മാഡ്രിഡ്: മുന്‍ ഫ്രഞ്ച് ഫുട്‌ബോളര്‍ സിനദിന്‍ സിദാന്‍ വീണ്ടും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പരിശീലക കുപ്പായത്തില്‍. താത്കാലിക പരിശീലകനായിരുന്ന സാന്തിയാഗോ സൊളാരിയെ പുറത്താക്കിയാണ് റയല്‍, തങ്ങള്‍ക്കായി ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ പരിശീലകനെ തിരികെയെത്തിച്ചിരിക്കുന്നത്.

ക്ലബ്ബിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വേണ്ടി തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് സിദാന്റെ തിരിച്ചുവരവ് സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. 2022 ജൂണ്‍ 30 വരെയാണ് സിദാനുമായുള്ള റയലിന്റെ കരാര്‍.  

ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക് ജേതാക്കളായ റയല്‍, അയാക്‌സിനോട് തോറ്റ് നോക്കൗട്ടില്‍ പുറത്തായതിന് പിന്നാലെയാണ് മുന്‍ പരിശീലകനെ റയല്‍ വീണ്ടും ചുമതലയേല്‍പ്പിച്ചത്. ഹോസെ മൗറീന്യോ റയലിന്റെ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും റയല്‍ സമീപകാലത്തെ തങ്ങളുടെ മികച്ച പരിശീലകനിലേക്ക് തിരികെ പോകുകയായിരുന്നു.  

സിദാനെ തിരികെയെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ ഫൈനലില്‍ റയലിനെ കിരീടമണിയിച്ച ശേഷമാണ് സിദാന്‍ സ്ഥാനമൊഴിഞ്ഞത്. സിദാനു പിന്നാലെ ചുമതലയേറ്റ ജുലന്‍ ലോപറ്റേഗുയിക്കും അദ്ദേഹത്തെ പുറത്താക്കിയതിനു പിന്നാലെ താത്കാലിക പരിശീലകന്റെ ചുമതലയേറ്റ സാന്തിയാഗോ സൊളാരിക്കും കീഴില്‍ മോശം പ്രകടനമായിരുന്നു റയലിന്റേത്.

കഴിഞ്ഞ 15 ദിവസങ്ങള്‍ക്കിടെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്‌സലോണയോട് രണ്ടു തവണ റയല്‍ പരാജയപ്പെട്ടിരുന്നു. ലാ ലിഗയില്‍ ശനിയാഴ്ച നടക്കുന്ന റയല്‍ മഡ്രിഡ് - സെല്‍റ്റാ വിഗോ മത്സരത്തിനു മുന്‍പ് സിദാന്‍ സ്ഥാനം ഏറ്റെടുക്കും. നിലവില്‍ ലീഗില്‍ ബാഴ്‌സലോണയേക്കാള്‍ 12 പോയന്റ് താഴെ മൂന്നാം സ്ഥാനത്താണ് റയല്‍.

ലാ ലിഗയിലെ സാധ്യതകളും ഏതാണ്ട് അവസാനിച്ചതോടെ തിരിച്ചുവരവില്‍ സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ ആത്മവിശ്വാസം തകര്‍ന്ന നിലയിലാണ് റയല്‍. ടീമിനെ ആദ്യ നാലിലെത്തിച്ച് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടിക്കൊടുക്കുക എന്നതാകും സിദാനു മുന്നിലുള്ള ആദ്യ വെല്ലുവിളി.

Content Highlights: zidane makes sensational return to real madrid after solari