ലപ്പുറവും ഫുട്‌ബോളും തമ്മിലുള്ള ഹൃദയബന്ധത്തിന്  തേഞ്ഞുപോയ എത്രയോ ബൂട്ടുകളുടെ പഴക്കമുണ്ട്. സെവന്‍സും ഫൈവ്‌സുമടക്കമുള്ള ലോക്കല്‍ ടൂര്‍ണമെന്റുകളില്‍ തുടങ്ങി ഇന്ത്യന്‍ ടീം വരെ നീണ്ടു നില്‍ക്കുന്നതാണ് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമ. എന്നാല്‍ അവിടെ വ്യത്യസ്തനാകുകയാണ് കെ.എം ആസിഫെന്ന യുവക്രിക്കറ്റ് താരം. മലപ്പുറത്തെ എടവണ്ണയില്‍ നിന്ന് വന്ന് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വരെ എത്തിനില്‍ക്കുന്ന വിജയഗാഥയാണ് ആസിഫിന് പറയാനുള്ളത്. 15 വയസ്സു വരെ പന്തിന് പിന്നാലെ ഓടിയ ആസിഫ് പത്താം ക്ലാസിന് ശേഷമാണ് ക്രിക്കറ്റിലേക്ക് കളി മാറ്റുന്നത്. ഒരു മുന്നേറ്റതാരത്തില്‍ നിന്നും വലങ്കയ്യന്‍ ഫാസ്റ്റ് ബൗളറിലേക്കുള്ള വളര്‍ച്ചയായിരുന്നു അത്.

എടവണ്ണയില്‍ നിന്നുള്ള ആ ഇരുപത്തിനാലുകാരന്‍ ഐ.പി.എല്ലില്‍ എം.എസ് ധോനിക്കൊപ്പം കളിക്കുന്നതിന്റെ ആവേശത്തിലാണിപ്പോള്‍. ചെന്നൈയ്‌ക്കൊപ്പം ഗ്രൗണ്ടില്‍ 'വിസില്‍ പോടാന്‍' ആസിഫും ഇനിയുണ്ടാകും. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആസിഫിനെ ചെന്നൈ 40 ലക്ഷത്തിന് ടീമിലെത്തിക്കുകയായിരുന്നു. ആസിഫ് തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും പിന്നിട്ട കളിജീവിതത്തെ കുറിച്ചും മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു. 

ഐ.പി.എല്‍ താരലേലം ലൈവായി ടി.വിയില്‍ കണ്ടിരുന്നോ? പ്രതീക്ഷയുണ്ടായിരുന്നോ?

താരലേലം നടക്കുമ്പോള്‍ ഞാന്‍ ഗ്രൗണ്ടിലായിരുന്നു. ചെന്നൈയില്‍ കേരള ക്യാമ്പിലുള്ള ഞാന്‍ ഒരു ലീഗ് മത്സരത്തിന്റെ തിരക്കിലായിരുന്നു അപ്പോള്‍. മത്സരത്തിനിടയില്‍ അതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. മത്സരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ ഓടിവന്ന് ചെന്നൈ ടീമിലെടുത്ത സന്തോഷം പങ്കുവെച്ചു. ഗ്രൗണ്ടിന് പുറത്ത്‌നിന്ന് ഒരു മഞ്ഞത്തൊപ്പി വീശിയാണ് അവന്‍ എന്നോട് കാര്യം പറഞ്ഞത്്. അതൊരു സ്വപ്‌നനിമിഷം തന്നെയായിരുന്നു. സ്വപ്‌നം കണ്ടത് യാഥാര്‍ത്ഥ്യമായല്ലോ എന്ന സന്തോഷം. 

asif km
രഞ്ജി ട്രോഫിക്കിടെ  ഫോട്ടോ: എഫ്ബി/ ആസിഫ്‌

എം.എസ് ധോനിയുടെ കീഴില്‍ കളിക്കാന്‍ പോകുന്നു. ഒപ്പം ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയുമുണ്ട്. അന്താരാഷ്ട്ര താരങ്ങളായ ഷെയ്ന്‍ വാട്‌സണും ഫാഫ് ഡു പ്ലെസിസുമുണ്ട്. എങ്ങനെ നോക്കികാണുന്നു ഐ.പി.എല്ലിനെ?

ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് താരത്തിനോടും ആഗ്രഹമെന്തെന്ന് ചോദിച്ചാല്‍ ധോനിയോടൊപ്പം കളിക്കുക എന്നതാകും ഉത്തരം. ആ ആഗ്രഹമാണ് എനിക്കിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഐ.പി.എല്‍ തുടങ്ങാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ഞാന്‍. ടി.വിയില്‍ കണ്ട താരങ്ങളോടൊപ്പം ഡ്രസ്സിങ് റൂം പങ്കുവെയ്ക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. ധോനിയുടെ കീഴില്‍ കളിക്കാനാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരിക്കും. അത് നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണം. 

മലപ്പുറം ഫുട്‌ബോളിന് പേരുകേട്ട നാടാണല്ലോ? അവിടെ നിന്ന് ക്രിക്കറ്റിലേക്കെത്തുന്നത് എങ്ങനെയാണ്?

അതെ.മലപ്പുറമെന്നാല്‍ ഫുട്‌ബോള്‍ തന്നെയാണ്. ഞാനും ചെറുപ്പത്തില്‍ കാല്‍പന്തിന് പിറകെയായിരുന്നു. പത്താം ക്ലാസ് വരെ നാട്ടില്‍ ഫുട്‌ബോള്‍ കളിച്ചുനടന്നു. അവിടെ നിന്നാണ് ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. പത്താം ക്ലാസിന് ശേഷം ഞാന്‍ ക്രിക്കറ്റിലേക്ക് കളി മാറ്റി. പിന്നീട് ക്രിക്കറ്റിനോടായി ഇഷ്ടം. നാട്ടിലെ ലോക്കല്‍ ടൂര്‍ണമെന്റുകളിലെല്ലാം കളിക്കാന്‍ പോകും. അന്ന് കളിച്ചിരുന്നത് ടെന്നീസ്‌ബോള്‍ ക്രിക്കറ്റായിരുന്നു. പിന്നീട് ജി.വി രാജ സ്‌കൂളിലെത്തിയതോടെ ഞാന്‍ ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ തുടങ്ങി. അവിടെ പ്ലസ് വണ്ണും പ്ലസ് റ്റുവും പഠിക്കുമ്പോള്‍ ദേശീയ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ജി.വി രാജ സ്‌കൂളിലെ മാത്യു സാറാണ് ക്രിക്കറ്റ് താരമെന്ന നിലയിലേക്ക് എന്നെ വളര്‍ത്തികൊണ്ടുവരുന്നത്. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി ബിജു ജോര്‍ജ്ജിന് കീഴിലാണ് ഞാന്‍ പരിശീലനം നടത്തുന്നത്. രാജ്യാന്തര തലത്തിലുള്ള ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ എന്നെ പ്രാപ്തനാക്കിയത് ബിജു സാറാണ്. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്നു ബിജു സാര്‍. വയനാട് കൃഷ്ണഗിരിയില്‍ നടന്ന പേസ് ബൗളര്‍മാരുടെ ക്യാമ്പില്‍ നിന്ന് ലഭിച്ച അറിവും വിലപ്പെട്ടതാണ്. അന്ന് ജെഫ് തോംസാണ് പേസ് ബൗളിങ്ങിന്റെ പാഠങ്ങള്‍ പറഞ്ഞുതന്നത്. 

ഐ.പി.എല്ലിലേക്കെത്താന്‍ സഹായിച്ചത് സഞ്ജുവാണ്

മുന്നോട്ടുള്ള യാത്രയില്‍ സഞ്ജു സാംസണ്‍ തന്ന പിന്തുണ ഒരിക്കലും വിസ്മരിക്കാനാകില്ല. ഐ.പി.എല്ലിലെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ സഹായിച്ചത് സഞ്ജുവാണ്. എന്റെ പേസ് ബൗളിങ് ശരാശരിയ്ക്കും മുകളിലാണ് എന്ന് എന്നോട് ആദ്യം പറഞ്ഞവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു സഞ്ജു. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് എട്ടു കോടിയ്ക്ക് സ്വന്തമാക്കിയതില്‍ സന്തോഷമുണ്ട്. 

