ൻസാസിലെ സ്റ്റേറ്റ് ലൈഫ് പ്രിപ്പറേറ്ററി അക്കാദമിയിലെ കോച്ച് ജെഫിന്റെ മെസേജ് വന്ന നിമിഷം ഇപ്പോഴും ആൻ മേരി സഖറിയ എന്ന പതിനാറുകാരിക്ക് വിശ്വസിക്കാനായിട്ടില്ല. മുൻ ദേശീയ ബാസ്കറ്റ് ബോൾ താരങ്ങളായ കോട്ടയം കഞ്ഞിക്കുഴി തോപ്പിൽ ഹൗസിൽ സഖറിയ തോമസിന്റെയും ജീന സഖറിയയുടെയും ഇളയമകൾക്ക് ബാസ്കറ്റ് ബോൾ എന്നത് രക്തത്തിൽ അലിഞ്ഞു ചേർന്നപോലെയാണ്. ഇപ്പോഴിതാ അതിനുള്ള സമ്മാനമെന്നോണം കൻസാസിലെ സ്റ്റേറ്റ് ലൈഫ് പ്രിപ്പറേറ്ററി അക്കാദമിയുടെ സ്കോളർഷിപ്പോടെ യു.എസിൽ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുകയാണ് ആൻ മേരിക്ക്. ഇത്തരത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യ മലയാളി താരമാണ് ഈ പതിനാറുകാരി.

കൻസാസിൽ തുടർവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന ഈ പ്ലസ് വൺകാരി അതിനായി പഠനത്തിലെ ഒരു വർഷം നഷ്ടമാകുന്നത് കാര്യമാക്കുന്നില്ല. കളി കാര്യമാക്കിയ ആൻ പക്ഷേ പഠനത്തിലും ഒട്ടും പിന്നോട്ടല്ല കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിനിയായ ഈ താരം 90 ശതമാനത്തിലേറെ മാർക്കോടെയാണ് പ്ലസ് വൺ പരീക്ഷ പാസായിരിക്കുന്നത്. ജൂനിയർ തലത്തിൽ കേരളത്തിനും ഇന്ത്യയ്ക്കുമായി കളിച്ച ആൻ മാതൃഭൂമി ഡോട്ട്കോമുമായി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.

കളി ജീവിതം

അച്ഛനും അമ്മയും തന്നെയാണ് തന്നെ ഈ ഗെയിമിലേക്ക് കൊണ്ടുവന്നതെന്ന് ആൻ പറയുന്നു. ഈ സ്കോളർഷിപ്പ് കിട്ടിയ വിവരം അറിഞ്ഞ് ഏറെ സന്തോഷിച്ചതും അവർ തന്നെയാണ്. അഞ്ചാം ക്ലാസിലാണ് കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ ചേരുന്നത്. അവിടത്തെ അസീസ് രാജാമോൻ സാറിന്റെ കീഴിലായിരുന്നു പരിശീലനം. ഇപ്പോഴും അദ്ദേഹത്തിന്റെ കീഴിൽ തന്നെയാണ് പരിശീലിക്കുന്നത്. മൗണ്ട് കാർമലിൽ വന്നതിന്റെ തൊട്ടടുത്ത വർഷം ആറാം ക്ലാസിൽ പഠിക്കുമ്പോൾ കേരള ടീമിനായി സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ് ജയിക്കാനായതാണ് കളി ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം. നാസിക്കിൽ വെച്ചായിരുന്നു ചാമ്പ്യൻഷിപ്പ്. അതോടെ ബാസ്കറ്റ് ബോളിനോടുള്ള ഇഷ്ടം കൂടി. പിന്നീട് അണ്ടർ-17 സ്കൂൾ നാഷണൽസിലും കളിച്ചു.

2019 ജനുവരിയിൽ നടന്ന എൻ.ബി.എ അക്കാദമിയുടെ ഇന്ത്യൻ വനിതാ ക്യാമ്പിൽ പരിശീലകരുടെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് ആൻ മേരിയായിരുന്നു. ഈ സ്കോളർഷിപ്പിന് കാരണമായതും ക്യാമ്പിലെ പ്രകടനം തന്നെ.

ann mary
സഖറിയ തോമസ്, ജീന സഖറിയ, ഡോണ എല്‍സ സഖറിയ, ആന്‍ മേരി സഖറിയ

രണ്ടു തവണ ഫിബ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2017-ലെ അണ്ടർ-16 വനിത ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2018-ലെ അണ്ടർ-18 വനിത ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായിരുന്നു അത്. ബെംഗളൂരുവിലായിരുന്നു ഈ രണ്ട് ടൂർണമെന്റുകളും. കോയമ്പത്തൂരിൽ നടന്ന അണ്ടർ-16 യൂത്ത് ചാമ്പ്യൻഷിപ്പ് ജയിച്ച കേരള ടീമിന്റെ പ്രധാന ശക്തിയും ആൻ തന്നെയായിരുന്നു. 2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും ആൻ തിളങ്ങിയിരുന്നു. ജനുവരി 17-ന് കർണാടകയ്ക്കെതിരേ നടന്ന മത്സരത്തിൽ കേരള ടീമിനായി ഒറ്റയ്ക്ക് 24 പോയന്റുകളാണ് ആൻ സ്വന്തമാക്കിയത്.

