ലോക ചാമ്പ്യനായ ഒരേയൊരു അത്​ലറ്റേ ഇന്ത്യയിലുള്ളൂ. കേരളത്തിന്റെ സ്വന്തം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. 2003ൽ ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ വെങ്കലവും പിന്നീട് 2005ൽ ലോക അത്​ലറ്റിക്സ് ഫൈനലിൽ സ്വർണവും.  ലോംഗ്ജമ്പിലെ ദേശീയ റെക്കോഡ് ഇന്നും അഞ്ജുവിന്റെ പേരിലാണ്. പതിനാറ് വർഷമായി അത് അഭേദ്യമായി തു​ടരുന്നു. ഇതൊക്കെ തന്നെയാണ് അഞ്ജുവിനെ രാജ്യം ജന്മം നൽകിയ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളാക്കുന്നത്. എന്നാൽ, ഇപ്പോഴിതാ നാൽപത്തിമൂന്നാം വയസ്സിൽ ഞെട്ടുന്നൊരു വെളിപ്പെ​ടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് അഞ്ജു. തനിക്ക് ഒരൊറ്റ വൃക്ക മാത്രമാണുള്ളതെന്നും ഇതുംവച്ചാണ് താൻ ലോകകിരീടമടക്കം നേടിയതെന്നുമാണ് അഞ്ജുവിന്റെ വെളിപ്പെടുത്തൽ. ട്വിറ്ററിലൂടെയായിരുന്നു അഞ്ജു ആദ്യമായി ഇക്കാര്യം തുറന്നുപറഞ്ഞത്. പോരാത്തതിന് തനിക്ക് വേദനസംഹാരികൾ അലർജിയാണെന്നും അഞ്ജു ട്വീറ്റ് ചെയ്തു. അഞ്ജുവിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു രംഗത്തുവന്നു. തനിക്ക് ജന്മാ ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും (റീനല്‍ അജെനസിസ്) അത്‌ലറ്റിക്‌സില്‍ തിളങ്ങി നില്‍ക്കേയാണ് ഞാന്‍ അറിയുന്നതെന്നും പരിശീലനങ്ങൾക്കിടെ വേദനസംഹാരി കഴിച്ചതുകാരണം ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അഞ്ജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

രോഗമുണ്ടെന്ന് വെളിപ്പെടുത്താനുള്ള കാരണം?

രോഗം തിരിച്ചറിഞ്ഞ സമയത്ത് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് എനിക്ക് പുറത്തു പറയാന്‍ നാണക്കേടായിരുന്നു. എനിക്കെന്തോ വലിയ പ്രശ്‌നമാണെന്ന് ആളുകള്‍ ചിന്തിക്കുമെന്ന ഒരു ഭയം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മുതിര്‍ന്ന ഒരു വ്യക്തിയാണ്. ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ ബുദ്ധിമുട്ടില്ലാതെയായി. അങ്ങനെയാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. അന്നത്തെ ഇരുപതുകാരിയെപ്പോലെയല്ല ഇപ്പോള്‍ ഞാന്‍ ലോകം കാണുന്നത് മറ്റൊരു തരത്തിലാണ്. ഞാന്‍ ഇതുവരെ ആരോടും വെളിപ്പെടുത്താത്ത കാര്യമായിരുന്നു ഇത്. ഇപ്പോഴാണ് എനിക്ക് ധൈര്യം വന്നത്. അങ്ങനെയാണ് അക്കാര്യം നാലുവരികളില്‍ ഞാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

ഈ അപൂര്‍വ രോഗാവസ്ഥ തിരിച്ചറിഞ്ഞത് എങ്ങനെയായിരുന്നു?

