ന്ത്യ- വെസ്റ്റിന്‍ഡീസ് മത്സരം കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകുകയാണ്. മത്സരം കൊച്ചിയില്‍ നിന്നും മാറ്റി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ നടത്തണമെന്നാണ് ഫുട്ബോള്‍ ആരാധകരുടെ പക്ഷം. ക്രിക്കറ്റ് മത്സരം നടന്നാല്‍ ഫിഫ അംഗീകാരത്തിലുള്ള കലൂര്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് നശിക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍  റൊട്ടേഷന്‍ അനുസരിച്ച് കൊച്ചിയില്‍ തന്നെ മത്സരം നടത്താനുള്ള ഒരുക്കത്തിലാണ് കെ.സി.എ. വിവാദങ്ങളെ പറ്റി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ഐ.എസ്.എല്‍ തിരുവനന്തപുരത്തു വെച്ച് നടത്താമല്ലോ

മികച്ച ഡ്രെയിനേജ് സിസ്റ്റമുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് നടത്തുന്നതല്ലേ നല്ലത് എന്ന ചോദ്യം കേട്ടു. എന്നാല്‍ ഒന്നു ചോദിക്കട്ടെ ഇത്രയും മികച്ച ഡ്രെയിനേജ് സിസ്റ്റമുള്ള ഗ്രീന്‍ഫല്‍ഡില്‍ സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെ മത്സരങ്ങളുള്ള ഐ.എസ്.എല്‍ എന്തുകൊണ്ട് നടത്തിക്കൂടാ? ഡ്രെയിനേജ് സിസ്റ്റം എന്നൊക്കെ പറയുന്നത് ഓരോ ന്യായീകരണങ്ങളാണ്. കൊച്ചിയില്‍ പുലര്‍ച്ചെ നാലു മണി വരെ മഴ പെയ്തിട്ടും ക്രിക്കറ്റ് നടന്ന സംഭവമുണ്ട്. 

വിവാദങ്ങള്‍ അനാവശ്യം

എന്റെ അഭിപ്രായത്തില്‍ ഇവിടെ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ബി.സി.സി.ഐ മത്സരം അനുവദിച്ചത്. അതനുസരിച്ച് കഴിഞ്ഞ ഫിക്സ്ച്ചര്‍ കമ്മിറ്റി ഇന്ത്യ-വിന്‍ഡീസ് അവസാന ഏകദിനം നവംബര്‍ ഒന്നിന് അനുവദിച്ചു. കെ.സി.എയ്ക്ക് നിലവില്‍ രണ്ട് ധാരണാപത്രമുണ്ട്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമായി ഒന്നും കലൂര്‍ സ്റ്റേഡിയവുമായി മറ്റൊന്നും. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഇന്ത്യ- ന്യൂസിലന്‍ഡ് ടിട്വന്റി മത്സരം തിരുവനന്തപുരത്ത് നടത്തിയത് കൊണ്ട് ഇന്ത്യ-വിന്‍ഡീസ് മത്സരം കൊച്ചിയില്‍ വച്ച് നടത്താമെന്ന് തീരുമാനിച്ചു.

അതനുസരിച്ച് ജിസിഡിഎ ചെയര്‍മാനുമായി സംസാരിച്ചു. കെ.സി.എയും ജിസിഡിഎയും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഫുട്ബോളും ക്രിക്കറ്റും നടത്താന്‍  കഴിയുന്ന രീതിയിലുള്ള ഒരു എംഒയു ആണ് ഒപ്പിട്ടിരിക്കുന്നത്. അങ്ങനെ ഞാന്‍ ചെയര്‍മാനെ വിളിച്ച് മത്സരത്തിന്റെ വിവരം ധരിപ്പിച്ചു. ചെയര്‍മാന്‍ പറഞ്ഞു നമുക്ക് ക്രിക്കറ്റും ഫുട്ബോളും നടത്തണം. അതു കൊണ്ട് ഈ മാസം 21ന് ഐഎസ്എല്‍ ഒഫീഷ്യല്‍സിനേയും ഉള്‍പ്പെടുത്തി ഒരു മീറ്റിങ് സംഘടിപ്പിക്കാം എന്ന് പറഞ്ഞു.

