1998 മാർച്ചിൽ ജംഷഡ്പുരിലെ കീനൻ സ്റ്റേഡിയത്തിൽ ഇന്ത്യ എ ടീമും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മലയാളി ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകില്ല. അന്ന് ഓസീസിന്റെ സൂപ്പർ താരങ്ങളായ സ്റ്റീവ് വോ, ഡാരെൻ ലേമാൻ, റിക്കി പോണ്ടിങ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയത് ഒരു മലയാളി ലെഗ് സ്പിന്നറായിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള അനന്തപത്മനാഭൻ. അതു മാത്രമല്ല, പാകിസ്താനെതിരേ കൊച്ചിയിൽ പുറത്താക്കിയത് അഞ്ചു ബാറ്റ്സ്മാൻമാരെ. 1997-98ൽ നടന്ന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യൻ സീനിയേഴ്സ് ടീമിന്റെ അഞ്ചു താരങ്ങൾ മലയാളി ലെഗ് സ്പിന്നർക്ക്മുന്നിൽ വീണു. എന്നിട്ടും അനന്തപത്മനാഭന് ഇന്ത്യൻ ജഴ്സി അണിയാനുള്ള ഭാഗ്യമുണ്ടായില്ല. ചലഞ്ചർ ട്രോഫിയിലെ പ്രകടനം കണ്ട് കേരളാ താരം ഇന്ത്യക്കായി അരങ്ങേറുമെന്ന് ഓരോ മലയാളിയും പ്രതീക്ഷിച്ചു. എന്നാൽ മുംബൈക്കാരനായ സായ്രാജ് ബഹുതുലെ അനന്തപത്മനാഭനെ മറികടന്ന് ഇന്ത്യൻ ടീമിലെത്തി. മെച്ചപ്പെട്ട ബാറ്റ്സ്മാനെന്ന ആനുകൂല്യത്തിൽ ബഹുതുലെ മലയാളി താരത്തെ പിന്നിലാക്കുകയായിരുന്നെന്ന് മുഖ്യ സെലക്ടറായിരുന്ന രമാകാന്ത് ദേശായ് പിന്നീട് വെളിപ്പെടുത്തി.

എന്നാൽ ഇതിലൊന്നും ഒരിക്കലും പരിഭവം കാണിച്ചില്ല ഈ മലയാളി താരം. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അമ്പയറുടെ വേഷത്തിലേക്ക് റോൾ മാറിയ അനന്തപത്മനാഭൻ ഒരു സ്വപ്നസാക്ഷാത്‌കാരത്തിന്റെ സന്തോഷത്തിലാണിപ്പോൾ. ഇന്ത്യൻ ജഴ്സിയിൽ ഒരു അന്താരാഷ്ട്ര മത്സരം എന്നത് സ്വപ്നമായി അവശേഷിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരമാണ് ഇപ്പോൾ മലയാളി അമ്പയർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഐ.സി.സിയുടെ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിലേക്ക് ഇന്ത്യയിൽ നിന്ന് നാല് അമ്പയർമാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ ഒരു പേര് അനന്തപത്മനാഭന്റേതായിരുന്നു.

അമ്പയറിങ് തുടങ്ങിയിട്ട് 14 വർഷമായെന്നും ഇങ്ങനെയൊരു സന്തോഷവാർത്ത പ്രതീക്ഷിച്ചിരുന്നതായും അനന്തപത്മനാഭൻ പറയുന്നു. '14 വർഷമായി അമ്പയറാണ്. ഇത്രയും വർഷങ്ങളിൽ അമ്പയറിങ് നന്നായിട്ടു തന്നെയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ സന്തോഷവാർത്ത പ്രതീക്ഷിച്ചിരുന്നതാണ്. ബി.സി.സി.ഐയ്ക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. നിതിൻ മേനോൻ എലൈറ്റ് പാനലിലേക്ക് പോയപ്പോൾ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ ഒഴിവു വന്നു. ആ ഒഴിവിലേക്ക് എന്നെ പരിഗണിച്ചതിൽ അഭിമാനമുണ്ട്.' അനന്തപത്മനാഭൻ പറയുന്നു.