എന്റെ ഇരുപതുകളില്‍, വിവാഹശേഷമാണ് ഞാന്‍ ഇക്കാര്യം തിരിച്ചറിയുന്നത്. അന്ന് അത്‌ലറ്റിക്‌സില്‍ തിളങ്ങി നില്‍ക്കുന്ന കാലം. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നും തോന്നിയിരുന്നില്ല. ഇന്റര്‍നാഷണല്‍ ലെവലിലേക്ക് എത്തിയപ്പോള്‍ രക്തപരിശോധനകളും മറ്റും സ്ഥിരമായി ചെയ്തുതുടങ്ങി. എല്ലാ മൂന്നു മാസത്തിലൊരിക്കലെങ്കിലും പലതരം പരിശോധനകള്‍ നടത്തണം. അപ്പോഴാണ് എന്റെ ബ്ലഡ് ടെസ്റ്റിലെ ചില പാരാമീറ്ററുകളില്‍ അസ്വാഭാവികതയുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. അതുപോലെ തന്നെ സ്‌പോര്‍ട്‌സില്‍ പരിക്കുകള്‍ സ്വാഭാവികമാണല്ലോ. ആ സമയത്ത് വേദനസംഹാരികൾ കഴിച്ചാല്‍ അലര്‍ജിയും അസ്വസ്ഥതയും ഉണ്ടാകുമായിരുന്നു. എന്റെ റിക്കവറി വളരെ പതുക്കെയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ വേദനസംഹാരി ഉപയോഗിച്ചപ്പോള്‍ അബോധാവസ്ഥയിലായി ആശുപത്രിയില്‍ അഡ്മിറ്റായി. മരുന്നുകളോടുള്ള അലര്‍ജിയും ബ്ലഡ് ടെസ്റ്റിലെ പ്രശ്‌നങ്ങളും എല്ലാമായപ്പോള്‍ അങ്ങനെ വിദഗ്ധ പരിശോധന നടത്തി. സ്‌കാനിങ് ചെയ്തപ്പോഴാണ് അറിഞ്ഞത് എനിക്കൊരു കിഡിനി മാത്രമേ ഉള്ളൂവെന്ന്. 

എന്തായിരുന്നു ആദ്യത്തെ പ്രതികരണം?

ഇക്കാര്യം അറിഞ്ഞപ്പോള്‍ ആദ്യം എനിക്കൊരു ഷോക്കായിരുന്നു. ഞാന്‍ ഒരു പെര്‍ഫെക്ട് അത്‌ലറ്റ് അല്ലെന്നും ഹാന്‍ഡിക്യാപ്ഡ് അത്‌ലറ്റാണെന്നുമൊക്കെയാണ് എന്റെ ചിന്ത പോയത്. പക്ഷേ, എന്റെ കോച്ചും ഭര്‍ത്താവുമായ ബോബി എനിക്ക് നല്ല പിന്തുണ നല്‍കി. ഇത്രയും കാലം ഈ പ്രശ്‌നം അറിയാതെയാണ് ഞാന്‍ അത്‌ലറ്റായി നേട്ടങ്ങള്‍ കൊയ്തത്. ഇനിയെന്താണ് പ്രശ്‌നം എന്നായി ബോബിയുടെ ചോദ്യം. അതോടെ വളരെ പെട്ടെന്ന് തന്നെ എന്റെ ചിന്തകള്‍ പോസിറ്റീവായി. ഡോക്ടറെ കണ്ടപ്പോള്‍ ഡോക്ടറും പറഞ്ഞത് ടെന്‍ഷനാകേണ്ട എന്നു തന്നെയാണ്. ഈ അവസ്ഥയുള്ള വളരെ കുറച്ചുപേര്‍ മാത്രമേ അന്താരാഷ്ട്ര തലത്തിലെത്തിയിട്ടുള്ളൂ. ഈയൊരു പ്രശ്‌നത്തെക്കുറിച്ച് ഒരുപാട് ചിന്തിക്കേണ്ട. ഇതുവരെ എങ്ങനെയാണോ ജീവിച്ചത് അങ്ങനെ തന്നെ പോകൂ എന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. തുടര്‍ പരിശോധനകളോ മറ്റോ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. 

