ലയണൽ മെസ്സിയും ലൂയിസ് സുവാരസും | Photo: LLUIS GENE|AFP
ബാഴ്സലോണ: ലൂയിസ് സുവാരസ് ബാഴ്സലോണ വിടേണ്ടി വന്ന സാഹചര്യത്തില്‍ ക്ലബ്ബിനോടുള്ള രോഷം പരസ്യമാക്കി സൂപ്പര്‍ താരം ലയണല്‍ മെസ്സി.
ബാഴ്സ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്ന സുവാരസിന് ആശംസ അറിയിച്ചുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് മെസ്സി ക്ലബ്ബിനെതിരേ തുറന്നടിച്ചത്.
ബാഴ്സയ്ക്കൊപ്പം ആറു വര്‍ഷക്കാലത്തോളം കളിച്ച ശേഷമാണ് സുവാരസ് ക്ലബ്ബ് വിടുന്നത്. ബാഴ്സയ്ക്കായി 283 മത്സരങ്ങളില്‍ നിന്നായി 198 ഗോളുകള്‍ സുവാരസ് നേടിയിട്ടുണ്ട്.
''മറ്റൊരു ജേഴ്സിയില്‍ നിന്നെ കാണുക എന്നത് ഏറെ വിചിത്രമായിരിക്കും, പിച്ചില്‍ നിനക്കെതിരേ വരികയെന്നത് അതിലേറെയും. ടീമിനായും വ്യക്തിഗത തലത്തിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരാളെന്ന നിലയില്‍ നീ നിനക്കൊത്ത ഒരു വിടവാങ്ങല്‍ അര്‍ഹിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളായിരുന്നു നീ. നിന്നെ ഇത്തരത്തില്‍ പുറത്താക്കാനുള്ള യോഗ്യതയൊന്നും അവര്‍ക്കില്ല. സത്യമെന്തെന്നാല്‍ ഈ ഘട്ടത്തില്‍ ഇതൊന്നും തന്നെ എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല.'' - മെസ്സി കുറിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ തോല്‍വിക്കു ശേഷം വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ബാഴ്സലോണ. സെറ്റിയനെ പുറത്താക്കി റൊണാള്‍ഡ് കോമാനെ നിയമിച്ചതോടെ ടീമില്‍ വലിയ അഴിച്ചുപണികളാണ് നടക്കുന്നത്. ഇവാന് റാക്കിറ്റിച്ചും ആര്‍തുറോ വിദാലും ടീം വിട്ടു. ഇപ്പോഴിതാ സുവാരസും.
ഇതിനിടെ മെസ്സിയും ക്ലബ്ബ് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങളിലെ പ്രശ്നങ്ങള്‍ കാരണം ടീമില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
Content Highlights: You didn't deserve to be thrown out Messi slams Barcelona over Suarez exit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..