ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ ഹോട്ട്‌ സീറ്റാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റേത്. സമ്മർദം ഏറെയുള്ള, വിജയം അനിവാര്യമായ ഒരു പരിശീലകന്റെ റോളിലേക്കാണ് ഐ ലീഗിലെ കിരീടവിജയവുമായി കിബു വികുന എന്ന സ്പാനിഷുകാരൻ വരുന്നത്. മുമ്പ് സ്റ്റീവ് കോപ്പൽ മാത്രം വിജയിച്ച പരിശീലക പദവിയിലേക്ക് തന്ത്രങ്ങളും അനുഭവസമ്പത്തുമായി കിബു എത്തുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്.  മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതലയേറ്റെടുത്ത ശേഷം കിബുവിപ്പോൾ സ്പെയിനിലാണ്.  

ബ്ലാസ്റ്റേഴ്‌സിൽ വരുത്തുന്ന മാറ്റങ്ങൾ 

ബ്ലാസ്റ്റേഴ്‌സിന് മികച്ച ടീമുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ രണ്ടോ മൂന്നോ കളിക്ക് മാത്രമേ ഒരേ ടീമുമായി അവർക്ക് കളിക്കാൻ കഴിഞ്ഞിട്ടുള്ളു. ടീമിന്റെ നിലവാരം ഉയർത്തുക, സ്ഥിരത കൈവരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനായി മികച്ച കുറച്ചു താരങ്ങളെക്കൂടി കൊണ്ടുവരും.  

കൂടുതൽ കേരള താരങ്ങൾക്ക് അവസരം ലഭിക്കുമോ 

അഞ്ചോ ആറോ യുവതാരങ്ങൾക്ക് ടീമിൽ അവസരം നൽകുന്ന കാര്യം സ്പോർട്ടിങ് ഡയറക്ടറോട് സംസാരിച്ചിട്ടുണ്ട്. ബഗാനിൽ സ്ഥിരമായി നാല് യുവകളിക്കാർക്ക് അവസരം നൽകിയിരുന്നു. റിസർവ്/ ജൂനിയർ ടീമുകളിൽനിന്ന് കളിക്കാർക്ക് അവസരം ലഭിക്കും. ഇതിനായി അക്കാദമി പ്രവർത്തനം മെച്ചപ്പെടുത്തണം. റിസർവ് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് കളിക്കാർ എത്തുന്ന സിസ്റ്റം എളുപ്പമാകേണ്ടതുണ്ട്. 

ആഭ്യന്തര ലീഗുകളിൽ വിദേശകളിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ 

ഫെഡറേഷനും ദേശീയടീമും വിദേശകളിക്കാരെ കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതോടെ ഇന്ത്യൻ കളിക്കാർക്ക് കുടുതൽ അവസരമുണ്ടാകും. ഇതിനൊപ്പം മികച്ച വിദേശകളിക്കാരുടെ സാന്നിധ്യം ഇന്ത്യൻ കളിക്കാരുടെ മികവ് വർധിപ്പിക്കും 

ഐ ലീഗിൽ നിന്ന് ഐ.എസ്.എല്ലിലേക്കുള്ള മാറ്റം  

രണ്ട് ലീഗുകളും കടുപ്പമേറിയതാണ്. ടീമുകളുടെയും കളിക്കാരുടെയും നിലവാരത്തിൽ കാര്യമായ മാറ്റം ഇല്ല.  

ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവി  

ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണ്. അക്കാദമികളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തിയാൽ മികച്ച കളിക്കാർ ഉയർന്നുവരും. അങ്ങനെ സംഭവിക്കുന്നത് ഭാവി കൂടുതൽ മികച്ചതാക്കും 

ഇഷ്ട ക്ലബ്ബ്, താരം 

സ്പാനിഷ് ക്ലബ്ബ് റയൽ സോസിഡാഡ്, താരം ആന്ദ്രെ ഇനിയേസ്റ്റ 

ഇഷ്ടപരിശീലകൻ 

പെപ്പ് ഗാർഡിയോള, ഡീഗോ സിമിയോണി, വിസന്റെ ഡെൽബോസ്ക്. മൂന്ന് പേരുമാണ് ഇഷ്ടപരിശീലകർ.

Content Highlights: Kerala Blasters Coach Kibu Vicuna Spain Indian Super League ISL