നേരിട്ട ബുദ്ധിമുട്ടുകള്‍

ബുദ്ധിമുട്ടുകള്‍ പലതായിരുന്നു. ശരീരവേദന വന്നാല്‍ ഒരു പെയിന്‍ കില്ലര്‍ പോലും കഴിക്കാന്‍ പറ്റില്ലായിരുന്നു. ഈ അവസ്ഥയുണ്ടായിരുന്നതിനാല്‍ പരിക്കില്‍ നിന്നും മുക്തിനേടാന്‍ കാലതാമസം ഉണ്ടായിരുന്നു. രക്തത്തില്‍ യൂറിയയുടെ അംശം കൂടുതല്‍ ആകുമെന്നതിനാല്‍ സന്ധികളില്‍ നല്ല വേദനയുണ്ടാകുമായിരുന്നു. അത്‌ലറ്റിക്‌സില്‍ പരിക്കുകള്‍ സ്വാഭാവികമാണ്. ഇന്‍ഫ്‌ളമെഷനും മറ്റും മാറാന്‍ പെയിന്‍കില്ലറുകള്‍ പലപ്പോഴും കഴിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ ഒരു അവസ്ഥയില്‍ വേദനയുണ്ടായാലും നീരുണ്ടായാലും പെയിന്‍കില്ലറുകള്‍ കഴിക്കാനാവില്ലായിരുന്നു. കഴിച്ചാല്‍ ഉടനെ ശരീരം ശക്തമായി പ്രതികരിക്കും. 

രോഗാവസ്ഥ അറിഞ്ഞ ശേഷം ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നോ? 

ശരീരത്തിന് നല്ല സ്‌ട്രെസ്സ് കൊടുത്താണ് സ്‌പോര്‍ട്‌സിന് വേണ്ടി തയ്യാറാക്കുന്നത്. അപ്പോള്‍ ആ സമയത്തുണ്ടാകുന്ന ശരീരത്തിലെ ഇംപ്യൂരിറ്റീസെല്ലാം കൈകാര്യം ചെയ്യേണ്ടി വരുന്നത് കിഡ്‌നിയാണ്. അതെല്ലാം എന്റെ ശരീരത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ പതുക്കെയാണ് നടക്കുക. അതിനാല്‍ തന്നെ റിക്കവറി റേറ്റ് വളരെ കുറവായിരിക്കും. ഇതെല്ലാം ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഞാന്‍ അതേക്കുറിച്ചൊന്നും ആലോചിക്കാന്‍ നിന്നില്ല. ആദ്യമൊക്കെ ചെറിയ ടെന്‍ഷന്‍ തോന്നിയിരുന്നെങ്കിലും പിന്നീട് അതങ്ങ് മാറി. ഞാന്‍ ടെന്‍ഷനടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. എന്തായാലും ഇതാണ് അവസ്ഥ. പിന്നെ ഇനി അതിന് അനുസരിച്ച് ജീവിക്കുക. അതായിരുന്നു ചിന്ത. 

സ്‌പോര്‍ട്‌സില്‍ നമ്മള്‍ എപ്പോഴും ഒരു കോംപറ്റീഷനിലാണ്. ഓരോ കോംപറ്റീഷനിലും നമ്മുടെ തന്നെ റെക്കോര്‍ഡ്  സമയങ്ങളും ദൂരങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും. ആ സമയത്തുണ്ടാകുന്ന ചെറിയ പരിക്കുകള്‍ പോലും പ്രശ്‌നമാകും. അതിനാല്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. അതല്ലാതെ ടെന്‍ഷനടിച്ചില്ല. ടെന്‍ഷനടിച്ചാല്‍ നമ്മുടെ പ്രകടനത്തെ അത് ബാധിക്കുമല്ലോ. 

anju bobby george

ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജായ അടുത്ത ദിവസം തന്നെ കോംപറ്റീഷനില്‍ പങ്കെടുത്ത് നാഷണല്‍ റെക്കോര്‍ഡ് നേടിയ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ അധികം ടെന്‍ഷനടിപ്പിക്കാത്തതിനെത്തുടര്‍ന്നുണ്ടായ നേട്ടങ്ങളാണ്. 