Ananthapadmanabhan ICC
അനന്തപദ്മനാഭന്‍ ക്രിക്കറ്റ് അക്കാദമിയിലെ കുട്ടികള്‍ക്കൊപ്പം. ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

നിർഭാഗ്യവും ക്രിക്കറ്റിലെ രാഷ്ട്രീയവുമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി ഇല്ലാതാക്കിയതെന്ന് കളിക്കുന്ന കാലം മുതൽ ഇപ്പോഴും കേൾക്കുന്ന കാര്യമാണെന്നും എന്നാൽ തനിക്ക് അങ്ങനെ ഒരിക്കൽപോലും തോന്നിയിട്ടില്ലെന്നും അനന്തപത്മനാഭൻ ചൂണ്ടിക്കാട്ടുന്നു. 'നമുക്കുള്ളതാണെങ്കിൽ അതു നമുക്കുതന്നെ കിട്ടും എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ക്രിക്കറ്റ് താരമെന്ന നിലയിൽ അന്താരാഷ്ട്ര മത്സരം കളിക്കാനായില്ലെങ്കിലും അമ്പയർ എന്ന നിലയിൽ ഞാൻ ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാൻ പോകുകയാണ്. അതിന്റെ ത്രില്ലില്ലാണ് ഇപ്പോഴുള്ളത്. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.'

അനിൽ കുംബ്ലെ എന്ന ഇതിഹാസ സ്പിന്നർ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായതും ഇന്ത്യൻ ടീമിലേക്കുള്ള അനന്തപത്മനാഭന്റെ വഴിയിലെ തടസ്സമായിരുന്നു. കുംബ്ലെയും അനന്തപത്മനാഭനും ഒരേ സമയത്ത് കളി തുടങ്ങിയവരാണ്. ഒരിന്നിങ്സിൽ പത്തു വിക്കറ്റ് നേടി കുംബ്ലെ ചരിത്രമെഴുതിയതോടെ മലയാളി താരം എന്നെന്നേക്കുമായി തഴയപ്പെട്ടു. പക്ഷേ അതിൽ കുംബ്ലെയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം മികച്ച രീതിയിൽ കളിച്ചതിനാലാണ് അവസരങ്ങൾ ലഭിച്ചതെന്നും അനന്തപത്മനാഭൻ പറയുന്നു.

അമ്പയറിങ്ങിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനോട് അനന്തപത്മനാഭന് എതിർപ്പൊന്നുമില്ല. ഒരു മത്സരത്തിലും നമ്മുടെ തെറ്റുകൊണ്ട് ഒരു ടീം തോൽക്കാൻ പാടില്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള പ്രശ്നങ്ങൾ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാം. ഒരിക്കലും തെറ്റു സംഭവിക്കില്ല എന്ന് അമ്പയർക്ക് ആശ്വസിക്കാം. മലയാളി അമ്പയർ ചൂണ്ടിക്കാട്ടുന്നു.

ഐ.സി.സിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭൻ. ഇതിനു മുമ്പ് തിരുവനന്തപുരത്ത് നിന്നുള്ള ജോസ് കുരിശിങ്കിൽ, കോഴിക്കോട്ടുകാരനായ കെ.എൻ രാഘവൻ, എറണാകുളം സ്വദേശിയായ എസ് ദണ്ഡപാണി എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ഏറെക്കാലം കേരള ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലായിരുന്ന താരം 344 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങിലും മികവ് തെളിയിച്ച മലയാളി താരത്തിന്റെ അക്കൗണ്ടിൽ ഒരു ഇരട്ട സെഞ്ചുറിയുമുണ്ട്. ഒപ്പം കേരളത്തിനായി രഞ്ജിയിൽ 2000 റൺസും 200 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും അനന്തപത്മനാഭന് സ്വന്തം.

Content Highlights: Ananthapadmanabhan, ICC International Umpires Panel, Interview