ആംസ്റ്റര്‍ഡാം: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോളണ്ട് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ഫ്രാന്‍സിന് സമനില. ബള്‍ഗേറിയയെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ഓറഞ്ചുപട തോല്‍പ്പിച്ചത്. അതേസമയം ഫ്രാന്‍സിന് ലക്‌സംബര്‍ഗിനോട് ഗോള്‍രഹിത സമനില വഴങ്ങാനായിരുന്നു വിധി. 

ഫ്രാന്‍സിനോട് കഴിഞ്ഞ മത്സരത്തില്‍ ഏറ്റ കനത്ത പരാജയത്തില്‍ നിന്ന് ഹോളണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഡാവി പ്രോപ്പര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ആര്യന്‍ റോബന്റെ വകയായിരുന്നു ഒരു ഗോള്‍. പ്രോപ്പര്‍ ഓറഞ്ച് പടക്കായി തന്റെ ആദ്യ ഗോളാണ് കണ്ടെത്തുന്നത്. അതേസമയം ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച എട്ടാമത്തെ ഗോള്‍സ്‌കോററായി റോബന്‍. 95 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് റോബന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം സൂപ്പര്‍ താരങ്ങളുമായി ഇറങ്ങിയ ഫ്രാന്‍സിന് ലക്‌സംബര്‍ഗിന്റെ പ്രതിരോധക്കോട്ട മറികടക്കാനായില്ല. ലോക റാങ്കിങ്ങില്‍ 123 ആം സ്ഥാനത്താണ് ലക്‌സംബര്‍ഗ്. കൈലിയന്‍ മമ്പാപ്പ, പോള്‍ പോഗ്ബ,ഗ്രീസ്മാന്‍, ജിറൗഡ് തുടങ്ങി യൂറോപ്പിലെ പേരുകേട്ട അക്രമനിര പൊരുതിയിലെങ്കിലും ലക്‌സംബര്‍ഗിന്റെ പ്രതിരോധം ഇളകിയില്ല.  

ജിറൗഡിന് പകരം ആഴ്സണലിലെ സഹതാരമായ ലക്കസ്റ്റേയും ഗ്രീസ്മാന് പകരം നബീല്‍ ഫേക്കിറിനെയം ഇറക്കിയിട്ടും ഗോള്‍ മാത്രം പിറന്നില്ല. ലക്‌സംബര്‍ഗിന്റെ 103 വര്‍ഷത്തെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഫ്രാന്‍സുമായി ആദ്യമായാണ് പരാജയമറിയാതിരിക്കുന്നത്.

ജയത്തോടെ മൂന്നാം സ്ഥാനത്തുള്ള ഹോളണ്ടിന് ഗ്രൂപ്പില്‍ 13 പോയന്റായി. 16 പോയന്റുമായി സ്വീഡനാണ് ഹോളണ്ടിന്റെ മുന്നില്‍ ഉള്ളത്. ഫ്രാന്‍സാണ് ഒന്നാമത്.