മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകന്റെ കുപ്പായത്തില്‍ ഇനി സിനദിന്‍ സിദാനുണ്ടാകില്ല. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെ സിദാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. സിദാന്റെ ഈ അപ്രതീക്ഷിത നീക്കം റയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 

റയല്‍ മാഡ്രിഡിന്റെ ട്രെയ്‌നിങ് ഗ്രൗണ്ടായ വാള്‍ഡെബെബാസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് റയല്‍ വിടുന്നതായി സിദാന്‍ പ്രഖ്യാപിച്ചത്. റയല്‍ മാഡ്രിഡ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ പുതിയ താരവുമായി കരാറിലെത്തിയത് അറിയിക്കാനാകുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി  ആ വാര്‍ത്താസമ്മേളനം  സിദാന്റെ രാജി പ്രഖ്യാപന വേദിയാകുകയായിരുന്നു. 2020 വരെ റയലുമായുള്ള കരാര്‍ നിലനില്‍ക്കെയാണ് സിദാന്‍ രാജി പ്രഖ്യാപിച്ചത്

'ഇത് അത്ര അനായാസമായി പറയാന്‍ കഴിയുന്ന കാര്യമില്ല. ഞാന്‍ പരിശീലകനായി തുടരുകയാണെങ്കില്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മര്‍ദമേറിയ കാര്യമാണ്. ഇത് ഒരു മാറ്റത്തിനുള്ള ശരിയായ സമയമാണെന്ന് ഞാന്‍ കരുതുന്നു, മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീല കരിയറിനാണ് വിരാമമിടുന്നത്' സിദാന്‍ വ്യക്തമാക്കി.

zidane

നിലവില്‍ മറ്റൊരു ടീമിന്റേയും പരിശീലകനാകാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും മുന്‍ ഫ്രഞ്ച് താരം പറഞ്ഞു. ടീമംഗങ്ങളോടൊല്ലം ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സെര്‍ജിയോ റാമോസുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്റെ തീരുമാനത്തെ റാമോസ് ബഹുമാനിക്കുന്നു.  സിദാന്‍ വ്യക്തമാക്കി. 

2016 ജനുവരിയില്‍ റാഫേല്‍ ബെനിറ്റെസില്‍ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായി മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് 45-കാരനായ സിദാന്‍ റയലിന് സമ്മാനിച്ചത്. 2016-17 സീസണില്‍ ലാ ലിഗ കിരീടവും നേടി. 

zidane
ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം  Photo Courtesy: Twitter/ Champions League

സിദാന്റെ പരിശീലനത്തിന് കീഴില്‍ റയല്‍ 149 മത്സരങ്ങളില്‍ 104 എണ്ണത്തിലും വിജയിച്ചു. 29 എണ്ണം സമനിലയിലായപ്പോള്‍ 16 എണ്ണത്തില്‍ മാത്രമാണ് തോറ്റത്. മൂന്നു ചാമ്പ്യന്‍സ് ലീഗും ഒരു ലാ ലിഗയും കൂടാതെ ഒരു സ്പാനിഷ് സൂപ്പര്‍ കപ്പും രണ്ടു വീതം യുവേഫ സൂപ്പര്‍ കപ്പും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും സിദാന് റയലിന് സമ്മാനിച്ചു.

 

Content Highlights: Zinedine Zidane steps down as Real Madrid manager