കേരളത്തിനൊപ്പം ഇത് രണ്ടാം സീസണാണ് ജലജ് സക്‌സേനയ്ക്ക്. രഞ്ജി ട്രോഫി നോകൗട്ട് റൗണ്ട് എന്ന ലക്ഷ്യത്തിലേക്ക് ചുവടു വയ്ക്കാന്‍ കേരളം ഒപ്പം കൂട്ടിയതായിരുന്നു മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഈ ഓള്‍റൗണ്ടറെ. പരിക്ക് വലച്ച ആദ്യ സീസണില്‍ പകുതിയോളം മത്സരങ്ങള്‍ ബെഞ്ചില്‍ ഇരുന്നു കാണേണ്ടി വന്നു ജലജിന്.
നിര്‍ണായക ഘട്ടങ്ങളിലെ നേരിയ പിഴവും ഒപ്പം നിര്‍ഭാഗ്യവും ചേര്‍ന്നപ്പോള്‍ ഒരിക്കല്‍ കൂടി കേരളത്തിനു നിരാശരായി മടങ്ങേണ്ടി വന്നു. എന്നാല്‍ രണ്ടാം സീസണില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്തി കേരളം ചരിത്രം രചിച്ചു. കരുത്തരായ ഗുജറാത്തും സൗരാഷ്ട്രയും രാജസ്ഥാനും ഒക്കെ അടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ ആറു മത്സരങ്ങളില്‍ നിന്നും 31 പോയിന്റുകളുമായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്
ആറു മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകളുമായി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ജലജ് ബാറ്റു കൊണ്ടും പന്ത് കൊണ്ടും കേരളത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിനു ഈ സീസണ്‍ സാക്ഷ്യം വഹിച്ചു. ഇത് വരെ മൂന്നു അര്‍ധശതകങ്ങളും ഒരു തകര്‍പ്പന്‍ സെഞ്ചുറിയുമായി 482 റണ്‍സും നേടിയിട്ടുണ്ട് ഈ ഓപ്പണര്‍. തിരുവനന്തപുരം റെസിഡന്‍സി ടവറിന്റെ ലോബിയില്‍ വച്ച് കാണുമ്പോള്‍ ജലജ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
ഒരുനാള്‍ ഇന്ത്യയുടെ ജഴ്‌സി അണിയും
ഒന്നര പതിറ്റാണ്ടോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ അസൂയാവഹമായ ഒരു പിടി നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും സെലക്ടര്‍മാര്‍ കയ്യൊഴിഞ്ഞ ചരിത്രമാണ് ജലജിനുള്ളത്. എന്നാല്‍ 30 പിന്നിട്ടിട്ടും ഇന്ത്യന്‍ കുപ്പായം എന്ന തന്റെ ഏറ്റവും വലിയ സ്വപ്നം താരം കൈവിട്ടിട്ടില്ല.
'സെലക്ടര്‍മാര്‍ എന്ത് ചിന്തിക്കുന്നു എന്നതിനെ പറ്റി ഞാന്‍ ബോധവാന്‍ ആകേണ്ടതില്ല എന്ന് ഞാന്‍ കരുതുന്നു. പകരം എല്ലായിപ്പോഴും എന്റെ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാനാണ് ശ്രമിക്കുക. അച്ഛന്‍ പകര്‍ന്നു തന്ന ഒരു വലിയ പാഠമാണ് അത്. അത് തന്നെയാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതും. ഞാന്‍ മറ്റെന്തിലെങ്കിലും ശ്രദ്ധിച്ചാല്‍ അത് കളിയില്‍ നിന്നുള്ള ഫോക്കസ് നഷ്ടപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ മനസ്സിന്റെ അസ്വസ്ഥമാക്കാതിരിക്കാന്‍ ഞാന്‍ നോക്കാറുണ്ട്.

