മാഡ്രിഡ്: ലാ ലിഗ ഈ സീസണ്‍ അവസാനിക്കുന്നതോടെ സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയും. കഴിഞ്ഞ ദിവസം നടന്ന സെവിയ്യക്കെതിരായ മത്സരത്തിന് ശേഷം സിദാന്‍ റയല്‍ വിടുന്ന കാര്യം ടീമംഗങ്ങളെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 2018-ല്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ സിദാന്‍ റയല്‍ വിട്ടിരുന്നു. പിന്നീട് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
 
നിലവില്‍ ലാ ലിഗയില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് റയല്‍. ഇനി ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് അത്ലറ്റിക് ക്ലബ്ബുമായും വിയ്യാറയലുമായാണ് മത്സരങ്ങള്‍ ശേഷിക്കുന്നത്. റയല്‍ പരിശീലകനായി സിദാന്റെ അവസാന രണ്ട് മത്സരങ്ങളാകും അത്.
 
സിദാന് പകരം മുന്‍ റയല്‍ മാഡ്രിഡ് താരം റൗള്‍ പരിശീലകനായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദാന് കീഴില്‍ സ്പാനിഷ് ക്ലബ്ബ് 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
 
Content Highlights: Zidane to leave Madrid at the end of the season LalLiga