
തോമ്മോ ഒരു 'ഭീകര' ജീവിയായിരുന്നു....ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ് മൈതാനങ്ങളില്‍ ചുവന്ന പന്തില്‍ വേഗത്തിന്റെ കൊടുങ്കാറ്റ് ഒളിപ്പിച്ചു വെച്ച ഒരു മനുഷ്യന്. അവനെ പേടിച്ച് തല ഹെല്മറ്റിനാലും ശരീരഭാഗങ്ങള്‍ പലതും പാഡിനാലും മറച്ച് ക്രീസിലെത്തുമ്പോഴും ബാറ്റ്സ്മാന്മാരുടെ മുട്ടുകള്‍ പേടി കൊണ്ട് കൂട്ടിയിടിച്ചിരുന്ന കാലം. വിക്കറ്റിന് പിന്നില്‍ നില്ക്കുന്ന റോഡ്നി മാര്ഷിനെപ്പോലുള്ള കീപ്പര്‍മാര്‍ 180 കി.മീ വേഗത്തില്‍ കുതിച്ചെത്തുന്ന അവന്റെ പന്ത് കൈക്കുമ്പിളിലൊതുക്കാന്‍ പ്രയാസപ്പെട്ടിരുന്ന കാലം.
ലോകത്തിലെ ഏറ്റവും വേഗമേറിയ, ഭയങ്കരനായ ബൗളറെന്ന് എതിരാളികളെല്ലാം ഒരുപോലെ മേല്‍വിലാസം ചാര്‍ത്തിക്കൊടുത്ത ഇതിഹാസ താരം...ലോക ക്രിക്കറ്റിലെ പേസ് ബൗളിങ്ങ് രംഗത്ത് ഒരു ഭീകര ജീവി തന്നെയായിരുന്ന മനുഷ്യന്. കളിയുടെ പിച്ചില്‍ നിന്ന് വിട പറഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം തോമ്മോ എന്ന ജെഫ് തോംസണിനെ കേരളത്തിന്റെ കളിമുറ്റത്ത് വീണ്ടും കണ്ടപ്പോള്‍ ഓര്‍മകളില്‍ നിറയെ അപാരവേഗത്തിന്റെ ബൗണ്‍സറുകള്‍ മാത്രമായിരുന്നു.
മഴ ചാറി നിന്ന പകലില്‍ അവന്യൂ റീജന്റിലെ സ്യൂട്ട് റൂമിലേക്ക് കടന്നുചെല്ലുമ്പോള്‍ സൂപ്പര്‍ 'പേസി'ലായിരുന്നു തോമ്മോ. വയനാട്ടിലേക്ക് പോകാനുള്ള യാത്രയുടെ ഒരുക്കങ്ങള്‍. കെ.സി.എയുടെ ബൗളിങ്ങ് ഫൗണ്ടേഷന് പ്രഖ്യാപനത്തിന്റെ പത്ര സമ്മേളനം. വിവിധ പത്രമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും പകുത്തു നല്കിയ അഭിമുഖ നേരങ്ങള്‍...ഇതിനിടയില്‍ സമയം തീരെ കുറവായതുകൊണ്ടാകാം അതിവേഗത്തിലാണ് തോമ്മോയുടെ ഓരോ നീക്കങ്ങളും.

നീല ജീന്‍സും വെളുപ്പും ഓറഞ്ചും കലര്‍ന്ന ടീ ഷര്‍ട്ടും ധരിച്ച് സുസ്മേരവദനനായി തോമ്മോ മുന്നില്‍ വന്നിരുന്നപ്പോള്‍ ഓര്‍മകളിലൂടെ അപാരവേഗത്തിലുള്ള ആ പന്തുകള്‍ ഒരു ഹുങ്കാര ശബ്ദത്തോടെ കടന്നുപോയി. കെ.സി.എ ബൗളിങ്ങ് ഫൗണ്ടേഷന് കോച്ച് എന്ന പുതിയ വേഷത്തില്‍ കേരളത്തിലെത്തിയ തോമ്മോയോട് തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ അല്പനേരം ചോദിച്ചപ്പോള്‍ നിറഞ്ഞ സന്തോഷം മാത്രം. ഒരു നിബന്ധന മാത്രം...ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും ക്രിക്കറ്റ് ബോര്ഡുകളെക്കുറിച്ചോ അവരുടെ നയങ്ങളെക്കുറിച്ചോ ഒന്നും ചോദിക്കരുത്. അത് സമ്മതിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെ തോമ്മോ റെഡി...'മാതൃഭൂമി'യുമായി സംസാരിക്കാന്‍.
