ബാരന്‍ക്വില: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. അര്‍ജന്റീന എവെ മത്സരത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചപ്പോള്‍ ബ്രസീല്‍ പെറുവിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. യോഗ്യതാ റൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ആറാമതാണ് നിലവിലെ റണ്ണറപ്പുകളായ അര്‍ജന്റീന. ആദ്യ അഞ്ച് ടീമുകള്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ടിലേയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കുക.

മെസ്സിയും അഗ്യൂറോയും ടെവസുമില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കായി ലൂകാസ് ബിഗ്ലിയയാണ് ഗോള്‍ നേടിയത്. ഇരുപതാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെയായിരുന്നു ബിഗ്ലിയയുടെ ഗോള്‍. കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക് ലവേസി നല്‍കിയ ക്രോസ് വലയിലെത്തിക്കാന്‍ ബിഗ്ലിയക്ക് ഏറെയൊന്നും പണിപ്പെടേണ്ടി വന്നില്ല. ഈ ജയത്തോടെ നാലു മത്സരങ്ങളില്‍ അഞ്ച് പോയന്റായിരിക്കുകയാണ് അര്‍ജന്റീനയ്ക്ക്.

brazil

സാല്‍വഡോറില്‍ നടന്ന മത്സരത്തില്‍ ഇരുപത്തിരണ്ടാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയിലൂടെയാണ് ബ്രസീല്‍ പെറുവിനെതിരെ ലീഡ് നേടിയത്. റെനറ്റോ അഗസ്‌റ്റോ 57-ാം മിനിറ്റില്‍ ലീഡുയര്‍ത്തി. 77-ാം മിനിറ്റില്‍ ഫലിപ്പെ ലൂയിസ് പട്ടിക തികച്ചു. ഈ ജയത്തോടെ ബ്രസീലിന് നാലു കളികളില്‍ നിന്ന്  ഏഴ് പോയിന്റായി. നാലു കളികളില്‍ രണ്ടാം ജയം സ്വന്തമാക്കിയ അവര്‍ ഇക്വഡോറിനും യുറുഗ്വായ്ക്കും പിറകില്‍ മൂന്നാമതാണ്.

വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഇക്വഡോര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇക്വഡോറിനുവേണ്ടി ഫിഡല്‍ മാര്‍ട്ടിനെസ് (15), മാണ്ടെറോ (23), സായിസെഡോ (60) എന്നിവരും വെനസ്വേലയ്ക്കുവേണ്ടി ജോസഫ് മാര്‍ട്ടിനെസും (84) ഗോള്‍ നേടി. കളിച്ച നാലു കളിയും ജയിച്ച ഇക്വഡോറിന് പന്ത്രണ്ട് പോയിന്റാണുള്ളത്.

കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് യുറുഗ്വായ് രണ്ടാം സ്ഥാനത്തെത്തിയത്. അവര്‍ക്കുവേണ്ടി ഗോഡിന്‍ (23), പെരേര (61), മാര്‍ട്ടി കാസെരസ് (65) എന്നിവര്‍ ഗോള്‍ നേടി.

ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച പാരഗ്വായ് ആണ് ബ്രസീലിന് പിറകില്‍ നാലാം സ്ഥാനത്ത്. അഞ്ച് മിനിറ്റിലായിരുന്നു മൂന്ന് ഗോളും. 59-ാം മിനിറ്റില്‍ യാസ്മാനിയിലൂടെ ബൊളീവിയയാണ് ആദ്യം മുന്നിലെത്തിയത്. 61-ാം മിനറ്റരല്‍ ലെസാനോ പാരഗ്വായ്ക്കുവേണ്ടി സമനില നേടിക്കൊടുത്തു. 64-ാം മിനിറ്റില്‍ ലൂക്കാസ് ബാരിയോസ് അവര്‍ക്ക് വിജയഗോള്‍ സമ്മാനിച്ചു.