കരിയറില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും മികച്ച പിന്തുണയാണ് നല്‍കിയത്. ബിജു സാറിന്റെ കീഴില്‍ തിരുവനന്തപുരത്ത് പരിശീലനം നടത്തുമ്പോള്‍ കെ.സി.എയായിരുന്നു ഭക്ഷണവും താമസവുമെല്ലാം നോക്കിയിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായിട്ട് അത് അങ്ങനെ തന്നെയാണ്. കെസിഎയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഞാനൊരുപക്ഷേ എവിടേയും എത്തുമായിരുന്നില്ല. 

asif km
Photo: FB/Asif KM

കേരളത്തിന് വേണ്ടി കളിച്ച അനുഭവം? 

ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. കേരളത്തിന്റെ രഞ്ജി ടീമില്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ജനുവരിയില്‍ നടന്ന സൗത്ത് സോണ്‍ ടൂര്‍ണമെന്റിലാണ് ഞാന്‍ തന്നെ എന്റെ ബൗളിങ് കഴിവ് തിരിച്ചറിയുന്നത്. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയില്‍ ഞാന്‍ പന്തെറിഞ്ഞു. ഗോവയ്‌ക്കെതിരെ മൂന്നും കര്‍ണാടകയ്‌ക്കെതിരെ രണ്ടും വിക്കറ്റ് വീഴ്ത്തി. ഈ പ്രകടനമായിരിക്കും എന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിച്ചത്. 

ഇപ്പോള്‍ ചെന്നൈയില്‍ കേരള ടീമിന്റെ ക്യാമ്പിലാണുള്ളത്. വിജയ് ഹസാരെ ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ടീം. ഹിമാചല്‍ പ്രദേശിലാണ് മത്സരം. ചെന്നൈയില്‍ നിന്ന് നേരെ ഹിമാചലിലേക്കാകും പോകുക. 

വീട്ടില്‍ നിന്നുള്ള പിന്തുണ?

മലപ്പുറം എടവണ്ണയിലാണ് എന്റെ വീട്. വീട്ടില്‍ ഉപ്പയും ഉമ്മയും ഒരനിയനും അനിയത്തിയുമാണുള്ളത്. ഉപ്പക്ക് നാട്ടില്‍തന്നെ കൂലിപ്പണിയാണ്. ഞാന്‍ ക്രിക്കറ്റിന് പിന്നാലെ പോയപ്പോള്‍ ആരും എതിര്‍ത്തിരുന്നില്ല. വീട്ടിലെ മൂത്ത കുട്ടി ഞാനായിട്ടുപോലും അവരെന്ന എന്റെ സ്വപ്‌നത്തിന് പിന്നാലെ വിട്ടു. ഉമ്മ എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്' ആസിഫേ..നീ ക്രിക്കറ്റ് കളിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ എപ്പോഴും തീരുമാനം എടുക്കുന്നതിന് മുമ്പ് ആലോചിക്കണം. നല്ല തീരുമാനങ്ങള്‍ മാത്രമേ ജീവിതത്തില്‍ എടുക്കാന്‍ പാടൂള്ളു'..അങ്ങനെ എടുത്ത നല്ല തീരുമാനങ്ങളുടെ ആകെത്തുകയാണ് ഇപ്പോഴത്തെ ഈ ഐ.പി.എല്‍ പ്രവേശനം. 

റോള്‍ മോഡലെന്ന് പറയാന്‍....

ക്രിക്കറ്റില്‍ അങ്ങനെ റോള്‍ മോഡല്‍സ് ഒന്നുമില്ല. ആരും അങ്ങനെ എന്റെ ബൗളിങ് സ്‌റ്റൈലില്‍ സ്വാധീനം ചെലുത്തിയിട്ടില്ല. പിന്നെ പറയുകയാണെങ്കില്‍ സന്ദീപ് വാര്യരെ പറയാനാണ് എനിക്കിഷ്ടം. കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലില്‍ ബെംഗളൂരു താരമായിരുന്നു സന്ദീപ വാര്യര്‍. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ അവന് എനിക്ക് നല്‍കുന്ന പാഠങ്ങള്‍ വലുതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അവന്റെ കൂടെയാണ് താമസം. 

troll

troll

Content Highlights: Asif KM Kerala Cricketer In Chennai Super Kings Interview IPL 2018