? ബൗളിങ്ങ് പ്രതിഭകളെ കണ്ടെത്താന്‍ താങ്കളുടെ ഇന്ത്യയിലേക്കുള്ള വരവില്‍ ഞങ്ങള്‍ക്ക് എത്രമാത്രം പ്രതീക്ഷിക്കാം
* ചോദ്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞ ഏരിയയിലേക്ക് തന്നെയാണോ നിങ്ങള്‍ പോകുന്നതെന്ന് സംശയമുണ്ട്. എങ്കിലും ഒരുകാര്യം ഞാന്‍ വ്യക്തമായി പറയാം. ഞാന്‍ വന്നതുകൊണ്ട് മാത്രം ഇവിടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അര്‍ത്ഥമില്ല. മികച്ച പേസ് ബൗളര്‍മാരെ സൃഷ്ടിക്കാനുള്ള പ്രതിഭാസമ്പത്ത് ഇന്ത്യക്കുണ്ട്. അവരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. കോച്ചുമാര്‍ മാത്രം വിചാരിച്ചാല്‍ പ്രതിഭകളുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല.
? വേഗം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബൗളറായിരുന്നു താങ്കള്‍. വേഗം കൂട്ടാന്‍ എത്രമാത്രം ശ്രമങ്ങള്‍ നടത്തിയിരുന്നു.
* വേഗം കൂട്ടാനായിട്ടല്ല ഞാന്‍ പന്തെറിഞ്ഞിരുന്നത്. മികച്ച ലൈനിലും ലെങ്തിലുമുള്ള പന്തുകള്‍ക്ക് വേഗവും കൂടിയാകുമ്പോള്‍ ബാറ്റ്സ്മാന്മാര് അത് വായിച്ചെടുക്കുന്നതില്‍ പ്രയാസപ്പെട്ടേക്കാം. ഒരു ബൗളര്‍ മുതലെടുക്കേണ്ടത് അങ്ങനെയാണെന്നാണ് ഞാന്‍ കരുതുന്നത്. അതിനാണ് ഞാനും ശ്രമിച്ചിട്ടുള്ളത്. ആ ശ്രമങ്ങള്‍ക്കിടയില്‍ പന്ത് പല വേഗങ്ങള്‍ കൈവരിച്ചിരിക്കാം.
? താങ്കള്‍ 180 കി.മീ വേഗതയില്‍ പന്തെറിഞ്ഞിരുന്നെന്ന് ഓസീസ് വിക്കറ്റ് കീപ്പര്‍ റോഡ്നി മാര്ഷിനെപ്പോലുള്ളവര് പറയുന്നുണ്ടല്ലോ
* മാര്‍ഷ് ഞങ്ങളുടെ ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു. ഞാന്‍ എറിഞ്ഞ പന്തുകള്‍ പലതും പിടിച്ചെടുത്ത ആള് എന്ന നിലയില്‍ മാര്‍ഷിന് ചില കണക്കുകള്‍ ഉണ്ടായേക്കാം. എത്ര വേഗത്തില്‍ എറിഞ്ഞെന്നതിന്റെ കണക്കുകളില്‍ ഞാന്‍ അഭിരമിക്കാറില്ല. വിക്കറ്റുകളാണ് എനിക്ക് വലുത്. വേഗത്തില്‍ പന്തെറിഞ്ഞിട്ടും വിക്കറ്റുകള്‍ കിട്ടാതിരുന്നാല്‍ പിന്നെന്തു കാര്യം.

