ബെർലിൻ: ജർമൻ ക്ലബ്ബ് എഫ്.സി ബയറൺ മ്യൂണിക്കിന്റെ പുതിയ സഹപരിശീലകനായി ജർമനിയുടെ ലോകകപ്പ് താരം മിറോസ്ലാവ് ക്ലോസെ. ജൂലൈ ഒന്നു മുതലാണ് ക്ലോസെയുടെ കരാർ. ഹാൻസി ഫ്ളിക്കാണ് ബയറൺ മ്യൂണിക്കിന്റെ പരിശീലകൻ.

ബയറൺ മ്യൂണിക്കിനെ അവരുടെ ലക്ഷ്യങ്ങളിലെത്തിക്കാൻ തന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കരാറൊപ്പിട്ട ശേഷം ക്ലോസെ വ്യക്തമാക്കി. ജർമനിയുടെ ദേശീയ ടീമിൽ ഹാൻസി ഫ്ളിക്കും ക്ലോസെയും ഒരുമിച്ചു പ്രവർത്തിച്ചവരാണ്. ഫ്ളിക്കിനെ വർഷങ്ങളായി അറിയാമെന്നും ഇരുവരും പരസ്പരം വിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണെന്നും ക്ലോസെ പറയുന്നു.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ ക്ലോസെ ജർമനിയുടെ അണ്ടർ-17 ടീമിന്റെ പരിശീലകനായിരുന്നു. ബുണ്ടസ്​ലീഗയിൽ ബയറൺ മ്യൂണിക്കിന്റെ അണ്ടർ-17 ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. 2007 മുതൽ 2011 വരെ ബയറൺ മ്യൂണിക്കിന്റെ താരവുമായിരുന്നു ക്ലോസെ.

Content Highlights: World Cup legend Miroslav Klose appointed assistant coach of Bayern Munich