പില്‍ദേവ് നിഖഞ്ജിന് ഇപ്പോള്‍ പ്രായം 60 വയസ്സ്. ഇന്ത്യന്‍ ക്രിക്കറ്റിന് പൗരുഷത്തിന്റെ മുഖം നല്‍കിയ, കളിയില്‍ ജയിക്കാന്‍ പറ്റുമെന്ന് ലോകത്തെ അറിയിച്ച ഓള്‍റൗണ്ടര്‍. കടുംനീല ഷര്‍ട്ടും കറുത്ത ഹാഫ് ജാക്കറ്റുമായി മുന്നില്‍...കളിയെഴുത്തിലെ മിടുക്കര്‍ എഴുതിയ പഴയ റിപ്പോര്‍ട്ടുകളായിരുന്നു മനസ്സ് മുഴുവന്‍...

1978 ഒക്ടോബര്‍ 16. പാകിസ്താനിലെ ഫൈസലാബാദ്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഗോതമ്പ് വിളയുന്ന ഫൈസലാബാദിലെ ലിയാല്‍പുര്‍ എന്ന നാഷണല്‍ സ്റ്റേഡിയത്തിലെ മണ്ണിലായിരുന്നു കപില്‍ദേവ് എന്ന പേസ് ബൗളറുടെ അരങ്ങേറ്റം. ഏകനാഥ് സോള്‍ക്കറുടെയും മദന്‍ലാലിന്റെയും മീഡിയം പേസ് മാത്രം നേരിട്ട് പരിചയമുള്ള പാക് ഓപ്പണര്‍മാര്‍ ഇന്ത്യയ്‌ക്കെതിരേ ഒരിക്കലും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 

എന്നാല്‍, അന്ന് ആദ്യമായി, പാക് ഓപ്പണര്‍ സാദിഖ് മുഹമ്മദ് പിച്ചില്‍നിന്ന് ഗാലറിയിലേക്ക് കൈവീശി... ഹെല്‍മെറ്റിനായി, കപില്‍ദേവ് എന്ന ഫാസ്റ്റ് ബൗളറെ നേരിടാന്‍... പുതിയ പന്തിന്റെ തിളക്കം മാറ്റാന്‍ മാത്രമായിരുന്നു '70-കളില്‍ ഇന്ത്യയുടെ ഓപ്പണിങ് ബൗളര്‍മാര്‍. പന്തിന്റെ ഷൈന്‍ പോയിക്കഴിഞ്ഞാല്‍, പിന്നെ സ്പിന്നര്‍മാരായ ബിഷന്‍ സിങ് ബേദിയുടെയും ചന്ദ്രശേഖറിന്റെയും പ്രസന്നയുടെയും വെങ്കട്ടരാഘവന്റെയും വരവായി. ഫൈസലാബാദില്‍ കപില്‍ദേവ് സാദിഖ് മുഹമ്മദിന്റെ വിക്കറ്റെടുത്തത് തന്റെ ട്രേഡ്മാര്‍ക്ക് ഔട്ട്സ്വിങ്ങറിലൂടെ. 

കളിയുടെ തുടക്കത്തില്‍തന്നെ ബാറ്റ്‌സ്മാന്‍മാരെ ബാക്ക്ഫൂട്ടിലാക്കാന്‍ കപില്‍ദേവിന് കഴിഞ്ഞിരുന്നു. പാകിസ്താനെതിരേയുള്ള പരമ്പര ഇന്ത്യ തോറ്റെങ്കിലും തുടര്‍ന്നുവന്ന ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് പരമ്പരകളോടെ ഇമ്രാന്‍ഖാന്‍, റിച്ചാര്‍ഡ് ഹാഡ്ലി, ഇയാന്‍ ബോതം എന്നിവരോടൊപ്പം കപില്‍ദേവ് എന്ന ഓള്‍റൗണ്ടറുടെ പിറവിയാണ് കണ്ടത്. 1982-ല്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ കപില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. തന്റെ കരിയറിലെ മനോഹരമായ മുഹൂര്‍ത്തം രാജ്യത്തിന്റെ നിറമണിഞ്ഞപ്പോഴാണെന്ന് കപില്‍ദേവ് പറയുന്നു. കപിലിന്റെ ക്ലാവുപിടിക്കാത്ത ഓര്‍മകളിലൂടെ... 