ക്രിക്കറ്റ് കളിക്കുക, സ്വയം മെച്ചപ്പെടുത്തുക എന്താണ് എന്റെ ലക്ഷ്യം. ഒരു നാള്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു മൈതാനത്തിറങ്ങുന്ന സ്വപ്നം എന്നിലുണ്ട്. സെലക്ടര്‍മാര്‍ എങ്ങനെയെങ്കിലും എന്നെ ടീമിലെടുക്കണം എന്ന് വാശിപിടിച്ചിട്ടു കാര്യമില്ല. എനിക്ക് ഒരു സ്വപ്നമുണ്ട്. അത് യാഥാര്‍ഥ്യമാക്കാന്‍ ഞാന്‍ കഠിനപരിശ്രമം നടത്തികൊണ്ടേയിരിക്കുന്നു. വയസ്സ് 30 പിന്നിട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ആ ലക്ഷ്യം നേടിയെടുക്കാന്‍ ഞാന്‍ എന്റെ എല്ലാ കഴിവും ഉപയോഗിച്ച് പ്രയത്‌നിക്കുന്നുണ്ട്. ചിലര്‍ കരുതുന്നത് ഇനി ദേശീയ ടീമിലെത്തുക ബുദ്ധിമുട്ടുള്ള കാര്യമെന്നാണ്. എന്നാല്‍ ഒരു നാള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാക്കാനാകും എന്ന് എനിക്ക് ഒരു ഉറച്ച വിശ്വാസം ഉണ്ട്. ജലജ് പറയുന്നു.
'ആഭ്യന്തര തലത്തില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ഞാന്‍ മികച്ച ആള്‍റൗണ്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ മേഖല ടീമുകളിലും ഇന്ത്യന്‍ എ ടീമിലും കളിച്ചു. ക്ലബ് ക്രിക്കറ്റിലും സജീവമായിരുന്നു. അതുകൊണ്ട് തന്നെ ആത്മവിശ്വാസവും ഏറെയായിരുന്നു.2014-15 സീസണില്‍ ആഭ്യന്തര തലത്തിലെ മികച്ച ആള്‍റൗണ്ടര്‍ക്കുള്ള ലാല അമര്‍നാഥ് പുരസ്‌കാരം നേടി.
എന്നെ തേടി ഒരു നല്ല വാര്‍ത്ത ഉടന്‍ എത്തുമെന്ന ഒരു പ്രതീക്ഷ എപ്പോഴും ഉണ്ടായിരുന്നു. ഒരു അവസരം കിട്ടിയാല്‍ അത് മുതലാക്കാനായി തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ ആ വിളി എത്തിയില്ല. അതില്‍ കുറച്ചൊക്കെ നിരാശനുമായിരുന്നു. ഞാന്‍ ആരെയും കുറ്റപ്പെടുത്താനില്ല. അതും ഒരു വെല്ലുവിളിയായി തന്നെ എടുത്തു. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു പിഴവുകള്‍ തിരുത്തി എന്നെ പൂര്‍ണ സജ്ജനാക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു പോസിറ്റീവ് ചിന്താഗതി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.'
'വിധിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ചിലര്‍ പറയാറുണ്ട് ദേശീയ ടീമിലേക്കുള്ള പ്രവേശനം നേരിയ മാര്‍ജിനിലാണ് നഷ്ടമായതെന്ന്. പല സന്ദര്‍ഭങ്ങളിലും ഞാന്‍ അത് കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അതൊക്കെയും പോസറ്റീവ് ആയി കാണുന്ന വ്യക്തിയാണ്. ഞാന്‍ ക്രിക്കറ്റ് മതിയാക്കുന്നു വരെ അവസരം നഷ്ട്ടപെട്ടല്ലോ എന്നോര്‍ത്ത് വിലപിക്കില്ല. കാരണം എനിക്ക് ഇപ്പോഴും അവസരങ്ങള്‍ ബാക്കിയുണ്ട്. പരിശ്രമിച്ചാല്‍ അവിടെ എത്താനാകും എന്ന ആത്മവിശ്വാസവും വേണ്ടുവോളം ഉണ്ട്.'
