മുംബൈ നരിമാൻ പോയന്റിലെ ഒബ്‌റോയ് ട്രിഡന്റ് ഹോട്ടലിന്റെ റൂഫ് ടോപ്പിൽനിന്ന് കടലിനെ നോക്കിനിൽക്കുകയായിരുന്നു ഡീഗോ ഫോർലാൻ. സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയുടെ ഇന്ത്യയിലേക്കുള്ള വഴി തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് യുറഗ്വായ് ഫുട്‌ബോളിലെ സൂപ്പർസ്റ്റാർ. അല്പനേരം സംസാരിക്കാമോയെന്ന ചോദ്യത്തിന് പുഞ്ചിരിയോടെ ഫോർലാന്റെ അനുകൂലമറുപടി. ഐ.എസ്.എല്ലിനെക്കുറിച്ചും തന്റെ ഭാവിപരിപാടികളെക്കുറിച്ചുമുള്ള വിശേഷങ്ങൾ ഫോർലാൻ ‘മാതൃഭൂമി’യുമായി പങ്കുവെക്കുന്നു.
ഇങ്ങനെയാകരുത് ഐ.എസ്.എൽ.
ഇന്ത്യൻ സൂപ്പർ ലീഗിൽ തരംതാഴ്ത്തൽരീതി കൊണ്ടുവന്നാലേ കാര്യമുള്ളൂ. ഇപ്പോൾ തരംതാഴ്ത്തൽ ഇല്ലാത്തെ ലീഗായി ഐ.എസ്.എല്ലും മേജർ സോക്കർ ലീഗും മാത്രമാണുള്ളത്. തരംതാഴ്ത്തൽ വന്നാൽ ടീമുകൾക്ക് കൂടുതൽ വാശിയോടെ കളിക്കാൻ സാധിക്കും. ഐ.എസ്.എൽ. ക്ലബ്ബിന്റെ ഉടമസ്ഥർ ക്ലബ്ബിന്റെ വളർച്ചയ്ക്കായി ഉയർന്ന തുക ചെലവഴിക്കുന്നുണ്ടെങ്കിലും ലാഭം ലഭിക്കുന്നില്ല. ഇതിന് മാറ്റമുണ്ടാകണമെങ്കിൽ ആഗോളതലത്തിലെ തരംതാഴ്ത്തൽരീതി ഐ.എസ്.എല്ലിലും ഉപയോഗിച്ചേ മതിയാകൂ.
മറക്കില്ല, ഈ നാടിനെ
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഇന്ത്യ എനിക്ക് സമ്മാനിച്ചത്. ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സി.ക്കായി കളിക്കുമ്പോൾ ഒരുപാടുപേരെ പരിചയപ്പെടാൻ കഴിഞ്ഞിരുന്നു. ഇന്ത്യൻ താരങ്ങളായ സുനിൽ ഛേത്രിയും പ്രണോയ് ഹൽദാറും സെഹ്നാജ് സിങ്ങുമൊക്കെ ഇപ്പോഴും എന്റെ കൂട്ടുകാരാണ്.
ഒമ്പതാം നമ്പറിലെ സുവാരസ്
ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. രണ്ടുപേരും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. രാജ്യത്തിനുവേണ്ടിയുള്ള കളിയിൽ മാത്രമാണ് അവർ തമ്മിൽ ചെറുതായെങ്കിലും വ്യത്യാസമുള്ളത്. എന്നാൽ, ലോകത്തെ ഏറ്റവും മികച്ച ഒമ്പതാം നമ്പർ കളിക്കാരൻ ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ -ലൂയി സുവാരസ്. അയാളുടെ മികച്ച കളി ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഞാൻ കരുതുന്നത്.
ബ്ലാസ്റ്റേഴ്‌സും കൊച്ചിയും
ഐ.എസ്.എല്ലിൽ കളിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചും അവരുടെ ആരാധകരെക്കുറിച്ചും ഏറെ കേട്ടിരുന്നു. കൊച്ചിയിലെ മത്സരത്തിൽ അന്ന് എനിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഓർമ. പക്ഷേ, കേരളത്തിലെ ഫുട്‌ബോൾ സാധ്യതകളെക്കുറിച്ച് സ്പാനിഷ് ഫുട്‌ബോൾ അധികൃതർക്കുവരെ അറിയാം. ലാലിഗയുടെ ബ്രാൻഡ് അംബാസഡർ എന്നനിലയിൽ അക്കാര്യം ഞങ്ങൾ ചർച്ചചെയ്തിട്ടുമുണ്ട്. ലാലിഗ ക്ലബ്ബുകൾ ഇന്ത്യയിൽ കളിക്കാനെത്തിയാൽ ആദ്യപരിഗണനയുള്ള വേദികൾ കൊച്ചിയും കൊൽക്കത്തയുമായിരിക്കും.
മുടിയുടെ നീളം കുറയുമ്പോൾ
കാറ്റിൽ പറക്കുന്ന നീളൻ സുവർണത്തലമുടി ഒരുകാലത്ത് എനിക്ക് വലിയ ഹരമായിരുന്നു. മൈതാനത്തായാലും അല്ലെങ്കിലും അതായിരുന്നു എന്റെ ഏറ്റവും വലിയ സവിശേഷത. ഇപ്പോൾ മുടിക്ക് അത്ര നീളം വേണ്ടെന്ന് തോന്നിയതുകൊണ്ടാണ് അല്പം കുറച്ചത്. ഇനി കോച്ചിങ്ങിലാണ് എന്റെ ശ്രദ്ധപതിയേണ്ടത്. യുവേഫയുടെ കോച്ചിങ് ലൈസൻസ് നേടിയശേഷം യൂറോപ്യൻ ക്ലബ്ബുകളെ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹം.
Content Highlights: Diego Forlan ISL LaLiga Uruguay