മയം ഉച്ച കഴിഞ്ഞ് മൂന്നുമണി, കോഴിക്കോട് ഭയങ്കര ചൂടിലായിരുന്നു. വെസ്റ്റ്ഹില്ലിലെ ക്വാര്‍ട്ട്‌സ്് എഫ്.സി. ഓഫീസിലെത്തുമ്പോള്‍, കോഴിക്കോടിന്റെ ദം ബിരിയാണിയും കഴിച്ച് ഉച്ചമയക്കത്തിലായിരുന്നു കാള്‍ട്ടന്‍ ചാപ്മാന്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംത്തൂണായിരുന്ന ചാപ്മാന് കോഴിക്കോട്ട് അന്നൊരു പുതിയ ദൗത്യമുായിരുന്നു. ക്വാര്‍ട്ട്‌സ് എഫ്.സി.യുടെ പരിശീലകന്റെ കുപ്പായം. ഉച്ചയുറക്കം നഷ്ടപ്പെടുത്തിയതിന്റെ പരിഭവം മുഖത്തുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ നേരെ ക്ലബ്ബിന്റെ സ്വീകരണ മുറിയിലിരുന്നു. പിന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു.
മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്കുവേണ്ടി നടത്തിയ ആ പഴയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു.

മലയാളികള്‍ പ്രിയപ്പെട്ടവര്‍

കേരളത്തെയും മലയാളികളെയും എനിക്ക് ഒരുപാട് കാലമായി അറിയാം. എന്നെ നിങ്ങള്‍ (മലയാളികള്‍) വേര്‍തിരിച്ച് കണ്ടിട്ടില്ല. എല്ലാ സമയത്തും കേരളം ആസ്വദിക്കാറുണ്ട്. എഫ്.സി. കൊച്ചിയില്‍ കളിക്കുമ്പോള്‍ മലയാളികള്‍ ഹൃദയത്തില്‍ സ്ഥാനം തന്നു. അതുപോലെ മലയാളി താരങ്ങളായിരുന്നു കളിക്കളത്തിലും പുറത്തും അടുത്ത കൂട്ടുകാര്‍. ഐ.എം. വിജയന്‍, അഞ്ചേരി, സത്യന്‍ അങ്ങനെ എല്ലാവരും പ്രിയപ്പെട്ടവര്‍.
ഇത്തവണ കേരളത്തില്‍ പുതിയ ദൗത്യമാണ് എനിക്ക് മുന്നിലുള്ളത്. ക്വാര്‍ട്‌സ് എഫ്.സി. യുടെ പരിശീലകന്‍. ആദ്യം ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ടീമിനെ കളിപ്പിക്കണം, അത് കഴിഞ്ഞ് ഐ ലീഗിലേക്ക്. അതുപോലെ ജൂനിയര്‍ ലെവലിലും ടീമിനെ വളര്‍ത്തും. അതാണ് കേരളത്തിലെ പുതിയ ലക്ഷ്യം. കളിക്കാനായിരുന്നപ്പോള്‍ ഞാന്‍  വലിയ ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി, എഫ്.സി. കൊച്ചിന്‍ എന്നിങ്ങനെ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയായിരുന്നു കളിച്ചത്. അതുപോലെ ഈ ക്ലബ്ബിനെയും എനിക്ക് വളര്‍ത്തണം.

ലീഗുകളില്ല, ദക്ഷിണേന്ത്യ തളരുന്നു

ഒരുകാലത്ത് ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നു മികച്ച താരങ്ങള്‍ വന്നിരുന്നത്. വിജയന്‍, അഞ്ചേരി, സത്യന്‍, രാമന്‍ വിജയന്‍ അങ്ങിനെ ഒരുപാട് പേരുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവസ്ഥ മാറി. ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ നമ്മുടെ തളര്‍ച്ച മുതലെടുത്തു. കേരളം, തമിഴ്‌നാട്, കര്‍ണാടകം സംസ്ഥാനങ്ങളില്‍ മികച്ച ഫുട്‌ബോള്‍ ലീഗുകളില്ലാത്തത് തന്നെയാണ് പ്രശ്‌നം. സി.കെ. വിനീത്, അനസ് എടത്തൊടിക എന്നിവര്‍ക്കൊന്നും കേരളത്തിലെ ലീഗുകളുടെ പ്രയോജനം കിട്ടിയിട്ടില്ല. എന്നിട്ടും അവര്‍ ഉയരങ്ങളിലെത്തി. അപ്പോള്‍ ഇവിടെ മികച്ച ലീഗുകളുണ്ടായിരുന്നുവെങ്കിലോ...! തീര്‍ച്ചയായും ഇവിടെ നിന്ന് കൂടുതല്‍ താരങ്ങള്‍ ഉയരുമായിരുന്നു.