ആറടി രണ്ടിഞ്ചിലെ കരുത്ത്

16-കാരിയായ ആൻ മേരിയെ ആദ്യമായി കാണുന്നവർ ഒന്ന് ഞെട്ടും. കാരണം ആറടി രണ്ട് ഇഞ്ചാണ് ഈ ബാസ്കറ്റ് ബോൾ താരത്തിന്റെ ഉയരം. തന്റെ കളിയിൽ ഉയരം തരുന്ന ആനുകൂല്യം ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ടെന്നും ആൻ പറഞ്ഞു. ഫോർവേഡാണ് ആനിന്റെ ഇഷ്ട പൊസിഷൻ. സ്കൂളിൽ കളിക്കുമ്പോൾ എല്ലാ പൊസിഷനിലും കളിച്ചിട്ടുണ്ടെങ്കിലും ഫോർവേഡ് കളിക്കാനാണ് കൂടുതൽ താത്‌പര്യം.

മൈക്കൽ ജോർദാൻ ഫാൻ

എൻ.ബി.എ ഇതിഹാസം മൈക്കൽ ജോർദാന്റെ കടുത്ത ആരാധികയാണ് ആൻ. മാസങ്ങൾക്കു മുമ്പ് നമ്മെ വിട്ട് പിരിഞ്ഞ കോബി ബ്രയാന്റും ആനിന്റെ ഇഷ്ടതാരമായിരുന്നു. അദ്ദേഹത്തിന്റെ മരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും ആൻ പറയുന്നു. അന്ന് ടീം അംഗങ്ങളെല്ലാരും നല്ല വിഷമത്തിലായിരുന്നുവെന്നും അവൾ ഓർക്കുന്നു. കോബിയുടെ മരണത്തേക്കാളേറെ ആനിനെ വിഷമിപ്പിച്ചത് അദ്ദേഹത്തിന്റെ മകൾ ജിയാനയുടെ മരണമാണ്. നല്ല ഭാവിയുളള കുട്ടിയായിരുന്നു ജിയാനയെന്ന് ആൻ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടമായത്.

പ്രതിസന്ധികൾ

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ ബാസ്ക്കറ്റ് ബോളിനുള്ള അവസരങ്ങളും സൗകര്യങ്ങളും കുറവാണ്. വ്യക്തിഗത പരിശീലനം കൂടി ഈ ഗെയിമിന് ആവശ്യമാണ്. അതിന് ഇവിടെ അവസരമില്ല. അസീസ് രാജാമോൻ സാറിന്റെ കീഴിലെ പരിശീലനമാണ് തന്നിലെ ബാസ്കറ്റ് ബോൾ താരത്തിന്റെ വളർച്ചയ്ക്കു പിന്നിലെന്നും ആൻ പറയുന്നു.

ഡബ്ല്യു.എൻ.ബി.എ

ഡബ്ല്യു.എൻ.ബി.എയിൽ കളിക്കണമെന്നത് ഒരു സ്വപ്നമാണെന്നാണ് ആൻ പറയുന്നത്. അതിനായി എന്തായാലും ശ്രമിക്കും. പ്രത്യേകിച്ചും ഒരു ഇന്ത്യൻ താരമെന്ന നിലയിൽ ഡബ്ല്യു.എൻ.ബി.എയുടെ ഭാഗമാകാൻ നല്ല കഠിനാധ്വാനം വേണം. കാരണം അത്രയ്ക്ക് പ്രയാസമാണ് ഡബ്ല്യു.എൻ.ബി.എ. ചെലോര്ത് റെഡിയാവും... ചെലോര്ത് റെഡിയാവൂല... ഇനി ഇത് റെഡിയായില്ലേലും ഒരു കൊയപ്പോംല്യ, ആൻ കൂളാണ്.

യു.എസിലെ പരിശീലനം കരിയറിലെ വളർച്ചയ്ക്ക് ഏറെ സഹായിക്കുമെന്നുതന്നെ ആൻ പറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇപ്പോൾ ഈ മിടുക്കി. സഹോദരി ഡോണ എൽസ സഖറിയയും ബാസ്കറ്റ് ബോൾ താരം തന്നെ.

Content Highlights: indian basketball player Ann Mary Zachariah to Kansas State Life Prep Academy