മികച്ച കളിക്കാരനായും റിട്ടയര്‍മെന്റിനു പിന്നാലെ കോച്ചായും കമന്റേറ്ററായും പ്രവര്‍ത്തിച്ചശേഷം ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലില്‍ എത്തുകയാണ് താങ്കള്‍. പോയ 60 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?

അഭിമാനം തോന്നുന്നു. കളിക്കാനുള്ള അതിയായ ആഗ്രഹവുമായി എത്തി. അതിന്റെ ഏറ്റവും ഉയര്‍ന്നതലംവരെ കളിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനവും തൃപ്തിയും. ഞാനിപ്പോഴും വിശ്രമമില്ലാതെ മുന്നോട്ടുപോകുന്നു. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണ് ഇഷ്ടം. അതുകൊണ്ടാണ് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്. ബിസിനസ് ചെയ്യുന്നു. ഇല്ലെങ്കില്‍ ഒരു രാത്രികൊണ്ട് വയസ്സനാകും. 

കരിയറിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം 1983 ലോകകപ്പ് ജയമായിരുന്നല്ലോ?

പൂര്‍ണമായും ശരിയല്ല. 1983 ലോകകപ്പ് നേട്ടത്തെക്കാളും രാജ്യത്തെ പ്രതിനിധാനംചെയ്ത ആ ദിവസമായിരുന്നു പ്രധാനം. മറ്റെന്തിനെക്കാളും വലുത് അതായിരുന്നു. രാജ്യത്തെ പ്രതിനിധാനംചെയ്യുന്നതാണ് ഏത് കുട്ടിക്കും കൂടുതല്‍ വലിയ കാര്യം. ഇന്ത്യയ്ക്കുവേണ്ടി കളിച്ച ദിനമായിരുന്നു മികച്ചത്. 

ലോകകപ്പ് വിജയം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തെ ലോകകപ്പ് ജയത്തിന് മുമ്പും പിമ്പും എന്ന തരത്തില്‍ വിഭജിച്ചു. ആ വിജയത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് എങ്ങനെ മാറി?

എനിക്കറിയില്ല. പക്ഷേ, ഇന്ത്യയ്ക്ക് കപ്പ് നേടാന്‍ സാധിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോകകപ്പ് വിജയത്തിനുശേഷം രണ്ടുകൊല്ലത്തിനുള്ളില്‍ ഓസ്ട്രേലിയയില്‍ ലോകചാമ്പ്യന്‍ഷിപ്പ് കിരീടവും നേടാന്‍ നമുക്ക് ഭാഗ്യമുണ്ടായി. അത്തരത്തിലൊരു വിജയമുണ്ടായാല്‍ എല്ലാ ചെറുപ്പക്കാരിലും അത് പ്രതീക്ഷനല്‍കും. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ വിദ്യാഭ്യാസത്തിനാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. സ്‌പോര്‍ട്്സിനോട് ഏറെയുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍, കഴിഞ്ഞ 20 കൊല്ലത്തിനിപ്പുറം കായികരംഗത്തോടുള്ള സമീപനത്തില്‍ മാറ്റംവന്നുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍, അച്ഛനമ്മമാര്‍ വന്നുചോദിക്കുന്നത് എന്റെ മകനെ കായികതാരമാക്കാന്‍ സഹായിക്കുമോ എന്നാണ്. അച്ഛനമ്മമാരുടെ വീക്ഷണം മാറിയെന്നത് വലിയ മാറ്റമാണ്. 