ഇക്കാര്യത്തില്‍ അസോസിയേഷനുകളുടെ ശ്രദ്ധ നല്‍കണം. അതുപോലെ ഞങ്ങളുടെ കാലത്ത് പോലീസും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളും മികച്ച ടീമുകളായിരുന്നു. ഇപ്പോള്‍ അവരൊക്കെ മങ്ങി. ഈ ടീമുകള്‍ക്ക് അതാത് സര്‍ക്കാറുകള്‍ സഹായങ്ങള്‍ നല്‍കണം..

അന്നൊക്കെ കൊല്‍ക്കത്തന്‍ നാട്ടങ്കങ്ങള്‍ പോലും ദക്ഷിണേന്ത്യന്‍ ഡെര്‍ബികളായിരുന്നു. ഞാനും മനോഹരനും രാമന്‍ വിജയനും സരവണനും ഈസ്റ്റ് ബംഗാളിലും വിജയനും, സത്യനും അഞ്ചേരിയും മോഹന്‍ ബഗാനിലുണ്ടായിരുന്നു.  ഇന്ത്യന്‍ ഫുട്‌ബോളിന് ദക്ഷിണേന്ത്യയുടെ ശക്തി കാണിച്ച് കൊടുത്ത കാലമായിരുന്നു അത്.

carlton chapam
ചാപ്മാൻ കോഴിക്കോട്ടെ ഒരു ചടങ്ങിൽ. ഫയൽ ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

വളര്‍ച്ചയുണ്ട് പക്ഷെ കളിക്കണം

ഫിഫ റാങ്കിങ്ങില്‍ നമ്മള്‍ മുന്നേറുന്നത് നല്ല ലക്ഷണം തന്നെയാണ് പക്ഷെ, കൂടുതല്‍ രാജ്യന്തര മത്സരങ്ങള്‍ ഇന്ത്യ കളിക്കണം. ഗുവാം, ബംഗ്ലാദേശ്, മാലി ദ്വീപ് ടീമുകള്‍ക്ക് പകരം നമ്മള്‍ ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ ടീമുകള്‍ക്കെതിരേ കളിക്കുന്നതിനെ കുറിച്ച് ആലോചിക്കണം. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മികച്ച ടീമുകളെ ഇന്ത്യയിലെത്തിക്കണം. എന്നാല്‍ മാത്രമേ നമുക്ക് മുന്നേറാനാവൂ. റാങ്കിങ്ങില്‍ നമ്മള്‍ കുതിക്കുന്നുണ്ട്. പക്ഷെ ഞാന്‍ കളിച്ചിരുന്നപ്പോഴും ഇന്ത്യ 95-ലുണ്ട്. അതിന് ശേഷം നമുക്ക് എന്ത് പറ്റി എന്നതിനെ പറ്റി ആലോചിക്കണം. എന്നാലും സമീപകാലത്ത് നമ്മള്‍ മുന്നേറി, ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഈ മുന്നേറ്റങ്ങള്‍ നമ്മള്‍ മുതലെടുക്കണം.

ലീഗ് സൂപ്പറാ..

സൂപ്പര്‍ ലീഗ് ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നുണ്ട്. കാണികളെ തിരികെ ഗാലറിയിലെത്തിക്കാന്‍ ടൂര്‍ണമെന്റിനായി. മികച്ച താരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കാണികളും കാണാനെത്തുകയുള്ളൂ. അന്ന് എഫ്.സി. കൊച്ചിയുടെ മത്സരങ്ങള്‍ കാണാന് ഗാലറികള്‍ നിറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച താരങ്ങള്‍ എഫ്.സി. കൊച്ചിന്‍ ടീമിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കാണികളെമുത്തി. ഇത് നമ്മുടെ ടീമുകള്‍ തിരിച്ചറിയണം. കാണികള്‍ മുടക്കുന്ന ടിക്കറ്റിന് ഉറപ്പുള്ള പ്രകടനം ടീമുകള്‍ കാഴ്ചവെക്കണം. അവര്‍ക്ക് പൂര്‍ണമായ ആസ്വാദനം നല്‍കണം. 

