പാരീസ്‌: അടുത്ത വര്‍ഷം ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലൂടെ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന സൂചന നല്‍കി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. ഖത്തറിലേത് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് നെയ്മര്‍ അറിയിച്ചു. 

ഖത്തര്‍ ലോകകപ്പിനുശേഷം ഫുട്‌ബോള്‍ കളിക്കാനുള്ള കരുത്ത് ഉണ്ടാകുമോ എന്ന കാര്യം സംശയമാണെന്നും അടുത്ത ലോകകപ്പില്‍ കിരീടം നേടുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും നെയ്മര്‍ പറഞ്ഞു. 

' ഖത്തറിലേത് എന്റെ അവസാന ലോകകപ്പായിരിക്കും. രാജ്യത്തിനുവേണ്ടി കിരീടം നേടാന്‍ എന്റെ പരമാവധി ഞാന്‍ ശ്രമിക്കും. എന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണത്. ലോകകപ്പിനുശേഷം കളിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്നറിയില്ല.' -നെയ്മര്‍ പറഞ്ഞു. 

ബ്രസീലിന് വേണ്ടി രണ്ട് ലോകകപ്പുകളില്‍ പന്തുതട്ടിയ നെയ്മര്‍ രാജ്യത്തിനായി ഏറ്റവുമധികം ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ്. 29 കാരനായ നെയ്മര്‍ 2010 ലാണ് ബ്രസീലിനായി അരങ്ങേറിയത്. 114 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളാണ് താരം നേടിയത്. നിലവില്‍ പി.എസ്.ജിയ്ക്ക് വേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്. ബ്രസീലിനൊപ്പം 2013 കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടം നേടിയ നെയ്മര്‍ ടീമിനുവേണ്ടി ഒളിമ്പിക് സ്വര്‍ണവും നേടി. 

Content Highlights: World Cup In 2022 Will Be My Last, Says Brazil's Neymar