ലണ്ടന്‍: ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്‍ ജര്‍മനിയും ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. ഇംഗ്ലണ്ട് സ്ലോവേനിയയെയും ജര്‍മനി വടക്കന്‍ അയര്‍ലന്‍ഡിനെയും തോല്‍പിച്ചാണ് ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യരായത്.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷം സ്ലോവേനിയയെ കഷ്ടിച്ച് തോല്‍പിച്ചാണ് ഇംഗ്ലണ്ട് റഷ്യയിലേയ്ക്കുള്ള ടിക്കറ്റെടുത്തത് സ്‌കോര്‍: 1-0. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ നായകന്‍ ഹാരി കെയ്നിന്റെ വകയായിരുന്നു ഗോള്‍. കൈല്‍ വാക്കറുടെ ഒരു ക്രോസാണ് കെയ്ന്‍ ഗോളിലേയ്ക്കും റഷ്യയിലേയ്ക്കും വഴിതിരിച്ചുവിട്ടത്.

ഗ്രൂപ്പ് എഫില്‍ ഒന്‍പത് കളികളില്‍ നിന്ന് 23 പോയിന്റുണ്ട് ഇംഗ്ലണ്ടിന്. രണ്ടാം സ്ഥാനത്തുള്ള സ്‌കോട്ട്ലന്‍ഡിനേക്കാള്‍ ആറ് പോയിന്റിന്റെ ലീഡുണ്ട് അവര്‍ക്ക്. ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയ സ്ലോവേനിയ നാലാം സ്ഥാനത്താണ്.

ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ വടക്കന്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ചാമ്പ്യന്മാരായ ജര്‍മനി ഒരിക്കല്‍ക്കൂടി ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യത നേടിയത്. രണ്ടാം മിനിറ്റില്‍ സെബാസ്റ്റിയന്‍ റൂഡിയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. ഇരുപത്തിയൊന്നാം മിനിറ്റില്‍ വാഗ്നര്‍ ലീഡുയര്‍ത്തി. 86-ാം മിനിറ്റില്‍ കിമ്മിച്ച് പട്ടിക തികയ്ക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റില്‍ ജോഷ് മാഗെന്നിസിന്റെ വകയായിരുന്നു അയര്‍ലന്‍ഡിന്റെ ആശ്വാസഗോള്‍.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡ് സ്ലോവാക്യയളെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു.

ഗ്രൂപ്പ് സിയില്‍ ഒന്‍പത് കളികളില്‍ നിന്ന് 27 പോയിന്റുണ്ട് ഒന്നാം സ്ഥാനക്കാരായ ജര്‍മനിക്ക്. രണ്ടാം സ്ഥാനക്കാരായ വടക്കന്‍ അയര്‍ലന്‍ഡിന് 19 മാത്രവും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വെ സാന്‍ മാരിനോയെ മടക്കമില്ലാത്ത എട്ട് ഗോളിന് നാണംകെടുത്തി. യോഗ്യതാ റൗണ്ടിലെ എല്ലാ കളികളും തോറ്റവര്‍ എന്ന നാണക്കേട് സ്വന്തമായ സാന്‍ മാരിനോ വഴങ്ങുന്ന 46-ാം ഗോളായിരുന്നു ഇത്.

യൂറോപ്പ്യന്‍ മേഖലയിലെ മറ്റ് മത്സരങ്ങളില്‍ ഡെന്‍മാര്‍ക്ക് മോണ്ടെനെഗ്രോയെയും (1-0) ഗ്രൂപ്പ് ഇ യില്‍ റുമാനിയ കസാക്കിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളിനും ചെക്ക് റിപ്പബ്ലിക് അസര്‍ബൈജാനെ ഒന്നിനെതിരെ രണ്ട് ഗോളിനും ഗ്രൂപ്പ് ഇ യില്‍ പോളണ്ട് അര്‍മേനിയയെ ഒന്നിനെതിരെ ആറ് ഗോളിനും തോല്‍പിച്ചു. പോളണ്ട് 22 പോയിന്റുമായി ഗ്രൂപ്പ് ഇയില്‍  ഒന്നാം സ്ഥാനത്താണെങ്കിലും ഫൈനല്‍ ടിക്കറ്റിന് ഇനിയും കാത്തിരിക്കണം. രണ്ടാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് അവര്‍ക്കുള്ളത്. എന്നാല്‍, മികച്ച ഗോള്‍ശരാരിയുടെ ആനുകൂല്യമുണ്ട് അവര്‍ക്ക്. ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമാണ് ഇരു കൂട്ടര്‍ക്കും.