2014ലും ഇതുപോലെ ആദ്യ ഐഎസ്എല്‍ സീസണിന് ഒരു മാസം മുമ്പ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ഒരു ഏകദിനം നടന്നിട്ടുണ്ട്. അന്ന് ഇതു പോലെ മത്സരം വന്ന സമയത്ത് എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകള്‍ രണ്ടാമത് കൊണ്ടുവന്നു. ഭംഗിയായി തന്നെ ഇന്ത്യ-വിന്‍ഡീസ് മത്സരവും ഐ.എസ്.എല്ലും അന്ന് നടന്നു. അതുപോലെത്തന്നെ ഇത്തവണയും മത്സരങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷ.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയവുമായി 30 വര്‍ഷത്തെ കരാര്‍

2016ല്‍ കെസിഎ ഫിഫ ലോകകപ്പിനു വേണ്ടി ഗ്രൗണ്ട് കൈമാറി. ധാരണാപത്രം പ്രകാരം ഒരു കോടി രൂപ ജിസിഡിഎയില്‍ 30 വര്‍ഷത്തേക്ക് കെട്ടിവച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മത്സരം കൊച്ചിയില്‍ നടത്താന്‍ സാധിക്കുമോ എന്ന് ആരാഞ്ഞത്. അതിന്റെ ഇടയിലാണ് ഈ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ക്രിക്കറ്റ് നടന്നാല്‍ ഗ്രൗണ്ട് നശിച്ചു പോകും പിന്നീട് ഫുട്ബോള്‍ കളിക്കാന്‍ സാധിക്കില്ല എന്നൊക്കെയാണ് പറയുന്നത്. എന്തിനാണ് ഇങ്ങനൊരു വിവാദം എന്ന് മനസിലാകുന്നില്ല. ഇതിനു മുമ്പും അവിടെ ക്രിക്കറ്റും ഫുട്ബോളും ഒന്നിച്ചു നടന്നിട്ടുള്ളതാണ്. മാത്രമല്ല മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ക്രിക്കറ്റും ഫുട്ബോളും ഒന്നിച്ചു നടക്കാറുണ്ട്. ഒരുപാട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടുള്ള കൊച്ചി പോലൊരു വേദിയില്‍ ക്രിക്കറ്റും ഫുട്ബോളും ഒന്നിച്ചു നടത്താന്‍ സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. 

അനാവശ്യ വിവാദങ്ങള്‍ക്ക് കെ.സി.എ പോകില്ല

2014 വരെ കെ.എസി.എ തന്നെയായിരുന്നു കൊച്ചിയിലെ ഗ്രൗണ്ട് മെയിന്റനന്‍സ് നടത്തിയത്. ഇപ്പോഴും അവിടുത്തെ ഫ്ളെഡ് ലൈറ്റ്സും നാല് ജനറേറ്ററുകളും കെ.സി.എയുടെതാണ്. 2010ല്‍ ഐപിഎല്ലിനു വേണ്ടി 10 കോടിയോളം രൂപ കെ.സി.എ മുടക്കിയിരുന്നു. അതിലാണ് ഐഎസ്എല്ലും കളിക്കുന്നത്. 2014,15,16 വര്‍ഷങ്ങളില്‍ 10 ലക്ഷം രൂപ വച്ച് വര്‍ഷം തോറും ഗ്രൗണ്ടിനു വാടക നല്‍കിയരുന്നു. പിന്നെ ഓരോ മത്സരത്തിനും 25 ലക്ഷം വച്ച് നല്‍കിയിരുന്നു.