? ജെഫ് തോംസണും ഡെന്നീസ് ലില്ലിയും...ലോകത്തിലെ ഏറ്റവും സംഹാരശക്തിയുള്ള ബൗളിങ്ങ് ജോഡി. ഈ സഖ്യത്തെ എങ്ങനെവിലയിരുത്തുന്നു
* ലില്ലിയോടൊപ്പം എറിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലില്ലിക്ക് അയാളുടേതായ ഒരു സ്റ്റൈല്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് എറിഞ്ഞുതുടങ്ങുമ്പോള് എതിരാളികളില്‍ വലിയൊരു സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെട്ടിരുന്നു. അത് മുതലെടുക്കാന്‍ ഞങ്ങള്‍ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. ലില്ല്ിയുമായുള്ള ഓപ്പണിങ്ങ് സ്പെല്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു.
? താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫാസ്റ്റ് ബൗളര്‍ ആരാണ്
* പലരെയും ഇഷ്ടമാണ്. വിന്‍ഡീസ് താരം മാല്‍ക്കം മാര്‍ഷലിനോട് ഇഷ്ടം ഇത്തിരി കൂടുതലുണ്ട്. അയാളുടെ ആക്ഷനും പന്ത് റിലീസ് ചെയ്യുന്നതിലെ വൈവിധ്യവും എന്നെ ആകര്‍ഷിച്ചിരുന്നു. എതിരാളികളുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് പന്തെത്തിക്കാന്‍ കഴിവുള്ള താരമായിരുന്നു അദ്ദേഹം. മാര്‍ഷലിന്റെ പന്തുകള്‍ കളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
? താങ്കളുടെ പിതാവ് നല്ലൊരു ക്രിക്കറ്ററായിരുന്നു. അദ്ദേഹം കരിയറിനെ വളര്‍ത്താന്‍ എത്രമാത്രം സഹായിച്ചിട്ടുണ്ട്.
* ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ പിതാവ് പല കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. എന്റെ റണ്ണപ്പിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം ഒരുപാട് ശ്രമിച്ചിരുന്നു. പിതാവിന് പക്ഷേ അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന സങ്കടവും എനിക്കുണ്ട്. അദ്ദേഹം പറഞ്ഞുതന്ന വഴികളിലൂടെ ഞാന്‍ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. പിന്നീട് എനിക്ക് മക്കളുണ്ടായപ്പോള്‍ ഞാന്‍ അവര്‍ക്ക് പല കാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ട്. തലമുറകളിലൂടെയുള്ള കൈമാറ്റം രസകരമായ ഒരു അനുഭവുമാണ്.
?തോമ്മോ ഈ പ്രായത്തിലും വളരെയധികം കായികക്ഷമതയുള്ള ഒരു ശരീരത്തിന്റെ ഉടമയാണല്ലോ. എന്താണ് ഇതിന് പിന്നിലുള്ള രഹസ്യം
*മനുഷ്യനായാല്‍ നിങ്ങള്‍ക്ക് ശാരീരികക്ഷമത വേണം. നിങ്ങള്‍ ക്രിക്കറ്റ് കളിച്ചാലും ഇല്ലെങ്കിലും ശരീരം സൂക്ഷിക്കുന്നതില്‍ എന്തിന് മടി കാണിക്കണം. ഞാനൊക്കെ കളി തുടങ്ങുന്ന കാലത്ത് ചെയ്തിരുന്ന എക്സര്‍സൈസുകള്‍ കേട്ടാല്‍ ഇപ്പോള്‍ പലരും ചിരിച്ചേക്കാം. പന്നിയുടെ പിറകെയുള്ള ഓട്ടമായിരുന്നു പ്രധാനം. ദിവസേന കുറച്ച് നേരം അവക്ക് പിന്നാലെ ഓടിയാല്‍ നിങ്ങള്‍ കായികക്ഷമതയിലേക്കുള്ള യാത്ര തുടങ്ങുകയായി. ഒഴിവ് സമയത്ത് മീന്‍ പിടിക്കാന്‍ പോകുക, വേട്ടയാടാന്‍ പോകുക തുടങ്ങിയ കലാപരിപാടികളും എനിക്കുണ്ടായിരുന്നു. കുന്നും മലയും കയറിയുള്ള യാത്രകള്‍ തന്നെ എന്തു രസമാണെന്നോ. വെറുതെയിരുന്നാല്‍ നിങ്ങളുടെ ശരീരം നശിക്കും. ഇപ്പോഴത്തെ കുട്ടികളൊക്കെ കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് കാണുന്നത് തന്നെ എനിക്ക ദേഷ്യമാണ്.

