പെട്ടെന്നൊരു രാത്രികൊണ്ട് സെലിബ്രിറ്റി ആയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ഹര്‍മന്‍പ്രീത് കൗര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, കപില്‍ദേവ്, സെവാഗ് തുടങ്ങിയ മഹാരഥന്‍മാരുടെ അനുമോദനങ്ങള്‍. എവിടെപ്പോയാലും തിരിച്ചറിയുന്ന ജനം. ഇന്ത്യന്‍ ക്രിക്കറ്റിലെ വനിതാ സൂപ്പര്‍ സ്റ്റാറിന് ഇപ്പോഴും അതൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. ബട്ടര്‍ ചിക്കനുണ്ടാക്കാന്‍ അമ്മയെ സഹായിക്കുന്ന, ഭംഗ്ര നൃത്തച്ചുവടുകള്‍വയ്ക്കുന്ന പഞ്ചാബി പെണ്‍കുട്ടിയാണിവള്‍ ഇപ്പോഴും. മൂന്നാറിലെ മാട്ടുപ്പെട്ടിയില്‍ കെ.എസ്.ഇ.ബി.യുടെ ഹൈഡല്‍ ടൂറിസത്തിനു കീഴില്‍വരുന്ന കൗബോയ് പാര്‍ക്കിലെ പുതിയ റൈഡുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കൗര്‍ മാതൃഭൂമിയോട് സംസാരിക്കുന്നു.

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരേ ഹര്‍മന്‍ 115 പന്തില്‍ നേടിയ 171 റണ്‍സ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രം മാറ്റിയെഴുതി. എന്തുതോന്നുന്നു?

ബാറ്റുചെയ്യുമ്പോള്‍ എന്റെ സ്‌കോറിനെക്കുറിച്ച് ചിന്തിച്ചേയില്ല. ടീമിനെ മികച്ച സ്‌കോറിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഭാഗ്യവശാല്‍ പന്ത് നന്നായി മിഡില്‍ ചെയ്യാനായി. ഞാന്‍ ഒരു സെലിബ്രിറ്റിയാകുകയാണെന്ന് പിന്നീടാണ് മനസ്സിലായത്.

സെവാഗിനെപ്പോലെ പന്ത് കാണുക, അടിക്കുക മട്ടിലുള്ള ഒരു കളിക്കാരിയാണല്ലോ ഹര്‍മനും. കോപ്പിബുക്ക് ഷോട്ടുകളെക്കാള്‍ പന്തടിച്ചകറ്റുക എന്നതു മാത്രമാണോ ലക്ഷ്യം?

സെവാഗുമായി താരതമ്യപ്പെടുത്തിയാണ് ഇപ്പോള്‍ എല്ലാവരും എന്നെക്കുറിച്ച് പറയുന്നത്. അതൊരു ബഹുമതിയാണ്. സെവാഗ് എന്റെ ഇഷ്ടക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയതിന്റെ പത്തുശതമാനമെങ്കിലും എനിക്കു നല്‍കാനായാല്‍ അതൊരു നേട്ടമാണ്. ചെറുപ്പത്തിലേ ആണ്‍കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. അതെന്റെ ബാറ്റിങ് ശൈലി രൂപപ്പെടുത്തിയിട്ടുണ്ടാവാം.

20 ബൗണ്ടറികളും ഏഴു സിക്സറുകളും നിറഞ്ഞതായിരുന്നല്ലോ ആ ഇന്നിങ്സ്. റണ്‍സ് കൂടുതല്‍ പിറന്നത് ഡീപ് സ്‌ക്വയര്‍ലെഗിനും ഡീപ് മിഡ് വിക്കറ്റിനും ഇടയിലായിരുന്നു. അതാണോ ഇഷ്ടമേഖല?

ഏതുതരം ഷോട്ടാവണമെന്ന് മുന്‍കൂട്ടി തീരുമാനിക്കാറില്ല. ലെഗ് സ്റ്റമ്പിലും ലെഗ് ആന്‍ഡ് മിഡിലിലുമായിവന്ന ലൂസ് ബോളുകളാണ് ഒരു കാലിലേക്ക് ശരീരഭാരം ക്രമീകരിച്ച് അന്നങ്ങനെ അടിച്ചത്. കവറിനു മുകളിലൂടെ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കാനാണ് എനിക്കേറ്റവും ഇഷ്ടം.

കേവലം 55 കിലോ ഭാരം. മെലിഞ്ഞ പ്രകൃതം. ഇത്ര കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനുള്ള ശക്തികിട്ടുന്നത് എങ്ങനെ?

മെലിഞ്ഞ ശരീരം ഫീല്‍ഡിങ്ങില്‍ എന്നെ സഹായിക്കുന്നു. അതും എനിക്കിഷ്ടമാണ്. ശക്തിയേക്കാള്‍ ടൈമിങ്ങിലാണ് കാര്യം. ബൗളറുടെ ലെങ്ത് മനസ്സിലാക്കിയാല്‍ പിന്നെ എളുപ്പമായി. സ്പിന്നര്‍ പന്തു പിച്ചുചെയ്യുന്നതിലേക്ക് കയറിക്കളിക്കാനാണ് എനിക്കിഷ്ടം. അതൊരു മൈന്‍ഡ് ഗെയിം കൂടിയാണ്.

