മിലാനിനെ സാന്‍സിറോയില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നെഞ്ചോട് ചേര്‍ത്ത ശേഷം സിനദിന്‍ സിദാനെന്ന ഇതിഹാസ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'എന്റെ ജീവിതത്തിലെ ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. എല്ലാ രീതിയിലും ഒന്നാമതാകാന്‍ എനിക്ക് അവസരം തന്നത് റയലാണ്'. സിദാന് ഇത്തരത്തില്‍ പ്രതികരിച്ചതില്‍ ആരും അദ്ഭുതപ്പെടുന്നില്ല. കാരണം ഫുട്‌ബോളിലെ മൂന്ന് വ്യത്യസ്ത രൂപങ്ങളില്‍ റയലിനൊപ്പം ചേര്‍ന്ന് നടന്ന സിദാന്‍ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. 

2002ല്‍ ലെവര്‍ക്യുസനെതിരായ ഫൈനലില്‍ വിജയഗോള്‍ നേടി സിദാന്‍ റയലിന് ഒമ്പതാം ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ചു. അന്ന് കളിക്കാരന്റെ ജഴ്‌സിയിലാണ് സിദാനുണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം കാര്‍ലോ ആന്‍സലോട്ടിയുടെ സഹപരിശീലകനായിട്ടായിരുന്നു സിദാന്റെ കിരീട വിജയം. ഇപ്പോള്‍ പരിശീലകനായും കിരീടം നേടി സിദാന്‍ തന്റെ കരിയര്‍ പൂര്‍ണമാക്കിയിരിക്കുന്നു.റയലിന്റെ റിസര്‍വ് ടീമിനൊപ്പമുള്ള പരിചയ സമ്പത്തുമായാണ് സിദാന്‍ റയലിന്റെ പരിശീലകനാകുന്നത്.

റാഫേല്‍ ബെനിറ്റെസിന് പകരക്കാരനായി എത്തിയ സിദാന് പരിശീലകനെന്ന നിലയിലുള്ള നൈപുണ്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സിദാന് ചുറ്റും ഒരു തേജോവലയമുണ്ടായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത് ബെയ്ല്‍, ഹാമസ്‌ റോഡ്രിഗസ്, കരീം ബെന്‍സേമ അടക്കമുള്ള ലോകോത്തര മുന്നേറ്റ നിരയെ പ്രചോദിപ്പിക്കാന്‍ സിദാന്റെ ആ തേജോവലയത്തിന് കഴിഞ്ഞു. ഒരു ഇതിഹാസ താരമെന്ന പരിഗണന കളിക്കാര്‍ സിദാന് നല്‍കിയപ്പോള്‍ തിരിച്ച് റയലെന്ന താരനിബിഡമായ ടീമില്‍ ഓരോരുത്തര്‍ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട രീതിയിലുള്ള പ്രാധാന്യം സിദാന്‍ നല്‍കി.

Zinedine Zidane
സിദാനൊപ്പം വിജയമാഘോഷിക്കുന്ന ഗരെത് ബെയ്ല്‍

ക്ലബ്ബിന്റെ ഇതിഹാസമായ സിദാനോടൊപ്പമുള്ള പരിശീലനം കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന്‌ റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് പറഞ്ഞത് അതുകൊണ്ടു തന്നെയാണ്.

'സിദാന് പിന്നില്‍ അണിനിരക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നത്. വളരെ വിനയത്തോടെ മാത്രം സംസാരിക്കുന്ന സിദാന്‍ എപ്പോഴും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ്. ഇത് കാര്യങ്ങളെല്ലാം എളുപ്പമാക്കുന്നു'. സിദാനെ കുറിച്ചുള്ള ക്രിസ്റ്റ്യാനോയുടെ അഭിപ്രായമാണിത്. 

നാല് മാസം മുമ്പ് റയലിന്റെ പരിശീലകനായി സ്ഥാനമേറ്റപ്പോള്‍ ബെനിറ്റെസ് ചെയ്തത് പോലെ തന്നെ ബ്രസീലിയന്‍ താരം കാസ്മിറോയെ അണിനിരത്തി സിദാന്‍ മധ്യനിരയില്‍ സന്തുലിതമാക്കി. ഇസ്‌കോയും റോഡിഗ്രസും പോലുള്ള താരങ്ങളുടെ സ്വാധീനത്തിന് കടിഞ്ഞാണിട്ടാണ് സിദാന്‍ ഈ മാറ്റം കൊണ്ടു വന്നത്. എന്നാല്‍ കടുംപിടിത്തത്തിലൂടെ ഇത് നടപ്പിലാക്കിയ ബെനിറ്റെസിന് ഏറെ വിമര്‍ശങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോള്‍ സിദാന്‍ വളരെ സമചിത്തതയോടെയാണ്‌ അത് കൈകാര്യം ചെയ്തത്. താന്‍ എത്രത്തോളം സഹനശക്തിയുള്ള മനുഷ്യനാണ് താനെന്ന് സിദാന്‍ തെളിയിക്കുകയായിരുന്നു.

Zinedine Zidane
സിദാന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി

ഡീപോര്‍ട്ടീവോക്കെതിരായ 5-0ത്തിന്റെ വിജയത്തോടെയാണ് സിദാന്‍ റയലിന്റെ പരിശീലകനായി തുടക്കം കുറിച്ചത്. തുടര്‍ച്ചയായ 12 ജയങ്ങളോടെ ലാ ലിഗയില്‍ റണ്ണേഴ്‌സ് അപ്പായ സീസണ്‍ അവസാനിപ്പിച്ച റയല്‍ സിദാന്റെ കീഴില്‍ 21 മത്സരങ്ങള്‍ വിജയിച്ചു. മൂന്നെണ്ണത്തില്‍ സമനിലയും രണ്ടെണ്ണത്തില്‍ തോല്‍വിയും. പരിശീലകനായും കളിക്കാരനായും ചാമ്പ്യന്‍സ് ലീഗ് വിജയിച്ച ഏഴാമത്തെ താരമെന്ന ബഹുമതി കൂടി സ്വന്തമാക്കിയാണ് സിദാന്‍ സാന്‍ സിറോയില്‍ നിന്ന് മടങ്ങിയത്. 

പരിശീലകനെന്ന നിലയില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടണമെന്നത്‌ കാര്‍ലോ ആന്‍സലോട്ടി തന്നോട് എപ്പോഴും പറയുമെന്നും അത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്ന് പറഞ്ഞ് കൊതിപ്പിക്കാറുണ്ടെന്നും സിദാന്‍ പറയുന്നു. ഇന്ന് ആന്‍സലോട്ടിയുടെ ആഗ്രഹം കൂടി യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് സിദാന്‍.  

1998 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഹീറോയായ സിദാന്‍ പിന്നീട് വാര്‍ത്തകളുടെ പ്രധാന തലക്കെട്ടായത് 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മാര്‍ക്കോ മറ്റെരാസിയെ തല കൊണ്ടിടിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായപ്പോഴാണ്. അന്ന് ഗ്രൗണ്ടിന് പുറത്തേക്ക് കണ്ണീരുമായി നടന്നന്ന സിദാന്‍ ഇന്ന് ചാമ്പ്യന്‍സ് ലീഗില്‍ അവിസ്മരണീയ നേട്ടം സ്വന്തമാക്കുമ്പോള്‍ ഒരു ഫുട്‌ബോള്‍ താരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പെന്നല്ലാതെ അതിനെ മറ്റെന്ത് വിളിക്കാനാകും?