ബെംഗളൂരു എഫ്.സിക്കും ചരിത്രത്തിനുമിടയില്‍ ഇനി 90 മിനിറ്റുകളുടെ ദൂരം മാത്രമാണുള്ളത്. ദോഹയിലെ സൗദ്ബിന്‍ അബ്ദുള്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബിനെതിരെ ഫൈനലിനിറങ്ങുന്ന ബെംഗളൂരു എഫ്.സിയുടെ വിജയ പ്രതീക്ഷകളെ കുറിച്ചും ഗാലറിയിലെ പിന്തുണയെ കുറിച്ചും ടീമിലെ മലയാളി താരം സി.കെ വിനീത് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു

ഫൈനലില്‍ എത്രത്തോളം പ്രതീക്ഷയുമായാണ് ടീം കളത്തിലിറങ്ങുന്നത്?

പ്രതീക്ഷ എന്നതിനേക്കാള്‍ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ് എന്ന് പറയുന്നതാകും ശരി. 100% ആത്മവിശ്വാസത്തിലാണ്. കിരീടം നേടാനാകും എന്നു തന്നെയാണ് കരുതുന്നത്.

വെസ്റ്റ് ബ്ലോക്ക് ബ്ലൂസെന്ന ബെംഗളൂരു എഫ്.സിയുടെ ആരാധക കൂട്ടത്തിന്റെ അഭാവം ഖത്തറിലെ ഫൈനലിനെ ബാധിക്കില്ലേ?

ബെംഗളൂരുവിലെ ഹോം ഗ്രൗണ്ടില്‍ നിന്നുള്ള പിന്തുണ എന്തായാലും ദോഹയിലെ സ്‌റ്റേഡിയത്തില്‍ ലഭിക്കില്ല. ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിന് ഇരുപത്തി നാലായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ സൗദ്ബിന്‍ സ്‌റ്റേഡിയത്തിലിരുന്ന് പതിനയ്യായിരത്തോളം ആളുകള്‍ക്കെ കളി കാണാനാകൂ..പ്രവാസി മലയാളികള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ദോഹയിലെത്തിയതു മുതല്‍  ഞങ്ങള്‍ക്ക് പിന്തുണയുമായി അവര്‍ പിന്നാലെയുണ്ട്. സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്ക് പിന്തുണയുമായി മറ്റൊരു നീലക്കടലുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി നരവധി പ്രവാസികളാണ് വിജയാശംസകള്‍ നേര്‍ന്നത്.

ടീം സ്റ്റേഡിയത്തിലെത്തുന്നു

സുനില്‍ ഛേത്രിയെന്ന ക്യാപ്റ്റനെ കുറിച്ച്?

ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് എനിക്ക് സുനില്‍ ഛേത്രി. വളരെ വിനയത്തോടെയാണ് എല്ലാവരോടും പെരുമാറുക. ഇന്ത്യയിലെ മികച്ച താരമാണെന്നോ അതല്ലെങ്കില്‍ ക്യാപ്റ്റനാണെന്നോ അഹംഭാവമില്ലാതെയാണ് എല്ലാവരെയും സമീപിക്കുക. തെറ്റ് ചൂണ്ടിക്കാണിക്കുകയും അതോടൊപ്പം നല്ല പ്രകടനം നടത്തിയാല്‍ അഭിനന്ദിക്കുകയും ചെയ്യും. 

ആല്‍ബര്‍ട്ട് റോക്കയെന്ന പരിശീലകന്‍ ടീമിന് എത്രത്തോളം ആത്മവിശ്വാസം നല്‍കുന്നു?

ബാഴ്‌സലോണയുടെ സഹപരിശീലക വേഷമണിഞ്ഞ ആല്‍ബര്‍ട്ട് റോക്ക് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കഠിനധ്വാനം ചെയ്യുക എന്നതാണ് അദ്ദേഹം കളിക്കാര്‍ക്ക് നല്‍കുന്ന വിജയ മന്ത്രം. ഓരോരുത്തരെയും വളരെ പേഴ്‌സണലായിട്ട് തന്നെ റോക്കക്ക് അറിയാം.

റിനോ ആന്റോയുമൊത്തുള്ള കൂട്ടുകെട്ട് എങ്ങെനെയാണ്?

കഴിഞ്ഞ മൂന്നര വര്‍ഷമായി റിനോ ആന്റോയെ എനിക്കറിയാം. ഗ്രൗണ്ടിലെ നീക്കങ്ങളില്‍ ഈ അടുപ്പം വളരെ സഹായകരമാണ്. ടീമിലെ അംഗങ്ങള്‍ തമ്മില്‍ കളിക്കളത്തിലുള്ള മാനസിക അടുപ്പം വളരെ പ്രധാനമാണ്. ഞങ്ങള്‍ ഒരു കുടുംബമായി കഴിയുന്നതു കൊണ്ടു തന്നെ ഈ മാനസിക അടുപ്പം ഗ്രൗണ്ടിലും വരുന്നു.

ദോഹയിലെ ഫൈനലിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങുമെന്ന് പറഞ്ഞാണ് വിനീത് സംഭാഷണമവസാനിച്ചത്. നമുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം. എ.എഫ്.സി കപ്പില്‍ ഒരു ഇന്ത്യന്‍ ക്ലബ്ബിന്റെ ചരിത്ര നിമിഷത്തിനായി.