നീന്തലില്‍ നിന്ന് ക്രിക്കറ്റിലേക്ക്
നീന്തല്‍ താരമായിരുന്ന അച്ഛനെ പിന്തുടര്‍ന്ന് ജലജ് ക്രിക്കറ്റ് തിരഞ്ഞെടുക്കാനുമുണ്ട് ഒരു കാരണം.'വളരെ ചെറുപ്പത്തിലേ ഞാന്‍ ക്രിക്കറ്റിലേക്ക് വന്നിരുന്നു. എനിക്ക് 8-9 വയസുള്ളപ്പോള്‍ തന്നെ. ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എന്റെ അച്ഛന്‍ ഒരു നീന്തല്‍ താരവും പരിശീലകനുമായിരുന്നു. ഞാനും കുട്ടികളെത്ത നീന്തലില്‍ ഒരു കൈ നോക്കിയിരുന്നു. എന്നാല്‍ ക്ലോറിനോടുള്ള അലര്‍ജി കാരണം കുളത്തില്‍ നിന്ന് കയറി. എന്റെ മുതിര്‍ന്ന സഹോദരന്‍, എന്നേക്കാള്‍ നാലു വയസ്സിനു മുതിന്ന ജതിന്‍ സക്‌സേന, അന്നേ ക്രിക്കറ്റിലേക്ക് തിരിഞ്ഞിരുന്നു. ഞാന്‍ ചേട്ടനെ പിന്തുടര്‍ന്നാനാണ് ക്രിക്കറ്റിലേക്ക് വന്നത്.
മധ്യ പ്രദേശിന് വേണ്ടി കളിച്ചിരുന്ന ജതിന്‍ പിന്നീട് ചത്തിസ്ഗഢിലേക്ക് പോയി. അദ്ദേഹം ഇപ്പോഴും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമാണ്. എന്റെ അച്ഛനും ഒരുപാട് പിന്തുണച്ചു. എന്റെ ആദ്യ കോച്ച് അദ്ദേഹമായിരുന്നു. കുട്ടിക്കാലത്തു ഞാനും ചേട്ടനും ടീവിയില്‍ ക്രിക്കറ്റ് കാണുന്ന കൂട്ടത്തിലായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ അദ്ദേഹത്തിനെ ഫോമിന്റെ പരമോന്നതിയില്‍ കളിക്കുന്ന സമയം. ഞാന്‍ രണ്ടു പേരുമാകട്ടെ സച്ചിന്റെ കടുത്ത ആരാധകരും. അന്ന് ക്രിക്കറ്റിനോട് തുടങ്ങിയ ഇഷ്ടമാണ് പിന്നീട് ഈ നിലയില്‍ വളര്‍ന്നത്. ഇന്ത്യയില്‍ ക്രിക്കറ്ററാകാന്‍ സ്വപ്നം കാണുന്ന ആയിരക്കണക്കിന് കുട്ടികളെ പോലെ സച്ചിന്‍ തന്നെയായിരുന്നു ഏറ്റവും വലിയ റോള്‍ മോഡലും പ്രചോദനവും.

'അച്ഛന്‍ ഒരു കായിക താരം ആയിരുന്നത് കൊണ്ട് തന്നെ അദ്ദേഹം വലിയ പിന്തുണയാണ് തന്നത്. മറ്റേതൊരു കായിക താരത്തെയും പോലെ, തന്റെ മക്കള്‍ ഏതെങ്കിലും കായിക ഇനങ്ങളില്‍ ഏര്‍പെടുന്നത് അദ്ദേഹത്തിത്തിനു സന്തോഷം നല്‍കുന്ന കാര്യം ആയിരുന്നു. എന്റെ കരിയറിന്റെ ആദ്യ നാളുകളില്‍ അച്ഛന്‍ തന്നെയാണ് പരിശീലിപ്പിച്ചിരുന്നത്..മണിക്കൂറുകളോളം അദ്ദേഹം എനിക്ക് പന്തെറിഞ്ഞു തരുമായിരുന്നു. ഒപ്പം ഒരുപാട് പോസിറ്റീവ് ആയ നിര്‍ദേശങ്ങളും ഉപദേശങ്ങളും.16 വര്‍ഷങ്ങളോളം അംഗമായിരുന്ന മധ്യ പ്രദേശ് ടീം ഉപേക്ഷിച്ചു കേരളത്തിലേക്ക് വരാനുള്ള തീരുമാനം എടുക്കാന്‍ ഏറെ ബുദ്ധിമുട്ടി എന്ന് ജലജ് പറയുന്നു.