ലോകകപ്പ് വിജയം എങ്ങനെയാണ് സാധ്യമായത്? മനസ്സില്‍ത്തട്ടിയ ഓര്‍മ ഏതാണ് 

എല്ലാം. ഒരെണ്ണം മാത്രമായി ഓര്‍മിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാം ശരിയായിവരുമ്പോള്‍... പന്ത് നിങ്ങളുടെ അടുത്തേക്ക് വരുമ്പോള്‍ എല്ലാം എളുപ്പമാകും. ചെറിയ കുട്ടികളായിട്ടാണ് അവിടെയെത്തിയത്. ലോകകപ്പില്‍ ശക്തമായ സാന്നിധ്യം അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍, ആദ്യകളികള്‍ ജയിച്ചുതുടങ്ങിയപ്പോള്‍ ലോകകപ്പ് നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം ടീമിന് ലഭിച്ചു. സ്വന്തം കഴിവുകളില്‍ ടീമംഗങ്ങള്‍ വിശ്വസിച്ചുതുടങ്ങിയതോടെ, കളി മാറിത്തുടങ്ങി. അതാണ് 1983-ല്‍ നടന്നത്. 

സിംബാബ്വേക്കെതിരേ അവിശ്വസനീയമായ ഇന്നിങ്സായിരുന്നു താങ്കളുടേത്. 138 പന്തില്‍നിന്ന് 175 റണ്‍. 16 ബൗണ്ടറികള്‍, ആറു സിക്‌സറുകള്‍. ഇന്ത്യ 17-ന് 5 എന്ന സ്‌കോറില്‍ ആടിയുലയുമ്പോള്‍ താങ്കളുടെ മനസ്സില്‍ എന്തായിരുന്നു?

ഒരുപാടു കാര്യങ്ങളുണ്ട്. എല്ലാം ഓര്‍മയിലേക്ക് ഓടിയെത്തുന്നില്ല. തകര്‍ച്ചയില്‍നിന്ന് എങ്ങനെ കരകയറാമെന്നായിരുന്നു ഞങ്ങളുടെ മനസ്സില്‍. വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ക്യാപ്റ്റന്‍ എന്നനിലയില്‍ എങ്ങനെ മാച്ചിനെ രക്ഷിച്ചെടുക്കാമെന്നായിരുന്നു മനസ്സില്‍. കളി ജയിക്കാന്‍പറ്റുമോ. ടീമിന്റെ മീറ്റിങ്ങില്‍ ഇത്തരമൊരു സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്ലാന്‍ എ-യും പ്ലാന്‍ ബി-യുമുണ്ടായിരുന്നു. പക്ഷേ, ഇത്തരം സാഹചര്യം ഒരു ഘട്ടത്തിലും ചര്‍ച്ചപോലും ചെയ്തിരുന്നില്ല. ബാറ്റിങ് തകര്‍ച്ച പ്രതീക്ഷിച്ചിരുന്നില്ല. 50 റണ്ണിന് അഞ്ചു വിക്കറ്റുവീണു. ഒരിക്കലും അത്തരമൊരു സാഹചര്യം ആലോചിച്ചില്ല. പക്ഷേ, ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായത് സംഭവിക്കും. ആ നിമിഷത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. പെട്ടെന്ന് കളിയിലേക്ക് തിരികെവരാന്‍ കഴിഞ്ഞില്ല. അതിജീവിക്കാനുള്ള ശ്രമമായിരുന്നു. 50 റണ്‍, 60 റണ്‍, 100... 180 റണ്ണെത്തിയപ്പോഴാണ് വിജയലക്ഷ്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. സിംബാബ്വേക്കെതിരേ ഇത്ര റണ്ണെന്ന ടാര്‍ഗറ്റ് സെറ്റുചെയ്യാന്‍ കഴിയുമോ? ടീം മീറ്റിങ്ങില്‍ ചര്‍ച്ചചെയ്ത ടാര്‍ഗറ്റ് 300 പ്ലസ് റണ്ണുകള്‍ എന്നായിരുന്നു. പക്ഷേ, 17-ന് നാലോ അഞ്ചോ വിക്കറ്റ് വീഴുന്ന ഘട്ടത്തില്‍ അത്തരമൊരു ടാര്‍ഗറ്റ് ആലോചിക്കാന്‍ കഴിയില്ല. എന്നാല്‍, 250-ലധികം റണ്ണുകള്‍ ലഭിച്ച് കളിയുടെ നിയന്ത്രണം ലഭിച്ചപ്പോള്‍, കാര്യങ്ങള്‍ അതിന്റെ വഴിക്കുവന്നു. 

