വെംബ്ലി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അല്‍ബേനിയക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക്കുമായി (18, 33, 45+1) തിളങ്ങിയ മത്സരത്തില്‍ ഹാരി മഗ്വെയറും (9) ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും (28) ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. 

സ്വന്തം മൈതാനത്ത് അല്‍ബേനിയയെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് യൂറോ കപ്പ് റണ്ണറപ്പുകള്‍ പുറത്തെടുത്തത്.

അതേസമയം ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. നിര്‍ണായക മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ സില്‍വാന്‍ വിഡ്മറിലൂടെ സ്വിസ് ടീമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 36-ാം മിനിറ്റില്‍ ഇന്‍സിഗിനിയുടെ ഫ്രീകിക്കില്‍ നിന്ന് ഹെഡറിലൂടെ ജിയോവാന്നി ഡി ലോറെന്‍സോ ഇറ്റലിയുടെ സമനില ഗോള്‍ നേടി. 

എന്നാല്‍ മത്സരം തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇറ്റലിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചതാണ്. പക്ഷേ കിക്കെടുത്ത ജോര്‍ജീന്യോയ്ക്ക് പന്ത് വലയിലെത്തിക്കാന്‍ സാധിക്കാതിരുന്നതോടെ ഇറ്റലി ജയം കൈവിടുകയായിരുന്നു.

ഇതോടെ ഗ്രൂപ്പ് സിയില്‍ ഇറ്റലിക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും 15 പോയന്റ് വീതമായി. എങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇറ്റലിയാണ് മുന്നില്‍.

Content Highlights: world cup qualification harry kane scores hat trick england beat albania italy held by switzerland