ട്രാക്കിലെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വെടിയൊച്ചയ്ക്ക് കാതോര്‍ത്തുനിന്ന സുന്ദരിയായ അത്ലറ്റ്...വെള്ളിത്തിരയുടെ നക്ഷത്രലോകത്ത് ഒരു കായിക താരത്തേക്കാള്‍ വേഗത്തില്‍  കഥാപാത്രങ്ങളിലേക്ക് കൂടുമാറിയ അഭിനേത്രി...മേല്‍വിലാസങ്ങള്‍ പലതാണെങ്കിലും അശ്വിനി നാച്ചപ്പ എന്ന ഒളിമ്പ്യന്‍ എന്നും ഇന്ത്യയുടെ അഭിമാനവും പ്രിയ താരവുമായിരുന്നു. ക്ലീന്‍ സ്പോര്‍ട്സ് ഇന്ത്യയുടെ ആക്ടിങ് പ്രസിഡന്റ് എന്ന പുതിയ മേല്‍വിലാസത്തില്‍ അശ്വിനി എത്തുമ്പോള്‍ കായിക ഇന്ത്യക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ട്. സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ അശ്വിനി സംസാരിക്കുന്നു

മാരത്തണിന്റെ അംബാസഡറായി കൊച്ചിയിലേക്ക്. പുതിയ വേഷത്തെ എങ്ങനെ കാണുന്നു

* മാരത്തണ്‍ വലിയ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒരു കായിക ഇനമാണ്. ട്രാക്കില്‍ 100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ മാരത്തണില്‍ നിങ്ങള്‍ക്ക് ഓടാനാകില്ല. സ്പ്രിന്റ് എളുപ്പമാണെന്നല്ല പറയുന്നത്. പക്ഷേ അതിനേക്കാളൊക്കെ മാനസികവും ശാരീരികവുമായ ഒരുക്കങ്ങളോടെ വേണം മാരത്തണിനെ സമീപിക്കാന്‍. ഒരു മാസത്തിനിടെ അഞ്ച് മാരത്തണുകളില്‍ പങ്കെടുത്ത ഒരു 65-കാരനെ എനിക്കറിയാം. അനുഭവങ്ങളാണ് മാരത്തണിന്റെ കരുത്ത്.

മാരത്തണിന് കേരളത്തില്‍ വലിയ സ്ഥാനം കിട്ടുമെന്ന് കരുതുന്നുണ്ടോ 

 ഇന്ത്യയുടെ പല നഗരങ്ങളിലും ഇപ്പോള്‍ മാരത്തണ്‍ നടക്കാറുണ്ട്. കേരളത്തിലും മാരത്തണിന് സ്വീകാര്യത ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മാരത്തണും ഹാഫ് മാരത്തണുമൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും പരിചിതമായ ഒന്നായിക്കഴിഞ്ഞു. കേരളത്തിലെ പല നഗരങ്ങളിലും നൂറുകണക്കിന് മാരത്തണ്‍ ഓട്ടക്കാരുണ്ടെന്നാണ് സംഘാടകര്‍ പറഞ്ഞത്. 

ഒളിമ്പിക്‌സ് കഴിഞ്ഞ സമയമാണല്ലോ ഇത്. ഇന്ത്യന്‍ കായികരംഗത്തെ എങ്ങനെ വിലയിരുത്തുന്നു ?

* മറ്റ് കായിക ഇനങ്ങളിലെപ്പോലെ ഇന്ത്യയില്‍ അത്ലറ്റിക്‌സില്‍ ഹീറോകള്‍ ഉണ്ടാകുന്നില്ലെന്നത് നിരാശാജനകമായ യാഥാര്‍ത്ഥ്യമാണ്. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന കായിക താരങ്ങള്‍ ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല. ആ അവസ്ഥ മാറാന്‍ വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സ് പ്രകടനം വളരെ ദയനീയമായിരുന്നല്ലോ ?

* അതാണ് ഞാന്‍ പറഞ്ഞുവന്നത്. നമ്മുടെ കായിക താരങ്ങളുടെ പ്രകടനം നിരീക്ഷിക്കാനും വിലയിരുത്താനും മികച്ച സംവിധാനങ്ങള്‍ ഉണ്ടാകണം. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ ലോക വേദികളില്‍ ദയനീയമായി പരാജയപ്പെടുന്നതിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണം. അതൊരുപക്ഷേ പലരുടെയും കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതായേക്കും. പക്ഷേ കള്ളനാണയങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ നല്ലതല്ല.

അത്ലറ്റിക്‌സില്‍ ഹീറോകള്‍ ഉണ്ടാകാത്തതിന് കാരണമെന്താണ്

* ക്രിക്കറ്റിലാണ് നമുക്ക് ഏറെ ഹീറോകളുള്ളത്. ബാഡ്മിന്റണിലും ടെന്നീസിലും പുതിയ തലമുറയ്ക്ക് ആരാധിക്കാന്‍ താരങ്ങളുണ്ട്. അത്ലറ്റിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെപ്പോലെയുള്ള താരങ്ങളെ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് യോജിച്ച ഇനങ്ങളില്‍ മികച്ച പരിശീലനം നല്‍കി ലോക താരങ്ങളെ സൃഷ്ടിച്ചെടുക്കുക തന്നെ വേണം. 

അത്ലറ്റിക്‌സും സിനിമയും...ഇതില്‍ ഏതാണ് കൂടുതല്‍ ഇഷ്ടം

* ഒരു നിമിഷം പോലും ആലോചിക്കാതെ പറയാം...അത്ലറ്റിക്‌സ് തന്നെ. എന്നെ ഞാനാക്കിയത് അത്ലറ്റിക്‌സാണ്. സിനിമയില്‍ അഭിനയിച്ചതൊക്കെ വെറും തമാശയായിട്ടാണ് ഞാന്‍ കാണുന്നത്. പക്ഷേ സിനിമയില്‍ എത്തിയ ശേഷം ആ രംഗത്തും ആത്മാര്‍ത്ഥമായി തന്നെയാണ് പ്രവര്‍ത്തിച്ചത്. ജോലി ചെയ്യുന്ന മേഖല ഏതായാലും പരമാവധി നീതി പുലര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം.

കൊച്ചിയിലേക്ക് വീണ്ടുമെത്തിയിരിക്കുന്നു. ഞങ്ങളുടെ നഗരത്തെപ്പറ്റി എന്താണ് അഭിപ്രായം 

* കൊച്ചി സുന്ദരിയല്ലേ...അറബിക്കടലിന്റെ റാണി എന്നൊക്കെയല്ലേ നിങ്ങളുടെ നഗരത്തെ വിശേഷിപ്പിക്കുന്നത്. ഇവിടത്തെ കായലും കടലുമൊക്കെ എനിക്ക് ഒരുപാടിഷ്ടമാണ്. ഇവിടെ ചില മത്സരങ്ങളുടെ ഭാഗമായും പരിപാടികളുടെ ഭാഗമായും ഞാന്‍ വന്നിട്ടുണ്ട്. ഇനിയും വരാന്‍ ഇഷ്ടമുള്ള ഇടം തന്നെയാണ് കൊച്ചി.