ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. എതിരാളികളായ ചൈനയെ ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്.  

ഏഷ്യാ കപ്പില്‍ കിരീടം നേടിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു. 

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ നവ്‌ജോത് കൗര്‍ ഒരു ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് 47-ാം മിനിറ്റില്‍ ചൈനയുടെ ആദ്യ ഗോള്‍ പിറന്നു. കളി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു.

ആദ്യ അഞ്ച് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും  നാലു ഗോളുകൾ വീതം വലയിലെത്തിച്ചു.  തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഇന്ത്യക്ക് വേണ്ടി റാണി പന്ത് വലയില്‍ എത്തിച്ചു. എന്നാല്‍, ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് എന്ന നിലയില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.

2004-ല്‍ ആണ് ഇന്ത്യ ആദ്യമായി ഏഷ്യ കപ്പില്‍ ജേതാക്കളാകുന്നത്. ഡല്‍ഹിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ജപ്പാനെ 1-0ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടം. എന്നാല്‍ 2009-ല്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയം 2009ലെ പരാജയത്തിന് ഇന്ത്യയുടെ പകരം വീട്ടലായി.