അതിലൊന്നും കെ.സി.എ ഒരിക്കലും അവകാശം പറഞ്ഞ് വന്നിട്ടില്ല. കഴിഞ്ഞ തവണ തിരുവനന്തപുരത്തേക്ക് മത്സരം കൊണ്ടു വന്നപ്പോള്‍ കൊച്ചിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് നഷ്ടപ്പെടുകയാണെന്ന് പറഞ്ഞ് ധാരാളം പേര്‍ ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജിലും മറ്റും ചോദിച്ചിരുന്നു. അന്ന് പറഞ്ഞിരുന്നു അടുത്ത മത്സരം വരുമ്പോള്‍ നോക്കാമെന്ന്. ഒരു റൊട്ടേഷന്‍ ബേസില്‍ ഇതിനെ കണ്ടാല്‍ പോരെ അല്ലാതെ വിവാദമാക്കേണ്ട കാര്യമുണ്ടോ? റൊട്ടേഷന്‍ ബേസില്‍ ഓരോ 23ാം മത്സരവും കേരളത്തിന് ലഭിക്കും. അപ്പോള്‍ ഈ രണ്ട് ഗ്രൗണ്ടിലുമായി മത്സരങ്ങള്‍ നടത്താം. ഒരു വര്‍ഷം തന്നെ രണ്ട് മത്സരങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നാളത്തെ ചര്‍ച്ചയ്ക്കു ശേഷം എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലാണ്. അനാവശ്യ വിവാദങ്ങള്‍ക്ക് കെ.സി.എയ്ക്കും താത്പര്യമില്ല. 

കായിക മന്ത്രി തിരുവനന്തപുരത്ത് മത്സരം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത് അറിഞ്ഞിട്ടില്ല

തിരുവനന്തപുരത്ത് വച്ച് മത്സരം നടത്തുന്നതാണ് കായിക മന്ത്രി എ.സി.മൊയ്തീനു താത്പര്യം എന്ന് പറഞ്ഞത് അറിഞ്ഞിട്ടില്ല. എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്താണ് വിവാദം എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു നമുക്ക് ബി.സി.സി.ഐ ഒരു മത്സരം അനുവദിച്ചിട്ടുണ്ട്. അത് കൊച്ചിയില്‍ നടത്താനാണ് ആഗ്രഹം എന്നും അദ്ദേഹത്തോട് പറഞ്ഞു. അല്ലാതെ കെ.സി.എ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ബുധനാഴ്ച്ച ഒരു ചര്‍ച്ച വെച്ചിട്ടുണ്ട്. അതിനു ശേഷമായിരിക്കും അവസാന തീരുമാനം കൈക്കൊള്ളുക. കെസിഎയ്ക്ക് നല്‍കിയ ഒരു മത്സരം കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടത്തി. ഇത്തവണ കൊച്ചിയില്‍ നടത്തണം എന്ന് ആഗ്രഹിക്കുന്നു. അല്ലാതെ ഇതില്‍ വിവാദം ഒന്നും തന്നെയില്ലെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. 

ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് കെ.സി.എയ്ക്ക് അധിക ചിലവ്

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നത് കെ.സി.എയ്ക്ക് അധിക ചിലവാണ്. വിഐപി പവലിയന്‍ പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം നടന്നപ്പോള്‍ ഗ്രൗണ്ടിന്റെ ഒരു സൈഡില്‍ കാര്‍പ്പറ്റ് വിരിച്ച് വിഐപി എന്ന് എഴുതി കൊടുക്കുകയാണ് ചെയ്തത്. അതു പോലെ കാര്യവട്ടത്തെ ഗേറ്റുകള്‍ മുഴുവന്‍ തുറന്നു കിടക്കുകയാണ്. മറിച്ച് കൊച്ചിയില്‍ എല്ലാ ഗേറ്റുകളും ഗ്രില്‍ വച്ച് അടച്ചവയാണ്. കാര്യവട്ടത്ത് കഴിഞ്ഞ മത്സരം നടത്താന്‍ 35 ലക്ഷത്തോളം രൂപ അധികമായി ചിലവാക്കേണ്ടി വന്നു. ഷട്ടറുകളും ഗേറ്റുകളും ഇല്ലാത്തതിനാല്‍ മുഴുവന്‍ ബാരിക്കേട് ഉപയോഗിക്കേണ്ടി വന്നു. 

