സ്‌റ്റോക്ക്‌ഹോം: സ്വീഡന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ സ്ലാട്ടണ്‍ ഇബ്രഹാമോവിച്ചിന് ഇത്തവണത്തെ സ്വീഡിഷ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനാണ് സ്വീഡന്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. ഇത് 12-ാം തവണയാണ് താരത്തിനെത്തേടി ഈ പുരസ്‌കാരമെത്തുന്നത്. ഈ പുരസ്‌കാരം ഏറ്റവുമധികം നേടിയ താരവും ഇബ്രഹാമോവിച്ച് തന്നെ.
സ്വീഡനിലെ ഏറ്റവും മികച്ച വനിതാ ഫുട്‌ബോള്‍താരത്തിനുള്ള ഡയമണ്ട് ബോള്‍ പുരസ്‌കാരം ചെല്‍സിയ്ക്ക് വേണ്ടി കളിക്കുന്ന മഗ്ദലേന എറിക്‌സണ്‍ സ്വന്തമാക്കി. പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ച സമ്മാനിക്കും
സ്വീഡന് വേണ്ടി 116 മത്സരങ്ങള്‍ കളിച്ച് 62 ഗോളുകള്‍ നേടിയ ഇബ്രഹാമോവിച്ച് നിലവില്‍ എ.സി.മിലാനിലാണ് കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും താരം വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോള്‍ രംഗത്ത് ഇബ്ര സജീവമാണ്. എ.സി.മിലാന് വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ബലത്തിലാണ് താരം ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.
മഗ്ദലേന എറിക്‌സണ്‍ സ്വീഡിഷ് വനിതാ ഫുട്‌ബോള്‍ ടീമിനുവേണ്ടി 60 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചെല്‍സിയുടെ പ്രധാന പ്രതിരോധ താരമാണ് എറിക്‌സണ്‍.
Content Highlights: Zlatan Ibrahimovic wins 12th Golden Ball in Sweden