മാഡ്രിഡ്: സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ടുപോകുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. സ്പെയിൻ വിട്ട് മെസ്സി പോയാൽ അത് ലാ ലിഗയ്ക്ക് വൻനഷ്ടമാകുമെന്നും ബാഴ്സലോണ വിട്ട് മെസ്സി പോകരുതെന്നും സിദാൻ പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. ആ മെസ്സി ഇവിടെ ഉണ്ടാകണം. ഏറ്റവും മികച്ച താരങ്ങൾ എതിരാളികളായി ഉണ്ടായാലേ റയൽ മാഡ്രിഡ് മെച്ചപ്പെടൂ, സിദാൻ വ്യക്തമാക്കുന്നു. അതേസമയം മെസ്സി ബാഴ്സ വിടുമെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും സിദാൻ കൂട്ടിച്ചേർത്തു.

ബാഴ്സയുമായുള്ള മെസ്സിയുടെ നിലവിലെ കരാർ 2021-ൽ അവസാനിക്കും. എന്നാൽ ബാഴ്സയിൽ തുടരാൻ മെസ്സിക്ക് താത്‌പര്യമില്ലെന്നും കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മെസ്സി അവസാനിപ്പിച്ചതായും സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന സെർ വെള്ളിയാഴ്ച്ച റിപ്പോർ ചെയ്തിരുന്നു. ജനുവരിയിൽ ബാഴ്സ മുൻ പരിശീലകൻ ഏണസ്റ്റോ വാൽവെർദയെ പുറത്താക്കിയതിന് കാരണം താനാണെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളിൽ മെസ്സിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ബാഴ്സ ടീം മാനേജ്മെന്റിന്റെ കാര്യത്തിലും മെസ്സി സന്തുഷ്ടനല്ലെന്നാണ് റിപ്പോർട്ടുകൾ.