ഭക്ഷണശീലങ്ങള്‍ എങ്ങനെയായിരുന്നു?

അത്‌ലറ്റായിരുന്നതിനാല്‍ ഹെല്‍ത്തി ഡയറ്റായിരുന്നു ശീലിച്ചിരുന്നത്. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോഴും ഹെല്‍ത്തി ഡയറ്റും എക്‌സര്‍സൈസും ഞാന്‍ എന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കാറുള്ളത്. പ്രോട്ടീന്‍ കുറഞ്ഞാല്‍ ശരീരത്തിന്റെ പേശികള്‍ വല്ലാതെ ക്ഷീണിക്കും. ജങ്ക് ഫുഡുകള്‍ അന്നും ഇന്നും കഴിക്കാറില്ല. ഇപ്പോള്‍ ഓര്‍ഗാനിക് ഫുഡ് ആണ് ശീലം. ഈ രോഗത്തിന് മരുന്നുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മരുന്നുകള്‍ ഉപയോഗിച്ച് സ്‌പോര്‍ട്‌സില്‍ പങ്കെടുത്തിരുന്നെങ്കില്‍ എനിക്ക് ഈ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കില്ലായിരുന്നു. 

ബോബിയുടെ പിന്തുണ എങ്ങനെയായിരുന്നു?

എന്റെ ഭര്‍ത്താവും കോച്ചും ആയിരുന്നു ബോബി. അതിനാല്‍ എന്റെ അവസ്ഥ കൃത്യമായി മനസ്സിലാക്കി എനിക്കൊപ്പം നിന്നു. രോഗം തിരിച്ചറിയുന്നതിന് മുന്‍പ് പല ചാംപ്യന്‍ഷിപ്പുകളിലും പങ്കെടുക്കുമ്പോള്‍ കഠിനമായ പരിശീലനങ്ങളിലൂടെയാണ് കടന്നുപോവുക. ആ സമയത്ത് ശരീരത്തില്‍ നീരുവരുകയും കടുത്ത ക്ഷീണമുണ്ടായി വീണുപോകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ആ സമയത്തെല്ലാം ബോബി നല്‍കിയ പിന്തുണയാണ് എന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍. രോഗം തിരിച്ചറിഞ്ഞപ്പോള്‍, അതേക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ടെന്നും ഇത്രയും കാലം എങ്ങനെയായിരുന്നോ അങ്ങനെ തന്നെ മുന്നോട്ടു പോകണമെന്നും പറഞ്ഞത് ബോബിയാണ്.  

anju and bobby
ഭര്‍ത്താവ് ബോബിക്കൊപ്പം. ഫോട്ടോ: മധുരാജ്

രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളോട് പറയാനുള്ളത്‌

സ്വന്തം കുഞ്ഞിന് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടെന്ന് തോന്നിയാല്‍ പിന്നെ അവരെ ഒരു കാര്യത്തിനും പുറത്തുവിടാത്ത ഒരു ശീലം പൊതുവേ മാതാപിതാക്കള്‍ക്കുണ്ട്. അതൊരു ഭയമാണ്. തന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം. എന്നാല്‍ അങ്ങനെ ചെയ്യരുത്. നമ്മുടെ ശരീരത്തിന് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതുപറഞ്ഞ് കുട്ടികളെ പേടിപ്പിക്കുകയോ ടെന്‍ഷനടിപ്പിക്കുകയോ ചെയ്യരുത്. അവരെ അവരുടെ ഇഷ്ടത്തിന് വിടണം. സ്‌പോര്‍ട്‌സില്‍ മാത്രമല്ല അവയവദാനത്തിന്റെ കാര്യത്തിലും നമ്മുടെ ചിന്തകള്‍ മാറണം. ഒരു അവയവം ദാനം ചെയ്തതുകൊണ്ട് ജീവിതം പോകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്. ഒരു കിഡ്‌നി വെച്ച് ഇത്രയും കഠിനമായ പരിശീലനങ്ങളിലും അത്‌ലറ്റിക് മത്സരങ്ങളിലും പങ്കെടുക്കുക എന്നത് എനിക്ക് സാധിച്ചുവെന്നത് പോസിറ്റീവായ ഒരു കാര്യമാണ്. അതിനാല്‍ സാധാരണ രീതിയില്‍ ജീവിക്കുന്നവര്‍ക്ക് അവയവദാനം ഒരു പ്രശ്‌നമാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. 

