മാഡ്രിഡ്: ഫുട്‌ബോളില്‍ സമാനതകളില്ലാത്ത താരമാണ് സിനദിന്‍ സിദാന്‍. പക്ഷേ പരിശീലകനെന്ന നിലയില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇറങ്ങുന്ന സിദാന് എതിരാളിയായ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിയില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്.
ശനിയാഴ്ച്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി മാഡ്രിഡില്‍ നടന്ന പത്രസമ്മേളനത്തില്‍ സിദാന്‍ സിമിയോണിയെ പുകഴ്ത്തി.

 'ഒരു പരിശീലകന് വേണ്ട ഗുണങ്ങളൊക്കെയും സിമിയോണിക്കുണ്ട്. അതിനേക്കാളുപരിയായി സ്വന്തം ടീമിനെയും കളിക്കാരെയും കുറിച്ച് അദ്ദേഹത്തിന്‌ വ്യക്തമായ ധാരണയുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം'. സിദാന്‍ വ്യക്തമാക്കി. 

'എനിക്ക് ഇനിയുമേറെ പഠിക്കാനുണ്ട്.പരിശീലനത്തില പുതിയ തന്ത്രങ്ങള്‍ പഠിച്ചെടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പരിശീലകനെന്ന നിലയില്‍ വിജയത്തിലെത്താന്‍ ഞാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണം'. സിദാന്‍ പറഞ്ഞു. 

റാഫേല്‍ ബെനിറ്റെസിന് പകരക്കാരനായി ഈ ജനുവരിയിലാണ് സിദാന്‍ റയലിന്റെ പരിശീലകനായി ചുമതലയേറ്റത്. ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തെത്തിയത് മുന്‍ ഫ്രഞ്ച് താരത്തിന്റെ പരിശീലന മികവിലാണ്. സിദാന് കീഴില്‍ കളിച്ച 26 മത്സരങ്ങളില്‍ 21 മത്സരങ്ങളിലും റയല്‍ വിജയിച്ചു. രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയിലായി. 71 ഗോളുകള്‍ അടിച്ചു കൂട്ടിയ റയല്‍ 18 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.

ഇന്ത്യന്‍ സമയം ശനിയാഴ്ച്ച രാത്രി 12.15നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.റയല്‍ കിരീടം നേടിയാല്‍ കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ചാമ്പ്യന്‍സ് ലീഗ് നേടുന്ന ഏഴാമത്തെ താരമെന്ന ബഹുമതി സിദാന് ലഭിക്കും.