Read More: കാൾട്ടൺ ചാപ്മാൻ അന്തരിച്ചു

യുവതാരങ്ങള്‍ വരട്ടെ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ഇലവനില്‍ മിനിമം ഏഴോ, എട്ടോ സ്വദേശി താരങ്ങള്‍ വേണമെന്നാണ് എന്റെ പക്ഷം. എന്നാല്‍ മാത്രമേ നമ്മുടെ താരങ്ങള്‍ക്ക് വളരാന്‍ സാധിക്കുകയുള്ളൂ. ഇത് ഇന്ത്യന്‍ സൂപ്പര്‍ ലീഗാണ്, അത് കൊണ്ട് തന്നെ നമ്മുടെ താരങ്ങള്‍ക്കാവാണം കൂടുതല്‍ പ്രധാന്യം ലഭിക്കേണ്ടത്. അതുപോലെ ഓരോ ടീമുകളും കൂടുതല്‍ യുവതാരങ്ങളെ ടീമിലെടുക്കണം അവരെ വളര്‍ത്തണം.

sports masika
മാതൃഭൂമി സ്പോർട്സ് മാസിക വാങ്ങാം

ടീമുകള്‍ താരങ്ങളെ തേടി ഗ്രാമങ്ങളിലേക്കിറങ്ങണം. ഞാന്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനായിരിക്കുമ്പോള്‍ തൃശ്ശൂരില്‍ നിന്നാണ് റിനോ ആന്റോയെ ജംഷേദ്പുരിലേക്ക് കൊണ്ടുപോവുന്നത്. റിനോ, ടാറ്റ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ്. ആ അക്കാദമിയിലെ താരങ്ങള്‍ ഒരുപാടുണ്ട് ഇന്ന് ഐ.എസ്.എല്‍. ടീമുകളില്‍. അതുപോലെ ഓരോ ഉടമകളും ഇത്തരത്തില്‍ അക്കാദമികളും നേഴ്‌സറികളും തുടങ്ങണം.

ടാറ്റയിലെ ദിനങ്ങള്‍

ടാറ്റ ഫുട്‌ബോള്‍ അക്കാദമിയാണ് ശരിക്കും ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിച്ചത്. രാജ്യത്ത് ഇത്തരത്തിലൊരു അക്കാദമിയുണ്ടായത് കൊണ്ട് ഒരുപാട് താരങ്ങള്‍ രക്ഷപ്പെട്ടിട്ടു. അവിടെ നിന്ന് ഇറങ്ങുന്ന ഓരോ ബാച്ചിലെയും താരങ്ങള്‍ക്ക ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലും ദേശീയ ടീമിനുമായി കളിക്കാനായിട്ടുണ്ട്. 2008 ല്‍ ഞാന്‍ ടാറ്റയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ അതുവരെ 20 താരങ്ങള്‍ ദേശീയ ടീമിലെത്തി. അതിന് ശേഷം അവിടെ നിന്ന് താരങ്ങളുടെ എണ്ണം കുറഞ്ഞു. അക്കാദമിക്ക് എന്ത് പറ്റിയെന്ന് എനിക്കറിയില്ല. 

തിരിച്ചുവരാനാവും

കേരളം, ബംഗാള്‍, ഗോവ.. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ശ്രദ്ധിച്ചാല്‍ മൂന്ന് ടീമിനും തിരിച്ചുവരാനാവും. കൂടുതല്‍ പ്രഫഷനല്‍ ലീഗുകള്‍ ഇവിടെ വരണം. കേരളത്തിലാണെങ്കില്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കണം. ഇവിടുത്തെ ഗ്രാമങ്ങളില്‍ ഒരുപാട് കഴിവുള്ള കുട്ടിത്താരങ്ങളുണ്ട്. അവരെ മുന്നിലേക്കെത്തിക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ അസോസിയേഷനുകള്‍ ഒരുക്കിയാല്‍ തീര്‍ച്ചയായും നമ്മള്‍ തിരികെയെത്തും.

Content Highlights: Carlton Chapman Indian Football FC Kochin