മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പരിശീലകാനുള്ള സിനദിൻ സിദാന്റെ രണ്ടാമൂഴവും അവസാനിച്ചു. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും പരാജയപ്പെട്ടതിന് പിന്നാലെ സിദാൻ പടിയിറങ്ങുകയാണെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നേരത്തെ തന്നെ സ്പാനിഷ് മാധ്യമമായ മാർസയും പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയും സിദാൻ റയൽ വിട്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

പരിശീലകസ്ഥാനം ഒഴിയാനുള്ള സിദാന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ക്ലബ്ബിനോടും താരങ്ങളോടും കാണിച്ച അർപ്പണബോധത്തിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ റയൽ മാഡ്രിഡ് വ്യക്തമാക്കി. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലബ്ബിനെ ഉയരങ്ങളിൽ എത്തിച്ച സിദാൻ റയലിന്റെ ഇതിഹസമാണെന്നും ക്ലബ്ബ് പറയുന്നു.

2022 വരെ സിദാന് റയലുമായി കരാറുണ്ടായിരുന്നു. കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. റയലിലേക്കുള്ള സിദാന്റെ രണ്ടാം വരവായിരുന്നു ഇത്തവണത്തേത്. നേരത്തെ 2016-ൽ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തിയ സിദാൻ ടീമിന് ഹാട്രിക് കിരീടം സമ്മാനിച്ചു. തുടർന്ന് 2018-ൽ ക്ലബ്ബ് വിട്ടു. 2019-ൽ വീണ്ടും റയലിന്റെ പരിശീലകനായെത്തി.

Content Highlights: Zinedine Zidane has walked away from Real Madrid