ഓസ്ട്രേലിയയ്ക്കെതിരായ സെമിയില്‍ ഹര്‍മന്‍ ക്രീസിലെത്തുമ്പോള്‍ രണ്ടിന് 35 എന്നനിലയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മറ്റൊരു കളിയില്‍ ഒമ്പതു വിക്കറ്റ് നഷ്ടമായിരിക്കെ രണ്ടു പന്തില്‍ എട്ടു റണ്‍സ് വേണ്ടിയിരുന്നു. ഹര്‍മന്റെ സിക്സര്‍ കളി ജയിപ്പിച്ചു. സമ്മര്‍ദത്തില്‍ കളിക്കുന്നത് ആസ്വദിക്കുന്നുണ്ടോ?

അതൊരു വെല്ലുവിളിയാണ്. നേരത്തേ പറഞ്ഞല്ലോ. ഞാന്‍ സിറ്റ്വേഷനെക്കുറിച്ച് അധികം ആലോചിക്കാറില്ല. അത് സമ്മര്‍ദം ക്ഷണിച്ചുവരുത്തും. സാഹചര്യമെന്താണോ അതനുസരിച്ച് കളിക്കുക എന്നതാണ് എന്റെ നയം. 1983 ലോകകപ്പില്‍ സിംബാബ്വെക്കെതിരേ കപില്‍ദേവ് നേടിയ 175-നോട് താരതമ്യപ്പെടുത്തിയും എന്റെ ഇന്നിങ്സിനെക്കുറിച്ച് ചിലര്‍ പറയാറുണ്ട്. നാലിന് ഒമ്പത് എന്നസ്ഥിതിയിലാണ് അന്ന് കപില്‍ദേവ് ക്രീസിലെത്തിയത്. ഇത്തരം താരതമ്യങ്ങള്‍ എനിക്ക് ബഹുമതിയാണ്.

ഓസ്ട്രേലിയന്‍ ബിഗ്ബാഷില്‍ കളിക്കാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി (ഇന്ത്യക്കാരനും) ഹര്‍മനാണ്. അവിടത്തെ പരിചയം എങ്ങനെ തുണച്ചു?

പേസും ബൗണ്‍സും ഉള്ള പിച്ചുകളാണ് അവിടത്തത്. അത്തരം സാഹചര്യങ്ങളില്‍ കളിക്കാന്‍ കഴിയുന്നത് വലിയ അനുഭവമാണ്. അത് നമ്മുടെ കളിയുടെ തലം ഉയര്‍ത്തും.

ഇടതുകൈയിലെ വിരലിന് പരിക്കുമായാണല്ലോ ഹര്‍മന്‍ സെമിയും ഫൈനലും കളിച്ചത്. എത്രമാത്രം വിഷമകരമായിരുന്നു ഇത്?

വെസ്റ്റിന്‍ഡീസിനെതിരേ ഫീല്‍ഡ് ചെയ്യുമ്പോഴാണ് വിരലിന് പരിക്കേറ്റത് (വിരല്‍ കെട്ടിവെച്ചിരിക്കുന്നത് ഉയര്‍ത്തിക്കാണിക്കുന്നു). പിന്നീട് എന്നെ കളിപ്പിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഭാഗ്യവശാല്‍ കളിക്കാനായി.

ഫൈനലില്‍ തോല്‍വി. എന്താണ് സംഭവിച്ചത്?

എന്റെ വിക്കറ്റ് നിര്‍ണായകമായെന്നുതോന്നുന്നു. മൂന്നോ നാലോ ഓവര്‍കൂടി ഞാന്‍ കളിക്കേണ്ടതായിരുന്നു. പിന്നാലെ വന്നവരെ പഴിച്ചിട്ടുകാര്യമില്ല. മിക്കവരും പുതുമുഖങ്ങളാണ്. വല്ലാതെ നിരാശതോന്നിയ ദിവസമാണത്.

പഞ്ചാബില്‍നിന്ന് പുരുഷക്രിക്കറ്റര്‍മാരെയും വനിതാ ഗുസ്തിക്കാരെയും കണ്ടിട്ടുണ്ട്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റില്‍ ഒരാള്‍ ഈ തലത്തിലെത്തുന്നത്?

ക്രിക്കറ്റ് പ്രൊഫഷനായി എടുക്കണമെന്നു പറഞ്ഞപ്പോള്‍ എന്റെ കുടുംബം എനിക്കൊപ്പംനിന്നു. വളരെ സാധാരണ കുടുംബമാണ് ഞങ്ങളുടേത്. എന്നിട്ടും എന്റെ സ്വപ്നങ്ങള്‍ക്കൊപ്പമായിരുന്നു അവര്‍. ഇപ്പോള്‍ ബി.സി.സി.ഐ.യും ഏറെ പിന്തുണയ്ക്കുന്നു.

കേരളത്തിലേക്ക് ആദ്യമാണല്ലോ. എങ്ങനെയുണ്ട് ഈ നാട്?

അതിമനോഹരം. പഞ്ചാബില്‍ ഇപ്പോള്‍ വേനലാണ്. ഇവിടത്തെ പച്ചപ്പും കുളിര്‍മയും ആളുകളുടെ സ്നേഹവുമെല്ലാം ഏറെ ഇഷ്ടമായി. ഇനി വരുമ്പോള്‍ കുടുംബവുമായി വരും.