സാവോ പോളോ: ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഇല്ലാതെ കളിച്ച അര്‍ജന്റീന ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ബ്രസീല്‍.

നാല് മത്സരങ്ങളില്‍ നിന്ന് വിലക്കപ്പെട്ട മെസ്സിയെ കൂടാതെ കളിച്ച അര്‍ജന്റീന ബൊളീവിയയോട് ഏകപക്ഷീയമായ രണ്ട് ഗോളിനാണ് തോറ്റത്. 31-ാം മിനിറ്റില്‍ യുവാന്‍ കാര്‍ലോസും 53-ാം മിനിറ്റില്‍ മാര്‍ട്ടന്‍സ് മാഴ്‌സെലോയുമാണ് ബൊളീവിയയുടെ വിജയഗോളുകള്‍ നേടിയത്.

ഈ തോല്‍വിയോടെ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അര്‍ജന്റീന. ഇതോടെ അവരുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ക്കു മേലും കരിനിഴല്‍ വീണിരിക്കുകയാണ്.

ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് ഓഷ്യാന ഗ്രൂപ്പിലെ ഒരു ടീമുമായി പ്‌ളേ ഓഫ് കളിക്കണം.

brazil

പതിനാല് മത്സരങ്ങളില്‍ നിന്ന് 33 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് റഷ്യയിലേയ്ക്കുള്ള ബ്രസീലിന്റെ യാത്ര. പത്ത് ജയവും മൂന്ന് സമനിലയുമുള്ള മഞ്ഞപ്പട ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് തോറ്റത്.

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയയേക്കാള്‍ ഒന്‍പത് പോയിന്റിന്റെ ലീഡുണ്ട് ബ്രസീലിന്. കൊളംബിയക്ക് 14 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റാണുള്ളത്. ഉറുഗ്വായ് 23 പോയിന്റുമായി മൂന്നാം സ്ഥാനത്തും ചിലി 23 പോയിന്റുമായി നാലാം സ്ഥാനത്തും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന 22 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.

ഏരീന കൊറിന്ത്യന്‍സില്‍ നടന്ന മത്സരത്തില്‍ പരാഗ്വായ്‌ക്കെതിരെ ബ്രസീലിനുവേണ്ടി ഫിലിപ്പെ കുടിന്യോ (34), ക്യാപ്റ്റന്‍ നെയ്മര്‍ (64), മാഴ്‌സെലൊ (86) എന്നിവരാണ് ലക്ഷ്യം കണ്ടത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം ആദ്യമായി ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ച നെയ്മറുടെ 52-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. എന്നാല്‍, 64-ാം മിനിറ്റില്‍ നെയ്മര്‍ ഒരു പെനാല്‍റ്റി നഷ്ടമാക്കി.

ദുംഗയ്ക്ക് പകരം ടിറ്റെ പരിശീലകന്റെ ചുമതല ഏറ്റെടുത്തശേഷം ബ്രസീല്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. മഞ്ഞപ്പടയുടെ തുടര്‍ച്ചയായ ഏഴാം ജയമായിരുന്നു ഇത്.

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ഇക്വഡോര്‍ കൊളംബിയയെയും (2-0) ചിലി വെനസ്വേലയെയും (3-1), പെറു ഉറുഗ്വായെയും (2-1) തോല്‍പിച്ചു.

റഷ്യയിലേയ്ക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞ ബ്രസീലിന്റെ അടുത്ത മത്സരം ആഗസ്ത് 31ന് ഇക്വഡോറിനെതിരെയാണ്. ഉറുഗ്വായ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.