കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കന്നിക്കാരായ ഗോകുലം എഫ്.സിയും പാരമ്പര്യം പറയാനുള്ള ഈസ്റ്റ് ബംഗാളും മുഖാമുഖം വന്നപ്പോള്‍ 96 മിനിറ്റും ആവേശത്തിന്റേതായിരുന്നു. രണ്ട് ചുവപ്പു കാര്‍ഡിനും ഒരു പെനാല്‍റ്റിക്കും ഒരു സെല്‍ഫ് ഗോളിനുമാണ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ ഗോകുലം രണ്ട് ഗോളടിച്ച് തിരിച്ചുവരികയായിരുന്നു. ഗോകുലത്തിന്റെ ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായ ഇര്‍ഷാദ് ഈസ്റ്റ് ബംഗാളുമായുള്ള മത്സരശേഷം മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

ഗോകുലം സെറ്റായി, അതിന്റെ ഫലമാണ് ഈ വിജയങ്ങള്‍

വളരെയധികം സന്തോഷമുണ്ട്. വിവ കേരളയ്ക്ക് ശേഷം ഐ ലീഗില്‍ കളിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു ക്ലബ്ബ് വന്നു, ഗോകുലം എഫ്.സി. അവര്‍ ഐ-ലീഗിലെ കരുത്തരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും തോല്‍പ്പിച്ചു. അത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. തുടക്കത്തില്‍ പരിക്കിന്റെ പ്രശ്‌നമായിരുന്നു ഗോകുലം എഫ്.സിക്കുണ്ടായിരുന്നത്. എല്ലാ വിദേശ താരങ്ങളും പരിക്കിന്റെ പിടിയിലായി. അവരെ തിരിച്ചയിച്ച് മികച്ച വിദേശ താരങ്ങള്‍ കൊണ്ടുവന്നു. ഇപ്പോള്‍ കഴിഞ്ഞ ആറു മത്സരങ്ങളിലായി ടീം സെറ്റായി വരുന്നുണ്ട്. കളിക്കാര്‍ തമ്മില്‍ നല്ല ധാരണയിലായി. കളിക്കാനൊരു സുഖമുണ്ട്. അതിന്റെ ഫലമാണ് കരുത്തരായ രണ്ട് ടീമിനെതിരെ ഗോകുലത്തിന്റെ ഈ വിജയം. 

ഉച്ചയ്ക്കുള്ള മത്സരം പ്രകടനത്തെ ബാധിക്കുന്നു

മത്സരസമയക്രമം കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉച്ചയ്ക്ക് മത്സരം വെയ്ക്കുമ്പോഴാണ് പ്രശ്‌നം. ബംഗാളിലെ ചൂട് കുഴപ്പമില്ലായിരുന്നു. പക്ഷേ കേരളത്തില്‍ ഭയങ്കര ചൂടാണ്. അത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. എന്നിട്ടും ഗോകുലം നന്നായി കളിച്ചു. അത് സന്തോഷം നല്‍കുന്നു.

പുതിയ പരിശീലകന്റെ കാര്യമറിയില്ല

പുതിയ പരിശീലകന്‍ വരുന്നുണ്ടോ എന്ന കാര്യം അറിയില്ല. കളിക്കാര്‍ക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല. മാനേജ്‌മെന്റ് അങ്ങനെയൊരു കാര്യം ഇതുവരെ സൂചിപ്പിച്ചിട്ടില്ല. 

irshad
Photo: Facebook

മിനവര്‍ക്കെതിരെ കൂടുതല്‍ മുന്നൊരുക്കം

മിനവര്‍ക്കെതിരായ മത്സരത്തില്‍ ഇതിലും മികച്ച മുന്നൊരുക്കം ആവശ്യമാണ്. കോഴിക്കോട് ഹോം ഗ്രൗണ്ടില്‍ മിനര്‍വ ഗോകുലത്തെ തോല്‍പ്പിച്ചതാണ്. പിന്നെ മിനര്‍വയെ തോല്‍പ്പിക്കുന്ന എന്നതിനേക്കാള്‍ പോയിന്റ് പട്ടികയില്‍ മുന്നേറാനാണ് ഗോകുലം ശ്രമിക്കുന്നത്. സൂപ്പര്‍ കപ്പ് കളിക്കണമെന്നാണ് ആഗ്രഹം. അതിന് നന്നായി കഠിനധ്വാനം ചെയ്യും. 

ഖാലിദ്‌ ജമീലിന്റെ കീഴില്‍ ഈസ്റ്റ് ബംഗാളിന്റെ പ്രകടനം

അവര്‍ മികച്ച രീതിയില്‍ കളിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ അവര്‍ക്ക് വിജയം അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ അറ്റാക്കിങ് ഫുട്‌ബോളാണ് അവര്‍ തുടക്കത്തില്‍ തന്നെ പുറത്തെടുത്തത്. അതുകൊണ്ട് ഡിഫന്‍ഡിങ്ങിലാണ് ഗോകുലം തുടങ്ങിയത്. പക്ഷേ ഒരു ഗോള്‍ വഴങ്ങിയതോടെ അറ്റാക്കിങ്ങിലേക്ക് മാറുകയായിരുന്നു. 

കാണികളുടെ പിന്തുണ

വന്ന കാണികളൊക്കെ വളരെയധികം പിന്തുണ തന്നിട്ടുണ്ട്.  മത്സരം ഉച്ചയ്ക്ക് വെയ്ക്കുന്നതാണ് കാണികളുടെ എണ്ണം കുറയ്ക്കുന്നത്. ഗോകുലത്തെ പിന്തുണയ്ക്കാന്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ എത്തുമെന്ന വിശ്വാസമുണ്ട്. 

ചുവപ്പ് കാര്‍ഡിന് സോറി

ചുവപ്പ് കാര്‍ഡ് അര്‍ഹിച്ചതുതന്നെയാണ്. പെട്ടെന്നുള്ള ദേഷ്യമാണ് റെഡ് കാര്‍ഡിലെത്തിച്ചത്. നേരത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയതിനാല്‍ ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. എന്നാല്‍ ദേഷ്യം നിയന്ത്രിക്കാനായില്ല. ഗോകുലത്തിന്റെ ആരാധകര്‍ എന്നോട് ക്ഷമിക്കണം. എല്ലാവരോടും സോറി പറയുന്നു.

Content Highlights: Gokulam FC Captian Irshad Thaivalappil Interview I League Football