവിട്ടുപടിയാണ് സന്തോഷ് ട്രോഫി. അതൊരു മോശം കാര്യമാണെന്നല്ല പറയുന്നത്. ലീഗുകള്‍ വന്നതോടെ സന്തോഷ് ട്രോഫി പിന്നാക്കം പോയി.
എന്നാല്‍ സന്തോഷ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഐ ലീഗ് ടീമിലോ ഐ.എസ്.എല്‍ ടീമിലോ അവസരം കിട്ടാനുള്ള സാധ്യതയും ഏറെയാണ്. ലീഗുകള്‍ ഉള്ളതു കൊണ്ടു മാത്രം കേരള ഫുട്‌ബോളിന് മുന്നോട്ടു പോകാനാകില്ല. താരങ്ങളെ കുറഞ്ഞ പ്രായത്തില്‍ തന്നെ കണ്ടെത്തണം. അവരെ നല്ല രീതിയില്‍ ട്രീറ്റ് ചെയ്യണം. നല്ല സൗകര്യങ്ങള്‍ ഒരുക്കി കളിക്കാരെ വളര്‍ത്തിയെടുക്കണം. എന്നാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഞാനൊക്കെ കളിക്കുന്ന കാലത്ത് അന്നത്തെ കളിക്കാരുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത് സന്തോഷ് ട്രോഫി കളിക്കുക ഇന്ത്യയ്ക്കായി കളിക്കുക എന്നതായിരുന്നു. ഇന്നിപ്പോള്‍ കളിക്കാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ ഡെഡിക്കേഷന്റെ കാര്യത്തില്‍ അവര്‍ പിന്നിലാണ്. ഞാന്‍ പണ്ടെത്തെ കളിക്കാരെയും കണ്ടിട്ടുണ്ട് ഇന്നത്തെ കളിക്കാരെയും കണ്ടിട്ടുണ്ട്, അതുകൊണ്ടാണ് ഈ പറയുന്നത്. പണ്ടത്തെ താരങ്ങള്‍ അത്രയും ഡെഡിക്കേറ്റഡായിട്ടാണ് കളിയെ കണ്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ കളിക്കാരെ നമ്മള്‍ നിര്‍ബന്ധിച്ച് ഗ്രൗണ്ടിലിറക്കി കളിപ്പിക്കേണ്ട അവസ്ഥയാണെന്നും വി.പി ഷാജി പറയുന്നു.
കാണികളുടെ മനോഭാവത്തിലും ഇന്ന് വ്യത്യാസമുണ്ട്. പണ്ട് ഞാനൊക്കെ കളിക്കുന്ന സമയത്ത് നിറഞ്ഞ ഗാലറിയാണ് കാണാന്‍ സാധിച്ചിരുന്നത്. ടച്ച് ലൈനിന്റെ അരികില്‍ വരെ ആളുകള്‍ ഇരിക്കുന്നുണ്ടാകും. കളി നന്നായാല്‍ മാത്രമേ ആളുകള്‍ വരികയുള്ളൂ. കളി കാണാന്‍ ഒരു രസമുണ്ടാകണം. അല്ലാതെ വെറുതെ പന്തു തട്ടിയിരുന്നാല്‍ കാണാനായി ആരും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗ്യതാ റൗണ്ടിലടക്കം മുന്നോട്ടുള്ള ഓരോ മത്സരങ്ങളും ഏറെ പ്രാധാന്യമുളളതാണ്. എതിരാളികള്‍ ആരാണെങ്കിലും വിലകുറച്ച് കാണില്ല. ഒരു ചെറിയ പിഴവിനു പോലും വലിയ വിലകൊടുക്കേണ്ടി വരുമെന്നറിയാം. അതുകൊണ്ടു തന്നെ ഓരോ മത്സരങ്ങളും ശ്രദ്ധിച്ച് തന്നെയാണ് കളിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: kerala's v p shaji in quest for santosh trophy glory