അതുപോലെ ടി ട്വന്റി മത്സരത്തിന് കളിക്കാര്‍ ഇരുന്നു കാണുന്നത് ബൗണ്ടറി ലൈനിന് പുറത്തൊരുക്കിയ ഡഗൗട്ടിലാണ്. എന്നാല്‍ ഏകദിന മത്സരം വരുമ്പോള്‍ ഏഴ് മണക്കൂറോളം മത്സരം നീണ്ടു നില്‍ക്കും. പക്ഷേ കളിക്കാരുടെ  ഡ്രെസിങ് റൂമില്‍ നിന്നും മത്സരം കാണാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ തവണ മുഖ്യമന്ത്രിയും കായിക മന്ത്രിയുമൊക്കെ ഇരുന്ന ആ ഏരിയയില്‍ കളിക്കാരെ ഇരുത്തേണ്ടി വരും. അപ്പോള്‍ വിഐപി ഏരിയ ഇല്ലാതെയാകും. ഇതൊന്നും അറിയാതെയാണ് വിവാദങ്ങളുണ്ടാക്കുന്നത്. എന്നാല്‍ എല്ലാ സൗകര്യങ്ങളും ആയി കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയമാകും ഗ്രീന്‍ഫീല്‍ഡ്. 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കെ.സി.എ പണിതതല്ല

ചിലര്‍ പറയുന്നു മത്സരം കൊച്ചിയില്‍ വച്ച് നടത്താനായിരുന്നെങ്കില്‍ എന്തിനാണ് തിരുവനന്തപുരത്ത് കെ.സി.എ സ്റ്റേഡിയം പണിതതെന്ന്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കെ.സി.എ പണിതതല്ല. അത് നാഷണല്‍ഗെയിംസിനു വേണ്ടി കേരള സര്‍ക്കാര്‍ പണിതതാണ്. വിമര്‍ശിക്കുമ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി പഠിച്ചതിന് ശേഷം വിമര്‍ശിക്കുന്നതാണ് നല്ലത്.

സച്ചിന്റെ പവലിയന്‍ പൂര്‍ണമായും എടുത്തു കളഞ്ഞിട്ടും കെ.സി.എ വിവാദമുണ്ടാക്കിയിട്ടില്ല

കലൂര്‍ സ്റ്റേഡിയത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പവലിയന്‍ കെ.സി.എ 12 ലക്ഷം രൂപ മുടക്കി അദ്ദേഹത്തെ ആദരിക്കാന്‍ വേണ്ടി ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകളും ചിത്രങ്ങളും ബാറ്റും എല്ലാം വെച്ചാണ് ആ പവലിയന്‍ ഒരുക്കിയത്. ധോണി വന്നാണ് ആ പവലിയന്‍ ഉദ്ഘാടനം ചെയ്തത്. ആ സാധനങ്ങളെല്ലാം അണ്ടര്‍-17 ഫിഫ ലോകകപ്പ് സമയത്ത് എടുത്ത് മാറ്റുകയുണ്ടായി. എന്നാല്‍ ഞങ്ങള്‍ ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. കെ.സി.എയ്ക്ക് വിവാദങ്ങളില്ല. ഫുട്ബോള്‍ വരുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമാണ്. ക്രിക്കറ്റിനൊപ്പം ഫുട്ബോളും വേണമെന്ന് തന്നെയാണ് കെ.സി.എയുടെ ആഗ്രഹം. 

Content Highlights: Jayesh George KCA Secretary On Kaloor Stadium Controversy