ബ്രസീലിയ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും വിജയം. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന തോല്‍പ്പിച്ചപ്പോള്‍ യുറുഗ്വായ്‌ക്കെതിരേ 4-1നായിരുന്നു ബ്രസീലിന്റെ വിജയം. 

അമസോണിയ അരീനയില്‍ നടന്ന മത്സരത്തിന്റെ പത്താം മിനിറ്റില്‍ നെയ്മര്‍ ബ്രസീലിന് ലീഡ് നല്‍കി. ഫ്രെഡിന്റെ പാസ് സ്വീകരിച്ചായിരുന്നു നെയ്മറിന്റെ ഗോള്‍. 18-ാം മിനിറ്റില്‍ റഫീന ലീഡ് ഇരട്ടിയാക്കി. 58-ാം മിനിറ്റില്‍ റഫീന വീണ്ടും ലക്ഷ്യം കണ്ടു. 83-ാം മിനിറ്റില്‍ ഗബിഗോളിലൂടെ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കി. ലൂയി സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോള്‍ നേടിയത്.

ഈ വിജയത്തോടെ യോഗ്യതാ റൗണ്ടില്‍ 11 മത്സരങ്ങളില്‍ ബ്രസീലിന് 31 പോയിന്റായി. ഇനി ഒരു മത്സരം കൂടി വിജയിച്ചാല്‍ യോഗ്യത നേടാം.

പെറുവിനെതിരേ അര്‍ജന്റീനയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തിന്റെ ആദ്യ പകുതിയിലാണ് വിജയഗോള്‍ വന്നത്. 43-ാം മിനിറ്റില്‍ ലൗട്ടാരൊ മാര്‍ട്ടിനെസ് ആണ് ഗോള്‍ കണ്ടെത്തിയത്. മൊളീനയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഇന്റര്‍മിലാന്‍ താരമായ മാര്‍ട്ടിനെസിന്റെ ഗോള്‍. അര്‍ജന്റീനയുടെ തോല്‍വി അറിയാത്ത തുടര്‍ച്ചയായ 25-ാം മത്സരമായിരുന്നു ഇത്. 11 മത്സരങ്ങളില്‍ അര്‍ജന്റീനയ്്ക്ക് 25 പോയിന്റാണുള്ളത്. അര്‍ജന്റീന രണ്ടാം സ്ഥാനത്തും 11 പോയിന്റ് മാത്രമുള്ള പെറു ഒമ്പതാം സ്ഥാനത്തുമാണ്. 

Content Highlights: World Cup Football Qualifying Round Brazil Argentina