'ഞാന്‍ മധ്യ പ്രദേശിന് വേണ്ടി നന്നായി കളിച്ചുകൊണ്ടിരിക്കെയാണ് ഈ അവസരം വന്നത്. ഞാന്‍ ടീമംഗങ്ങളുമായി വളരെയധികം ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. എല്ലാവരും വളരെ നാളായി അറിയാവുന്നവര്‍, വര്ഷങ്ങളായി ഒപ്പം കളിക്കുന്നവര്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചിലവഴിച്ചതും അവരോടൊപ്പമാണ്.
അവരെ വിട്ട് കേരളത്തിലേക്ക് വരിക എന്നെ സംബന്ധിച്ചിടത്തോളം ഒരു റിസ്‌ക് ആയിരുന്നു എന്ന് തന്നെ പറയാം. മധ്യ പ്രാദേശിന് വേണ്ടി അവസാന സീസണുകളില്‍ നല്ല പ്രകടനം തന്നെയായിരുന്നു എന്റേത്. അത് കൊണ്ട് തന്നെ പ്ലേറ്റ് ഡിവിഷനിലെ ഒരു ടീമില്‍ ചേര്‍ന്ന് അവരെ ഉയര്‍ന്ന തലത്തിലേക്ക് എന്റെ പ്രകടനം കൊണ്ട് കൂടി എത്തിക്കാന്‍ സാധിച്ചാല്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നു തോന്നി. അത് കൊണ്ട് തന്നെ അത്തരം ഒരു വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.'
കേരളവുമായി വേഗത്തിലിണങ്ങി
തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങള്‍ ആയിരുന്നിട്ടുകൂടി കേരളവുമായി വളരെ വേഗം പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്ന് ജലജ് പറയുന്നു. 'ഒരിക്കലും വീട്ടില്‍ നിന്ന് മാറി നില്കുന്നു എന്ന ഒരു ഫീലിംഗ് എനിക്ക് ഉണ്ടായിട്ടില്ല. കാരണം ഇവിടെ എല്ലാവരും എന്നെ ഒരു കുടുംബാംഗത്തെ പോലെ കാണുന്നു. എല്ലാവരും നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിനു കളിയ്ക്കാന്‍ തീരുമാനിച്ചു കരാര്‍ ഒപ്പിട്ട ശേഷം അല്പം ആശങ്ക ഉണ്ടായിരുന്നു. മറ്റൊരു നാട്ടില്‍ എന്നെ എങ്ങനെ അവര്‍ സ്വീകരിക്കും എന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ ടീമിനൊപ്പം ചേര്‍ന്നതില്‍ പിന്നെ അതൊക്കെ വെറുതെയാണെന്ന് ബോധ്യമായി.'
'കേരളം തീര്‍ച്ചയായും നല്ല അനുഭവമാണ്. കഴിഞ്ഞ തവണ ആലപ്പുഴയിലും വയനാട്ടിലും ക്യാമ്പുകള്‍ ഉണ്ടായിരുന്നു. എന്തൊരു ഭംഗിയുള്ള സ്ഥലങ്ങള്‍ ആണെന്നോ. ഈ രണ്ടു സ്ഥലങ്ങളിലെയും യാത്രയും താമസവും നന്നായി ആസ്വദിച്ചു. ആളുകള്‍ പറയുന്നത് ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.'