അഹമ്മദാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരേ 83 റണ്‍സിന് 9 വിക്കറ്റ് എന്നതാണ് താങ്കളുടെ മറ്റൊരു മികച്ച പ്രകടനം. ഫ്‌ളാറ്റ് ട്രാക്കില്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, വിവിയന്‍ റിച്ചാര്‍ഡ്സ്, ക്ലൈവ് ലോയ്ഡ് എന്നിവരടങ്ങുന്ന ബാറ്റിങ് ലൈനപ്പിന് എതിരേയായിരുന്നു അത്. ഇതില്‍ ഏതെങ്കിലും ബാറ്റ്സ്മാനെ കൃത്യമായി തന്ത്രത്തിലൂടെ കുടുക്കിയതായി ഓര്‍ക്കുന്നുണ്ടോ? 

അഹമ്മദാബാദിലെ വിക്കറ്റ് സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമായിരുന്നു. പന്ത് ബാറ്റിലേക്ക് വരുന്നില്ലായിരുന്നു. പകുതിയായപ്പോഴേക്കും തന്ത്രം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പന്ത് സ്വിങ് ചെയ്യുന്നുണ്ടായിരുന്നില്ല. കട്ടേഴ്സ് എറിഞ്ഞാണ് വിക്കറ്റുകളെടുത്തത്. ചില ദിവസങ്ങള്‍ ദൈവം നിങ്ങള്‍ക്കായി നീക്കിവെക്കാറുണ്ട്. അതെന്റെ ദിവസമായിരുന്നു. ചെയ്തതെല്ലാം ശരിയായിമാറിയ ദിവസം. 

ഇമ്രാന്‍ഖാനും ഇയാന്‍ ബോതമിനും റിച്ചാര്‍ഡ് ഹാഡ്ലിക്കുമൊപ്പം ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് താങ്കള്‍. മൂന്നുപേരെയും എങ്ങനെ വിലയിരുത്തുന്നു?

മൂന്നുപേരും ഒന്നാന്തരം കളിക്കാരായിരുന്നു. ഞാന്‍ നാലാമത് മാത്രമേ വരുന്നുള്ളൂ. മഹാനായ ബൗളറായിരുന്നു ഹാഡ്ലി. ഞങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്നു ബോതം. ഇമ്രാന്‍ഖാന്‍ മഹാനായ നായകനും. പാകിസ്താന്‍ ടീമിനെ കൈകാര്യംചെയ്യുക അക്കാലത്ത് എളുപ്പമായിരുന്നില്ല. ഇമ്രാന് ആ കഴിവുണ്ടായിരുന്നു. പിന്നീട് ആരെക്കാളും മികച്ച ബാറ്റ്സ്മാനായി. ഞാന്‍ ഒരു നല്ല അത്ലറ്റായിരുന്നു. അത്രമാത്രം. ട്രെന്‍ഡ് സെറ്റ് ചെയ്യാന്‍ ബോതം മിടുക്കനായിരുന്നു. ബാറ്റുകൊണ്ടു കളിജയിക്കാന്‍ കഴിയുമെന്ന് കാട്ടിയത് ബോതമായിരുന്നു. ടീമിന് ആവശ്യമുള്ളപ്പോള്‍ വേണ്ട വിക്കറ്റെടുക്കാന്‍ കഴിയുന്ന ബൗളറുമായിരുന്നു അദ്ദേഹം. മൂന്നുപേരും ചെറുപ്പകാലത്ത് എന്റെ പ്രചോദനമായിരുന്നു. എന്റെ ടീമിനുവേണ്ടി എനിക്കും ഇതുപോലെ നേട്ടങ്ങള്‍ കൊയ്യണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. 

ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായശേഷം സംസാരിച്ചിരുന്നോ? 

