മാഡ്രിഡ്: ലാ ലിഗ കിരീട പോരാട്ടം അവസാനിച്ചതിനു പിന്നാലെ സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ചിരുന്നു.

കഴിഞ്ഞ 11 സീസണിനിടെ ആദ്യമായി ഒരു കിരീടം പോലുമില്ലാതെ റയല്‍ സീസണ്‍ അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു സിദാന്റെ രാജി.

ഇപ്പോഴിതാ താന്‍ രാജിവെയ്ക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിദാന്‍. റയല്‍ മാഡ്രിഡ് ആരാധകര്‍ക്കായി എഴുതിയ കത്തിലാണ് ക്ലബ് വിടാനുണ്ടായ കാരണം സിദാന്‍ വെളിപ്പെടുത്തിയത്. 

ക്ലബ്ബിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ക്ലബ്ബ് വിടാന്‍ തീരുമാനിച്ചതെന്ന് സിദാന്‍ പറഞ്ഞു. റയല്‍ പരിശീലകനായുള്ള ആദ്യ വരവില്‍ ക്ലബ്ബിന് രണ്ട് ലാ ലിഗ കിരീടങ്ങളും ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗും നേടിക്കൊടുത്ത പരിശീലകനാണ് സിദാന്‍. 

''ഇപ്പോള്‍, കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഞാന്‍ കരുതിയതുപോലുള്ള ഒരു വിശ്വാസം എന്നോട് ക്ലബ്ബിന് ഇല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ആ വിശ്വാസവും പിന്തുണയും ആവശ്യമായിരുന്നു.'' - സിദാന്‍ പറഞ്ഞു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്ലബ്ബും ക്ലബ്ബ് പ്രസിഡന്റുമായുള്ള തന്റെ ബന്ധം അത്ര രസത്തിലായിരുന്നില്ലെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു മത്സരത്തിലെ തോല്‍വിക്കു ശേഷം പത്രം നോക്കുമ്പോള്‍ അടുത്ത മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ താന്‍ പുറത്താക്കപ്പെടുമെന്നൊക്കെ കാണുന്നത് ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Zinedine Zidane reveals reason behind his Real Madrid departure