'തികച്ചും വിസ്മയകരമാണ് ഇവിടെ വന്ന മാറ്റങ്ങള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത് ആലപ്പുഴ, വയനാട് തുടങ്ങി പല സ്ഥലങ്ങളിലും പരിശീലനത്തിനും മറ്റും നല്ല സൗകര്യങ്ങളാണ് നല്‍കിയിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു കൂട്ടം കളിക്കാരാണ് ഇന്ന് കേരളത്തെ പ്രതിനിധീകരിക്കുന്നത്. അതൊക്കെ തന്നെ അസോസിയേഷന്‍ നല്കികൊണ്ടിരുക്കുന്ന പിന്തുണയുടെയും മികച്ച സൗകര്യങ്ങളുടെയും പ്രതിഫലനം ആണ്.'

'നല്ല പരിശീലകരോടൊപ്പം ജോലി ചെയ്യാം സാധിച്ചതില്‍ ഭാഗ്യമുള്ള ആളാണ് ഞാന്‍. കേരളത്തിലെ ആദ്യ സീസണില്‍ പി ബാലചന്ദ്രന്‍ ആയിരുന്നു കോച്ച്. ചില കളികള്‍ വിജയിക്കാന്‍ കഴിഞ്ഞില്ല എന്നത് ശരി തന്നെ പക്ഷെ ടീം നന്നായി പെര്‍ഫോം ചെയ്തു. ഒരു നല്ല വ്യക്തിയാണ് ബാലചന്ദ്രന്‍ ഒരു ശരിയായ ജന്റില്‍മാന്‍. ഡേവ് വാറ്റ്മോര്‍ ആകട്ടെ അടിമുടി പ്രൊഫഷണല്‍ ആണ്. ഓരോ കളിക്കാരനും മത്സരത്തിന് മുന്‍പ് നന്നായി തയ്യാറെടുത്തു എന്ന് ഉറപ്പു വരുത്തുന്നയാള്‍. എന്താണ് ആവശ്യമെന്ന് മനസിലാക്കി അത് നല്‍കാനുള്ള കഴിവ് വാറ്റ്മോറിനെ വ്യത്യസ്തനാക്കുന്നു.' തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്ന് കേരളത്തോടൊപ്പമായിരുന്നു എന്ന് അഭിമാനിക്കുന്നു ഈ ആള്‍റൗണ്ടര്‍.
' ഈ സീസണില്‍ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ 184 റണ്‍സും (79, 105) 10 വിക്കറ്റും എന്ന നേട്ടം കൈവരിച്ചു. കേരളത്തിന് വേണ്ടി ഇത് വരെ ആരും കൈവരിക്കാത്ത നേട്ടമാണത്. കളിയിലെ ടോപ്സ്‌കോറും പത്തു വിക്കറ്റും. ആ റെക്കോര്‍ഡ് വളരെ പ്രിയപ്പെട്ടതാണ്. 2015 -16 രഞ്ജി സീസണില്‍ മധ്യ പ്രദേശിന് വേണ്ടി റയില്‍വേക്കെതിരെ ഒരു മത്സരത്തില്‍ 154 റണ്‍സിന് 16 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് ഫിഗേര്‌സ് ആണത്. എനിക്ക് മുന്നില്‍ ഉള്ളത് അനില്‍ കുംബ്ലെ ആണ്. അദ്ദേഹം 99 റണ്‍സിനാണ് 16 വിക്കറ്റുകള്‍ വീഴ്ത്തിയത്. കുംബ്ലെയെ പോലെയുള്ള ഒരു ഇതിഹാസ താരവുമായി എന്റെ നേട്ടം താരതമ്യപ്പെടുത്തുക എന്നത് തന്നെ വലിയ കാര്യമാണ്. ആ നിമിഷങ്ങള്‍ ഞാന്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നവയാണ്.'