പ്രധാനമന്ത്രിയായിക്കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. തമ്മില്‍ കാണുമ്പോള്‍ ചില കാര്യങ്ങള്‍ സംസാരിക്കും. ഇമ്രാന് എല്ലാ ഭാവുകങ്ങളും. 20 കൊല്ലക്കാലം ഏറെ പണിയെടുത്തിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന് ഞാന്‍ ഭയന്നിരുന്നു. കഠിനാധ്വാനിയാണ് ഇമ്രാന്‍. എതി?രേ കളിച്ച ക്രിക്കറ്റര്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് അഭിമാനമാണ്. അവിടെ എത്തിപ്പെടാന്‍ ഏറെ അധ്വാനിക്കണം. ക്രിക്കറ്റ് ടീമിന്റെ കാര്യത്തിലും ഇമ്രാന്‍ അങ്ങനെയായിരുന്നു. 

താങ്കളൊരു സ്വഭാവിക ക്രിക്കറ്ററാണ്. നല്ലൊരു ബൗളിങ് ആക്ഷനുമുണ്ട്. '70-കളില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്ത് പേസ് ബൗളിങ് പ്രാക്ടീസ് ചെയ്യാനുണ്ടായ സാഹചര്യമെന്ത്? 

എനിക്കറിയില്ല. ചില സമയങ്ങളില്‍ ചിലതൊക്കെ യാദൃച്ഛികമായി സംഭവിക്കും. ശരിയായ സ്ഥലത്തെത്താന്‍ വണ്ടി മാറിക്കയറേണ്ടിവരും. അതാണ് എനിക്ക് സംഭവിച്ചത്. ഫാസ്റ്റ് ബൗളറാകാന്‍ ആഗ്രഹിച്ചിരുന്നില്ല. പുതിയ പന്ത് എറിഞ്ഞുതുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അതിന്റെ രീതിയില്‍ വന്നു.

താങ്കള്‍ വിരമിച്ചശേഷം ക്രിക്കറ്റില്‍ ഏറെ മാറ്റങ്ങള്‍ വന്നു. നേരത്തേ ഏകദിന ക്രിക്കറ്റായിരുന്നു. ഇപ്പോള്‍ ട്വന്റി 20-യാണ്. പുതിയ ഫോര്‍മാറ്റുകള്‍ ക്രിക്കറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്? 

ആവേശം. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് മികച്ചത്. പക്ഷേ, ടി ട്വന്റി കാണുമ്പോള്‍, ഒരുകാര്യം വ്യക്തമാണ്. കളിക്കുന്നവരുടെ കഴിവും മനക്കരുത്തും ശക്തിയും. ചെറുപ്പക്കാരുടെ മാനസികാവസ്ഥ വളരെ കരുത്തേറിയതാണ്. ക്രിക്കറ്റിനെ ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നു. ടി ട്വന്റി എടുത്തുചാട്ടമാണെന്നും കളിക്കാരുടെ ടെക്നിക്കിനെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്. അതിനോട് എനിക്ക് യോജിപ്പില്ല. ഒരു സിക്‌സര്‍ അടിക്കാന്‍ ഒരു ടെക്നിക്ക് വേണം. ട്വന്റി 20-യില്‍ ഒരു മെയ്ഡന്‍ എറിയുക എളുപ്പമല്ല. ട്വന്റി 20 ഒരു കലയാണ്. എളുപ്പമല്ല. എന്നാല്‍, ചില കളിക്കാര്‍ അത് സാധ്യമാക്കുന്നു. 

ട്വന്റി-20 ട്വന്റി മത്സരങ്ങളുടെ അതിപ്രസരം ക്രിക്കറ്ററുടെ സ്‌കില്‍ എന്ന ഘടകത്തെ ബാധിക്കുന്നുണ്ടോ ? 

