പാരീസ്: ഫ്രാന്‍സിന്റെ യുവപ്രതിഭ കൈലിയന്‍ എംബാപ്പെയ്ക്ക് ആയിരം ഗോളടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ഫുട്ബോള്‍ ഇതിഹാസം പെലെ. പാരീസില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പെലെ എംബാപ്പെയെ പുകഴ്ത്തിയത്.

1025 ഗോളുകള്‍ ഞാന്‍ അടിച്ചിട്ടുണ്ട്. എംബാപ്പെയ്ക്ക് ആയിരം തികയ്ക്കാന്‍ കഴിയും - 78-കാരനായ പെലെ പറഞ്ഞു.

ആയിരം ഗോളിനായി തനിക്ക് എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു 20 വയസുള്ള എംബാപ്പെയുടെ മറുപടി. ഫുട്ബോളില്‍ ഒരു രാജാവേയുള്ളൂ. അദ്ദേഹമാണ് എന്റെ മുന്നിലിരിക്കുന്നത്. ഞാന്‍ വെറും കൈലിയന്‍ മാത്രം. എന്റെ ടീമിനും രാജ്യത്തിനുംവേണ്ടി കഴിയുന്നതെല്ലാം ചെയ്യുന്നു - എംബാപ്പെ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പ് ജയിച്ച ഫ്രാന്‍സ് ടീമില്‍ അംഗമായിരുന്നു എംബാപ്പെ. പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു. തന്റെ 19-ാം വയസിലാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. 1962-ല്‍ പെലെ രണ്ടാം ലോകകപ്പ് നേടുമ്പോള്‍ 21 വയസായിരുന്നു. എട്ടു വര്‍ഷത്തിനുശേഷം മൂന്നാം ലോകകപ്പും സ്വന്തമാക്കി.

Content Highlights: you can reach 1000 goals pele tells mbappe