? താങ്കള്‍ ക്രിക്കറ്റിലേക്കെത്തിയത് ഫുട്ബോളില്‍ നിന്നാണെന്ന് കേട്ടിട്ടുണ്ട്. അതെങ്ങനെയാണ് സംഭവിച്ചത്
*കുട്ടിക്കാലത്ത് ഫുട്ബോളിനോടായിരുന്നു എനിക്ക് ഏറെ ഇഷ്ടം. പക്ഷേ കളിക്കളത്തില്‍ ഞാനൊരു മുന്ശുണ്ഠിക്കാരനുമായിരുന്നു. ഒരു ദിവസം കളിക്കിടെ റഫറിയുമായി കശപിശയായി. കളിക്കിടെ പലതിലും റഫറി തെറ്റായ തീരുമാനങ്ങള്‍ എടുത്തത് ഞാന്‍ ചോദ്യം ചെയ്തു. എല്ലാത്തിനും അയാള്‍ ഓരോ ന്യായങ്ങള്‍ കണ്ടെത്തി. പക്ഷേ ഒടുവില്‍ ന്യായീകരിക്കാന്‍ പറ്റാത്ത ഒരു പിഴവ് അയാള്‍ വരുത്തിയപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. മുഖത്തിട്ട് തന്നെ കൊടുത്തു..തകര്‍പ്പനൊരു ഇടി. അതോടെ ഞാന്‍ ഫുട്ബോളില്‍ നിന്ന് പുറത്തായി..
? താങ്കള്‍ ബ്രാഡ്മാനെതിരെ ഒരിക്കല്‍ പന്തെറിഞ്ഞിട്ടില്ലേ. ആ അനുഭവം ഇപ്പോള്‍ എങ്ങനെ ഓര്‍ക്കുന്നു.
*ഏതൊരു ബൗളറും കൊതിക്കുന്ന സ്വപ്നമാണത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷമായിരുന്നു അത്. അഡലെയ്ഡില്‍ നടക്കുന്ന ടെസ്റ്റിനിടയിലെ വിശ്രമദിനത്തിലാണ് ബ്രാഡ്മാന് ഞങ്ങളുടെ ടീമിന് മുന്നിലെത്തിയത്. 70 വയസിലേക്ക് അടുക്കുന്ന അദ്ദേഹത്തിനെതിരെ ഒരു പന്തെറിയാനുള്ള മനസിന്റെ അടങ്ങാത്ത കൊതി കൊണ്ട് ആഗ്രഹം സൂചിപ്പിച്ചു. അതു കേട്ടതും സധൈര്യം അദ്ദേഹം ബാറ്റുമായി ക്രീസിലേക്ക് നടന്നുവന്നു. ഹെല്‍മെറ്റ് ധരിക്കാതെ, പാഡ് കെട്ടാതെ എന്റെ പന്ത് നേരിടാന്‍ ആ പ്രായത്തിലും അദ്ദേഹം തയ്യാറായപ്പോള്‍ മനസ് കൊണ്ട് അറിയാതെ നമിച്ചുപോയി. ഞാന്‍ എറിഞ്ഞ ലെഗ് സ്പിന്‍ മനോഹരമായി അദ്ദേഹം നേരിട്ടു. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അത്.