ഞാന്‍ ഇക്കാര്യത്തിലൊക്കെ ശുഭാപ്തിവിശ്വാസക്കാരനാണ്. ട്വന്റി-20 വന്നശേഷം ഒരു ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ചാം ദിവസം വിജയലക്ഷ്യം നേടാന്‍ സാധിക്കുന്നുവെന്നത് കാണാതിരിക്കരുത്. ട്വന്റി 20-യിലെ അനുഭവങ്ങളാണ് ബാറ്റ്സ്മാന് ആത്മവിശ്വാസം നല്‍കുന്നത്. 50 ഓവറില്‍ 260 റണ്‍ നേടുകയെന്നത് ഇപ്പോള്‍ സാധ്യമാകുന്നു. ഞങ്ങളുടെ സമയത്ത് അസാധ്യമെന്ന് പറയുമായിരുന്നു. ഇപ്പോള്‍ 20 ഓവറില്‍ 180 റണ്‍വരെയെടുക്കുന്നു. അത് വലിയ വ്യത്യാസം തന്നെയാണ്. കൂടുതല്‍ വ്യക്തമായ ഫലം ടെസ്റ്റില്‍ ലഭിക്കുന്നു. കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ നോക്കുകയാണെങ്കില്‍, ഒരു ടെസ്റ്റും സമനിലയില്‍ അവസാനിക്കുന്നില്ല. നന്ദി ട്വന്റി-20...

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?

വളരെ മികച്ചത്. മാധ്യമങ്ങളും മുതിര്‍ന്ന കളിക്കാരും മുന്‍ കളിക്കാരും കളി വിലയിരുത്തിയശേഷം നിങ്ങള്‍ക്ക് ലോകകപ്പ് ജയിക്കാമെന്ന് പറയുമ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ വിശ്വസിച്ചു തുടങ്ങുമ്പോള്‍ത്തന്നെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കും. ഇപ്പോഴത്തെ ടീം ലോകകപ്പ് ജയിക്കുമെന്ന് പറയാവുന്നതാണ്. അതാണ് ഒരോ പുതിയ ടീമിന്റെയും പ്രാധാന്യം. 

വിരാട് കോലി മികച്ച ബാറ്റ്സ്മാനും അടുത്തകാലത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ വിജയം നേടിത്തന്ന ക്യാപ്റ്റനുമാണ്. എങ്ങനെ വിലയിരുത്തുന്നു?

ഗംഭീരം. ഈ കാലഘട്ടത്തിന്റെ കളിക്കാരനാണ് കോലി. സുനില്‍ ഗാവസ്‌കറുടെ അടുത്തെത്തില്ലെന്ന് ഒരോ പുതിയ തലമുറയും കടന്നുവരുമ്പോള്‍ നമ്മള്‍ പറയാറുണ്ട്. ക്രിക്കറ്റിന് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സുനില്‍ ഗാവസ്‌കര്‍. ബാറ്റ്സ്മാന്‍മാരില്‍ ഗാവസ്‌കറാണ് അളവുകോല്‍. എന്നാല്‍, പത്തുകൊല്ലത്തിനുള്ളില്‍ രാഹുല്‍ ദ്രാവിഡിനെയും വീരേന്ദര്‍ സെവാഗിനെയുംപോലുള്ള കളിക്കാര്‍ കടന്നുവന്നു. പിന്നെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തി. റെക്കോഡുകള്‍ തകര്‍ന്നുവീണു, സച്ചിന്റെ മുന്നില്‍. അപ്പോഴാണ് സച്ചിന്റെ റെക്കോഡിനൊപ്പം എത്താന്‍കഴിയുന്ന കളിക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന് നമ്മള്‍ തിരയുന്നത്. അതെ, ചെറുപ്പക്കാരനായ വിരാട് കോലിക്ക് സാധിക്കുമെന്ന് നമ്മള്‍ പറയുന്നത് അപ്പോഴായിരിക്കും. 

ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള അഭിപ്രായമെന്താണ്? 