anju
അഞ്ജു ബോബി ജോർജും റോബർട്ട് ബോബി ജോർജും പരിശീലനത്തിനിടെ. ഒരു പഴയ ചിത്രം. ഫോട്ടോ: ജി.ബിനുലാൽ

ഈ രോഗമുണ്ടെന്ന് വളരെ ചെറുപ്പത്തില്‍ കണ്ടെത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്ക് ഈ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് തോന്നുന്നു. കാരണം മാതാപിതാക്കള്‍ക്ക് എന്നെ സ്‌പോര്‍ട്‌സിലേക്ക് വിടാനുള്ള ധൈര്യം കിട്ടുമോ എന്ന സംശയമുണ്ട്. സ്വന്തം കുഞ്ഞിന് ഇങ്ങനെ ഒരു രോഗാവസ്ഥയുണ്ടെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അത്രയും റിസ്‌ക്കെടുക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ സ്‌പോര്‍ട്‌സിലേക്ക് പെണ്‍കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്ന കാലത്ത് എന്നെ അത്‌ലറ്റിക്‌സിലേക്ക് വിടാന്‍ ഒരു മടിയും എന്റെ മാതാപിതാക്കള്‍ കാണിച്ചിട്ടില്ല. അതെനിക്കൊരു പോസിറ്റീവ് വശമാണ്. 

എന്താണ് റീനല്‍ അജെനെസിസ് 
"ജന്‍മനാ ഒരു വൃക്ക മാത്രമുള്ള അവസ്ഥയാണ് റീനല്‍ അജെനെസിസ് എന്നറിയപ്പെടുന്നത്. ഇത് ചില വ്യക്തികളില്‍ കണ്ടുവരാറുണ്ട്. സാധാരണ ജീവിതം നയിക്കാന്‍ ഒരു വൃക്ക മതി. അതിനാലാണ് തന്നെ രണ്ടു വൃക്കകളിലൊന്ന് ദാനം ചെയ്താലും കുഴപ്പമുണ്ടാകില്ല എന്ന് പറയുന്നത്. ഒരു വൃക്ക മാത്രമുള്ള വ്യക്തി അത്‌ലറ്റിക്‌സില്‍ വലിയ ഉയരങ്ങളിലെത്തുന്നത് അപൂര്‍വമാണ്. സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്ന വ്യക്തിയ്ക്ക് ശരീരത്തിന് വലിയ തോതില്‍ കഠിനമായ സ്‌ട്രെസ്സ് നല്‍കേണ്ടി വരും. അപ്പോള്‍ ഒരു കിഡ്‌നി മാത്രമുള്ള ആളാണെങ്കില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനെ മറികടക്കാന്‍ നല്ലൊരു ജീവിതശൈലി പാലിക്കണം. ജീവിതത്തില്‍ നല്ല ശ്രദ്ധ ആവശ്യമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ വൈദ്യസഹായം തേടുകയും വേണം. സാധാരണ ലക്ഷണങ്ങളൊന്നും കാണാറില്ല. മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളുടെ ഭാഗമായി സ്കാൻ ചെയ്തു നോക്കുമ്പോഴേ ഒരു കിഡ്നി ഇല്ലാത്തത് കണ്ടെത്താനാവൂ"

ഡോ. ഇ.കെ. ജയകുമാര്‍
അഡീഷണല്‍ പ്രൊഫസര്‍ 
നെഫ്രോളജി വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്‌

Content Highlights: Anju Bobby George reveals that she has only one kidney, Sports, Anju Bobby George, Health, Renal Agenesis