വഡൂസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയ്‌നിന് തകര്‍പ്പന്‍ ജയം. ലിഷ്റ്റന്‍സ്റ്റൈന്‍നെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് സ്‌പെയ്ന്‍ ചുരുട്ടിക്കെട്ടിയത്. രണ്ടു ഗോളുകള്‍ നേടുകയും ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്ത ആല്‍വാരോ മൊറാത്ത മത്സരം ആഘോഷമാക്കി. ഇയാഗോ ആസ്പാസ് രണ്ടും സെര്‍ജിയോ റാമോസ്, ഡേവിഡ് സില്‍വ , ഇസ്‌കോ എന്നിവര്‍ ഓരോ ഗോളും സ്‌പെയിനിനായി നേടി

ഗ്രൂപ്പ് ജി യില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ലിഷ്റ്റന്‍സ്‌റ്റൈന്‍ മത്സരത്തിലെ ഒരു ഘട്ടത്തില്‍ പോലും സ്‌പെയിനിന് വെല്ലുവിളി ഉയര്‍ത്തിയില്ല. മൂന്നാം മിനിറ്റില്‍ ഡേവിഡ് സില്‍വയെടുത്ത ഫ്രീ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസാണ് സ്‌പെയ്‌നിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 15-ാം മിനിറ്റില്‍ ഇനിയസ്റ്റയുടെ പാസ്സില്‍ നിന്ന് മൊറാത്ത ഗോള്‍ കണ്ടെത്തി. തൊട്ടടുത്ത മിനിറ്റില്‍ ഇസ്‌കോ നേടിയ ഗോളിനും മൊറാത്ത വഴിയൊരുക്കി. 39-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിക്ക് മുമ്പെ മത്സരഫലം ഏകദേശം തീരുമാനമായി. 

രണ്ടാം പകുതിയില്‍ ഇയാഗോ ആസ്പാസ് രണ്ട് ഗോളുകളള്‍ കണ്ടെത്തിയപ്പോള്‍ മൊറത്തയും ഗോള്‍നേട്ടം രണ്ടാക്കി ഉയര്‍ത്തി. 89-ാം മിനിറ്റില്‍ മാക്‌സ് ഗോപലിന്റെ സെല്‍ഫ് ഗോള്‍ കൂടി വന്നതോടെ സ്‌പെയിന്‍ 8-0ത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.  ജയത്തോടെ 22 പോയിന്റുമായി സ്പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.

അതേസമയം ഇസ്രായേലിനെ നേരിട്ട ഇറ്റലി ഏകഗോളിന്റെ വിജയം സ്വന്തമാക്കി. സിറോ ഇമോബൈലിന്റെ ഗോളാണ് മുന്‍ ലോക ചാംപ്യന്മാരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനിനോട് കനത്ത തോല്‍വി വഴങ്ങിയ അസൂറികള്‍ക്ക് ആശ്വാസവുമാവുന്നതായിരുന്നു ഈ വിജയം.  ജയത്തോടെ 19 പോയിന്റുള്ള ഇറ്റലി ഗ്രൂപ്പില്‍ സ്‌പെയിനിന് പിറകില്‍ രണ്ടാം സ്ഥാനത്താണ്