ബുംറയ്ക്ക് ഇനിയും ഏറെ പോകാനുണ്ട്. ചെറിയ സമയംകൊണ്ട് മികച്ച കളി പുറത്തെടുത്തിട്ടുണ്ട്. ടെസ്റ്റിലും മികവുതെളിയിച്ച് അദ്ഭുതമായി. ആക്ഷന്‍കൊണ്ട് ടി ട്വന്റിക്കും ഏകദിനത്തിനുമായിരിക്കും നല്ലതെന്നാണ് കരുതിയത്. ചെറിയ റണ്ണപ്പില്‍നിന്നുതന്നെ ഇത്രയധികം പേസ് ലഭിക്കുമ്പോള്‍ നമുക്ക് പറയാന്‍ കഴിയും ടെസ്റ്റ് ജയിക്കാന്‍പോന്ന മികച്ച കളിക്കാരനാണെന്ന്. വിലക്ഷണമായ ആക്ഷനും കൂടിയാകുമ്പോള്‍ ബുംറയുടെ പന്തിനെ നേരിടുന്നത് ബുദ്ധിമുട്ടുമാകും. പക്ഷേ, പരിക്കേല്‍ക്കാതെ നോക്കേണ്ടതുണ്ട്. പരിക്ക് വന്നുതുടങ്ങിയാല്‍ അത് ടീമിന്റെ പ്രകടനത്തെ ബാധിക്കും. ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്തണം. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. വര്‍ഷത്തില്‍ പത്തുമാസവും അവര്‍ കളിക്കുകയാണ്. പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഒരോ കളിക്കാരനും തന്റെ ശക്തിയും കുറവുകളും തിരിച്ചറിയണം. 

താങ്കള്‍ ബൗള്‍ ചെയ്തതില്‍വെച്ചേറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരാണ്?

ഇന്ത്യന്‍ കളിക്കാരെക്കുറിച്ച് പറയില്ല. കാരണം ഞാനവര്‍ക്കൊപ്പം കളിച്ചതാണ്. ഞാന്‍ പന്തെറിഞ്ഞതില്‍ ഏറ്റവും പ്രഗല്ഭന്‍ വിവിയന്‍ റിച്ചാര്‍ഡ്സ് തന്നെയാണ്. എല്ലാ കളികളും എനിക്കോര്‍മയുണ്ട്്്. ഒരു ദയയുമില്ലാത്ത ബാറ്റ്സ്മാനായിരുന്നു റിച്ചാര്‍ഡ്സ്. അതായിരുന്നു എനിക്ക് ഇഷ്ടവും. മോശം പന്താണെങ്കില്‍ ബൗണ്ടറി ഉറപ്പ്. മികച്ച പന്തിനെയും നാല് റണ്ണിന് പായിക്കാന്‍ കഴിവുള്ള ആളാണ് റിച്ചാര്‍ഡ്സ്. ഞാനേറ്റവും ആദരപൂര്‍വം നോക്കിക്കാണുന്ന കളിക്കാരനാണ് വിവിയന്‍. 

താങ്കളുടെ കാലഘട്ടത്തിലെ ഇഷ്ടപ്പെട്ട ബൗളര്‍? 

നിങ്ങള്‍ എത്ര നല്ലവണ്ണം ബാറ്റുചെയ്യുന്നു എന്നതിന് അനുസരിച്ചായിരിക്കും ബൗളറെ കാണാന്‍ കഴിയുക. നല്ലവണ്ണം ബാറ്റുചെയ്യുന്നില്ലെങ്കില്‍, എല്ലാവരും നല്ല ബൗളര്‍മാരാണ്. ഇമ്രാന്‍ഖാന്‍, വസീം അക്രം, റിച്ചാര്‍ഡ് ഹാഡ്ലി എന്നിവര്‍ മികച്ചവരാണ്. സ്പിന്നര്‍മാരില്‍ ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവര്‍. ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ്, വെസ്റ്റ് ഇന്‍ഡീസിന്റെ മൈക്കള്‍ ഹോള്‍ഡിങ് എന്നിവരുടെ പന്തും നേരിട്ടിട്ടുണ്ട്. ജോയല്‍ ഗാര്‍ണര്‍ ബൗള്‍ ചെയ്താല്‍ പന്ത് ആകാശത്തുനിന്നാണ് വരുന്നതെന്നുതോന്നും. 

Content Highlights: Kapil Dev Former Indian Cricketer Interview