ക്രിക്കറ്റ് ലീഗിലും സജീവം
'ബംഗ്ലാദേശിലെ ലെജന്ഡ്‌സ് ഓഫ് രൂപ്ഗൻജ് എന്ന ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ധാക്ക ലീഗില്‍ മത്സരസാഹചര്യം വളരെ വ്യത്യസ്തമാണ്. അവിടെ അല്പം കഠിനമാണ് കാര്യങ്ങള്‍. കൂടാതെ, ചെന്നൈ ലീഗിലും കളിക്കുന്നുണ്ട്. കഴിഞ്ഞ 2-3 വര്‍ഷങ്ങളിലായി വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിയ്ക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിവുകളെ മെച്ചപ്പെടുത്താനും വളരെയേറെ സഹായിച്ചിട്ടുണ്ട് ആ മത്സരങ്ങള്‍. കഴിയുന്നത്ര ക്രിക്കറ്റ് കളിക്കണമെന്നത് തന്നെയാണ് പ്ലാന്‍. മത്സര സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് സ്വയം ഒരുങ്ങാനും കഴിവുകളെ തേച്ചു മിനുക്കാനും കിട്ടുന്ന അവസരങ്ങളായി ഞാന്‍ ഈ മത്സരങ്ങളെ കാണുന്നു.'
ഇഷ്ടം ടെസ്റ്റ് ക്രിക്കറ്റിനോട്
'ടിവി യില്‍ ടെസ്റ്റ് മത്സരങ്ങള്‍ കാണുമ്പോളുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കുക വയ്യ. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ അക്തര്‍ അല്ലെങ്കില്‍ ബ്രെറ്റ് ലീ പന്തെറിയുന്നത് ഒക്കെ വളരെ ആസ്വദിച്ചിരുന്നു. സച്ചിനെതിരെ അക്രം കളിക്കുന്നതൊക്കെ എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന കാഴ്ചകളാണ്. മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാകില്ല ടെസ്റ്റുകളെ.'

യോഗ വിട്ടൊരു കളിയില്ല
'ഞാന്‍ യോഗ ചെയ്യുന്നതിന് ഒരു പാട് സമയം നീക്കിവെയ്ക്കാറുണ്ട്. ഒഴിവു സമയ വിനോദം എന്നൊന്നും വിളിക്കാന്‍ പറ്റില്ല. ഒരു ജീവിതചര്യ തന്നെയാണ് എനിക്ക് യോഗ. എന്റെ അച്ഛനും മുത്തശ്ശനും യോഗയെ പറ്റി ആഴത്തില്‍ പഠിച്ചവരാണ്. അവരില്‍ നിന്ന് യോഗ പാഠങ്ങള്‍ പകര്‍ന്നു കിട്ടിയിട്ടുണ്ട്. അത് ഒരു വലിയ അനുഗ്രഹമായി കാണുന്നു. എനിക്ക് യോഗയെന്നത് ജീവിതപാഠങ്ങള്‍ തന്നെയാണ്. ജീവിതത്തെ കൈകാര്യം ചെയ്യാന്‍ സ്വയം കൈകാര്യം ചെയ്യാന്‍ ഒക്കെ യോഗ സഹായകമാണ്. സമചിത്തതയോടെ ഓരോ സഹചര്യങ്ങളെ നേരിടാന്‍ അത് നല്‍കുന്ന ഊര്‍ജ്ജം വിലമതിക്കാനാകാത്തതാണ്.
തനിക്ക് ക്രിക്കറ്റിനപ്പുറം ഒരു ജീവിതമില്ലെന്ന് പറഞ്ഞു നിര്‍ത്തുന്നു ജലജ്. 'എനിക്ക് ഇപ്പോള്‍ ക്രിക്കറ്റ് മാത്രമാണ് ജീവിതം. അതിനുമപ്പുറത്തേക്ക് എന്തെങ്കിലും ചിന്തിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. കളിമതിയാക്കുമ്പോള്‍ മാത്രമാകും മറ്റൊരു ജീവിതത്തിന്റെ മറുപാതിയെ പറ്റി ചിന്തിക്കുക.'