ഹാംബര്‍ഗ്: 2022 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ജര്‍മനി, നെതര്‍ലന്‍ഡ്, ക്രൊയേഷ്യ ടീമുകള്‍ക്ക് ജയം. എന്നാല്‍ വെയ്ല്‍സിനെ ചെക്ക് റിപ്പബ്ലിക്ക് സമനിലയില്‍ തളച്ചു. 

ജര്‍മനി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് റൊമാനിയയെയാണ് കീഴടക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ജര്‍മനി വിജയം നേടിയത്. സെര്‍ജിയോ നാബ്രിയും തോമസ് മുള്ളറും ജര്‍മന്‍ പടയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ഇയാനിസ് ഹാഗി റൊമാനിയയുടെ ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് ജെ യില്‍ ജര്‍മനി ഒന്നാം സ്ഥാനത്ത് തുടരുന്നു. റൊമാനിയ നാലാമതാണ്. 

നെതര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് ലാത്വിയയെ കീഴടക്കി. 19-ാം മിനിട്ടില്‍ ഡാവി ക്ലാസ്സെനാണ് നെതര്‍ലന്‍ഡിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ജി യില്‍ നെതര്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ലാത്വിയ അഞ്ചാം സ്ഥാനത്താണ്.

ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സൈപ്രസിനെയാണ് തകര്‍ത്തത്. സൂപ്പര്‍ താരം ഇവാന്‍ പെരിസിച്ച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍, മാര്‍ക്കോ ലിവാജ എന്നിവര്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോള്‍ നേടി. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 

ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ വെയ്ല്‍സിന് സമനിലപ്പൂട്ടുവീണു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി പിരിഞ്ഞു. ചെക്ക് റിപ്പബ്ലിക്കിനായി യാക്കൂബ് പെസെക്ക് ഗോള്‍ നേടിയപ്പോള്‍ ഡാനി വാര്‍ഡിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. വെയ്ല്‍സിനുവേണ്ടി ആരോണ്‍ റാംസിയും യുവതാരം ഡാനിയേല്‍ ജെയിംസും ലക്ഷ്യം കണ്ടു. ഈ സമനിലയോടെ ഗ്രൂപ്പ് ഇ യില്‍ ചെക്ക് റിപ്പബ്ലിക്ക് രണ്ടാം സ്ഥാനത്ത് തുടരുന്നു. വെയ്ല്‍സ് മൂന്നാമതാണ്. 

Content Highlights: World Cup qualifiers round up: Thomas Muller saves Germany, Netherlands edge past Latvia